ഇന്ധന വില; കേന്ദ്രത്തിന്റെ തന്ത്രത്തിനു കേരളത്തിന്റെ മറുപടി എന്തായിരിക്കും?

സംസ്ഥാനം ഈടാക്കുന്ന മൂല്യവര്‍ദ്ധിത നികുതിയില്‍ കുറവ് വരുത്താന്‍ ഇടയില്ല
 
 
petrol price
കഴിഞ്ഞ ആറു വര്‍ഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റുകള്‍ വര്‍ധിപ്പിച്ചിട്ടില്ലെന്നാണ് ധനമന്ത്രി പറയുന്നത്‌
 

ദിനംപ്രതി ഉയരുന്ന ഇന്ധന വിലയ്‌ക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ ഗൗരവമായി കാണേണ്ടതുണ്ടെന്ന് ഒടുവില്‍ കേന്ദ്രസര്‍ക്കാരിന് ബോധ്യമായത് കഴിഞ്ഞദിവസം പുറത്തു വന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളാണ്. ഉത്തര്‍പ്രദേശ്, ഗോവ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്, ഇവിടങ്ങളില്‍ ഭരണം നിലനിര്‍ത്തണമെന്ന ആഗ്രഹത്തിന് വിലങ്ങു തടിയാകാന്‍ ഇന്ധന വിലമൂലമുള്ള ജനരോഷം കാരണമാകുമെന്ന തിരിച്ചറിവ് കേന്ദ്രസര്‍ക്കാരിനുണ്ടായിട്ടുണ്ട്. പോരാത്തതിന് ബിജെപിക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയരുന്നു. ഈയൊരു സാഹചര്യത്തില്‍ രാഷ്ട്രീയലാഭം കണക്കാക്കി തന്നെയാണ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്‌സൈസ് നികുതി യഥാക്രമം അഞ്ചു രൂപയും പത്തുരൂപയും കുറച്ച് വലിയൊരു സര്‍പ്രൈസ് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കേന്ദ്രം നികുതി കുറയ്ക്കുന്നതോടെ സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും. ഇതോടെ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ഇന്ധന വിലയില്‍ കാര്യമായ കുറവ് പ്രത്യക്ഷത്തില്‍ വന്നിരിക്കുന്നതായുള്ള ചര്‍ച്ച ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ കഴിയും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധന വില ഏഴു രൂപ വീതം കുറയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നതിനു പിന്നിലും തെരഞ്ഞെടുപ്പ് വിജയമാണ് ലക്ഷ്യം. മാത്രമല്ല, പ്രതിപക്ഷം അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ഇനി ഇന്ധന വിലയുടെ പേരില്‍ വാദപ്രതിവാദങ്ങള്‍ക്ക് ബിജെപിക്ക് വഴിയൊരുങ്ങുകയും ചെയ്യും.

ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താമെന്നും അതുവഴി വിലക്കയറ്റം പിടിച്ചു നിര്‍ത്താമെന്നതും കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പ്രതിരോധ തന്ത്രമായിരുന്നു. എന്നാല്‍, ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുകയല്ല, കേന്ദ്ര നികുതി കുറയ്ക്കുകയാണ് വേണ്ടതെന്നായിരുന്നു കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം. ഫലത്തില്‍ ഇപ്പോള്‍ വിജയിച്ചിരിക്കുന്നതും അതേ ആവശ്യമാണ്. കേന്ദ്രം ഉയര്‍ന്ന നികുതി ഈടാക്കുന്നത് തന്നെയാണ് ഇന്ധന വില വര്‍ദ്ധനവിന്റെ പ്രധാനകാരണമെന്ന വിമര്‍ശനത്തിലും കഴമ്പുണ്ടെന്ന് ഇന്നലത്തെ ഇളവ് പ്രഖ്യാപനം വ്യക്തമാക്കുന്നുണ്ട്. 2014 ല്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും കേന്ദ്ര നികുതിയുണ്ടായിരുന്നത് 2021 ല്‍ എത്തുമ്പോള്‍ യഥാക്രമം 32.90 രൂപയും 31.80 രൂപയും ആയാണ് കുതിച്ചുയര്‍ന്നത്. ഇന്ന് മുതല്‍ പെട്രോളിനും ഡീസലിനും അഞ്ചും പത്തും രൂപ വീതം കുറയുമ്പോഴും കേന്ദ്രത്തിന് ഇന്ധന വിലയില്‍ നിന്നുള്ള നികുതി വരുമാനത്തില്‍ കാര്യമായ യാതൊരു കോട്ടവും വന്നിട്ടില്ലെന്നതാണ് സത്യം. പെട്രോളിനു മേല്‍ മൂന്നിരിട്ടിയും ഡീസിലനു മേല്‍ ആറിരട്ടിയും നികുതിവരുമാനം കേന്ദ്രത്തിന് ഈടാക്കാന്‍ കഴിയും. പക്ഷേ ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ചകള്‍ ഇതുവരെ ഉയര്‍ന്നിട്ടില്ല.

ഇന്ധനവിലയില്‍ കുറവ് വരുത്താന്‍ തയ്യാറെടുക്കുന്ന കേരളവും പ്രധാനമായി ചൂണ്ടിക്കാണിക്കുന്നൊരു വസ്തുത ഇപ്പോഴത്തെ ഇളവ് പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കേന്ദ്രസര്‍ക്കാര്‍ സൂത്രം മാത്രമാണെന്നാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു ലിറ്റര്‍ ഡിസലിനും പെട്രോളിനും മേല്‍ 30 രൂപയിലധികം പ്രത്യേക നികുതിയും സെസും കേന്ദ്ര ഗവണ്‍മെന്റ് ചുമത്തിയിട്ടുണ്ടെന്നും സംസ്ഥാനങ്ങള്‍ക്ക് വീതം വയ്‌ക്കേണ്ടതില്ലാത്ത ഈ നികുതി വരുമാനം പെട്രോളിയത്തിന്റെ അന്തര്‍ദേശീയ വിലവ്യതിയാനങ്ങളുമായി ബന്ധമില്ലാതെ കേന്ദ്രം ചുമത്തുന്ന അധിക നികുതിയാണെന്നുമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവിലുള്ള കേന്ദ്ര നികുതിയ്ക്കു പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം ഈടാക്കുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റര്‍ ഡീസലില്‍ നിന്നും പെട്രോളില്‍ നിന്നും അടിയന്തരമായി കുറയ്ക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. 

അതേസമയം, കേന്ദ്രം നികുതി കുറച്ചതുപോലെ സംസ്ഥാന നികുതിയില്‍ പ്രത്യേകമായ കുറവ് വരുത്തേണ്ടെന്നാണ് കേരളത്തിന്റെ തീരുമാനമെന്ന് അറിയുന്നു. കേന്ദ്രം നികുതി കുറയ്ക്കുന്നതിന്റെ ആനുപാതികമായി സംസ്ഥാനത്തും ഇന്ധനവിലയില്‍ കുറവ് വരുന്നതിന്റെ അപ്പുറത്തേക്ക് മറ്റൊരു നീക്കവും ഉണ്ടാകില്ലെന്ന് സാരം. പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വര്‍ഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റുകള്‍ വര്‍ധിപ്പിച്ചിട്ടില്ലെന്നും, അതുകൂടാതെ ഇക്കാലയളവില്‍ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നുമാണ് ധനമന്ത്രി പറയുന്നത്. ഇപ്പോള്‍ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളിലൂടെ തന്നെ വലിയ വരുമാ നഷ്ടം കേരളത്തിനുണ്ടാകും. പെ്‌ട്രോളിന് എക്‌സൈസ് നികുതിയിനത്തില്‍ അഞ്ചു രൂപ കുറയുന്നതിലൂടെ സംസ്ഥാനത്തിന് പ്രതിദിനം അറുപത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാകും. ഡീസലിന്റെ കാര്യത്തിലാണെങ്കില്‍ പ്രതിദിന നഷ്ടം 1.20 കോടിയും. രണ്ടും കൂടി കൂട്ടിയാല്‍ ഇന്ധന വിലയില്‍ വരുത്തിയിരിക്കുന്ന ഇളവിലൂടെ ഒരു കോടി എണ്‍പത് ലക്ഷം രൂപയാണ് ഒരു ദിവസം സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം. അതുകൊണ്ട് തന്നെ ഇന്ധന വിലയില്‍ ഈടാക്കുന്ന വാറ്റില്‍ കുറവ് വരുത്താന്‍ കേരളം തയ്യാറാകില്ല. ഇന്ധനത്തിന്റെ അടിസ്ഥാന വിലയും കേന്ദ്ര നികുതിയും മറ്റ് ചെലവുകളും കൂട്ടികിട്ടുന്ന തുകയ്ക്ക് മുകളിലായാണ് സംസ്ഥാനങ്ങള്‍ വാറ്റ് ഈടാക്കുന്നത്. കേന്ദ്രസര്‍ക്കാരിനു പിന്നാലെ ഒമ്പത് സംസ്ഥാനങ്ങള്‍ വാറ്റ് നികുതിയില്‍ കുറവ് വരുത്തിയിട്ടുണ്ട്. ആ സംസ്ഥാനങ്ങളൊക്കെ തന്നെയും ബിജെപി ഭരിക്കുന്നവയാണ്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, അസം, ത്രിപുര, മണിപ്പൂര്‍ എന്നിവയാണ് നികുതിയില്‍ കുറവ് വരുത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റെ ഇളവിനു പുറമെ പെട്രോളിനും ഡീസലിനും 12 രൂപ വീതമാണ് മൂല്യനികുതിയില്‍ ഉത്തര്‍പ്രദേശ് കുറവ് വരുത്തിയിരിക്കുന്നത്. അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ എന്നിവ ഏഴുരൂപ വീതം കുറവ് വരുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡ് പെട്രോളിനുമേലുള്ള വാറ്റില്‍ രണ്ടുരൂപ കുറവ് വരുത്തിയിട്ടുണ്ട്.ബിഹാറും സംസ്ഥാന നികുതിയില്‍ കുറവ് വരുത്തിയിട്ടുണ്ട് പെട്രോളിനു 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് കുറച്ചിരിക്കുന്നത്. കേരളം ഇത്തരത്തിലൊരു പാത പിന്തുടരാന്‍ സാധ്യതയില്ലാത്തപക്ഷം ബിജെപിയുടെ ഉള്‍പ്പെടെ പ്രതിഷേധം പ്രതീക്ഷിക്കാം.