ടിക് ടോക് സൗഹൃദം മുതലെടുത്ത് കൂട്ടബലാത്സംഗം; രണ്ടുപേര്‍ കൂടി പിടിയില്‍

 
Sexual Abuse

ടിക് ടോകിലൂടെ പരിചയപ്പെട്ട കൊല്ലം സ്വദേശിനിയെ ചേവായൂരിലെ ഫ്‌ളാറ്റില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ് എന്നിവരെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂട്ടുപ്രതികളായ കോളിയോട്ടുതാഴം കവലയില്‍ മിത്തല്‍ വീട്ടില്‍ അജ്നാസ് കെ.എ, ഇടത്തില്‍താഴം നെടുവില്‍ പൊയില്‍ വീട്ടില്‍ ഫഹദ് എന്‍.പി എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.

ടിക് ടോക് വഴി പരിചയപ്പെട്ട 32കാരിയെ പ്രേമം നടിച്ച് അജ്നാസാണ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയത്. ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോട്ടെത്തിയ യുവതിയെ അജ്നാസും ഫഹദും കൂടി ഫഹദിന്റെ കാറില്‍ ഫ്ളാറ്റിലെത്തിച്ചു. അജ്നാസ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം അടുത്ത റൂമില്‍ കാത്തിരിക്കുകയായിരുന്ന മൂന്നും നാലും പ്രതികളെ റൂമിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ഇവര്‍ യുവതിക്ക് ബലമായി മദ്യവും ലഹരിവസ്തുക്കളും നല്‍കിയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. 

ക്രൂരമായ ബലാത്സംഗത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അബോധാവസ്ഥയിലായ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം പ്രതികള്‍ കടന്നുകളഞ്ഞു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. മെഡിക്കല്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ലോഡ്ജില്‍ വ്യാപകമായി യുവതികളും വിദ്യാര്‍ഥികളും എത്തിയിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ടും ഇന്ന് ലഭിക്കും.