'പിണറായി രാജാവ്'; സതീശന്‍ സര്‍ക്കാരിന്റെ അടുത്തയാള്‍, പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍

 
d

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്‌തെന്ന പ്രതിപക്ഷ നേതാവിന്റെആരോപണത്തിന് മറുപടി അര്‍ഹിക്കുന്നില്ല. സര്‍ക്കാരിന്റെ അടുത്തയാളാണ് അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനെ 'രാജാവെ'ന്ന് വിശേഷിപ്പിച്ച ഗവര്‍ണര്‍, സതീശന്‍ രാജാവിനോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കട്ടെയെന്നും പറഞ്ഞു. 

തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണെന്ന് പറഞ്ഞ ഗവര്‍ണര്‍ രാജ്യത്തിന്റെ യശ്ശസിനെ ബാധിക്കുന്ന ഒരു കാര്യവും താന്‍ വെളിപ്പെടുത്തില്ലെന്നും ആവര്‍ത്തിച്ചു. രാജ്യത്തിന്റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ട്. വളരെ വളരെ ഗുരുതരമായ കാര്യങ്ങളുണ്ടെന്നും പക്ഷെ മര്യാദ കാരണം പറയുന്നില്ലെന്നും അത്തരം കാര്യങ്ങള്‍ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും ഡി ലിറ്റിന് ശുപാര്‍ശ ചെയ്തോയെന്ന് ഗവര്‍ണറോ സര്‍വകലാശാലയോ പറയുന്നില്ല. നിയമപരമായല്ല ഗവര്‍ണര്‍ ഇക്കാര്യം വിസിയോട് ആവശ്യപ്പെട്ടത്. ചെവിയില്‍ പറയുകയല്ല വേണ്ടത്. അതിന് നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണമായിരുന്നു. ഗവര്‍ണര്‍ ചാന്‍സലര്‍ പദവിയില്‍ ഇരുന്ന് നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കില്‍ നിയമപരമായ വഴി തേടേണ്ടിവരുമെന്നും' വി.ഡി സതീശന്‍ പറഞ്ഞിരുന്നു.

ഇക്കാര്യത്തില്‍  കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമില്ല, കണ്ണൂര്‍ വിസി നിയമനം നടന്നത് നിയമവിരുദ്ധമായാണ്. അക്കാര്യത്തില്‍ രണ്ടു കത്തുകള്‍ എഴുതി നിയമവിരുദ്ധമായി ഇടപെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം. സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തെന്ന് ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ടെന്നും അങ്ങനെയുള്ള ഗവര്‍ണറെ പ്രതിപക്ഷം വിമര്‍ശിക്കുമെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്.

ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഉപയോഗിച്ച് വിസിയുടെ രാജി ആവശ്യപ്പെടുകയോ അല്ലെങ്കിലും നിയമനം റദ്ദാക്കുകയോ ചെയ്യണമായിരുന്നു. ഇതൊന്നും ചെയ്യാതെ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. നിയമപരമായി പ്രവര്‍ത്തിക്കാന്‍ തയാറാകാത്ത ഗവര്‍ണര്‍ സര്‍ക്കാരിനെ സഹായിക്കുകയാണ്. ചാന്‍സലറുടെ അധികാരം ഉപയോഗിച്ചാല്‍ വിസി പുറത്താകും. എന്നാല്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ തയാറാകാത്തതിനാലാണ് ചാന്‍സലര്‍ പദവി വേണ്ടെന്നു ഗവര്‍ണര്‍ പറയുന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചു.

സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ തുടരില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ചത്. പദവിയില്‍ തുടരാനാകാത്ത ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. എന്നെ ആര്‍ക്കും വിമര്‍ശിക്കാം. ഞാന്‍ സ്വയം വിമര്‍ശനം നടത്താറുള്ളൊരാളാണ്. സംവാദങ്ങള്‍ ഉണ്ടാവേണ്ടത് ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം,' ഗവര്‍ണര്‍ പറഞ്ഞു. അസ്വാഭാവികമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും സാഹചര്യം അതീവ ഗുരുതരമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഡി ലിറ്റ് വിവാദത്തില്‍ സര്‍വകലാശാല ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതിന്റെ രേഖ പുറത്തുവന്നിരുന്നു. നവംബര്‍ 3ന് തന്നെ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കിയിരുന്നതായി രേഖയില്‍ പറയുന്നുണ്ട്.  നടി ശോഭന ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കാലടി സര്‍വകലാശാലയില്‍ ഡി ലിറ്റ് നല്‍കാനുള്ള ശുപാര്‍ശയ്ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു. കൂടാതെ, കേരള സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനും അദ്ദേഹം താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍ കേരള സര്‍വകലാശാല അതിന് വിസമ്മതിക്കുകയായിരുന്നു. സാധാരണ നിലയില്‍ ഓണററി ഡി ലിറ്റ് നല്‍കേണ്ടവരുടെ പേര് സിന്‍ഡിക്കേറ്റ് യോഗത്തില്‍ വി.സിയാണ് വെക്കാറ്. ചാന്‍സലര്‍ ശിപാര്‍ശ ചെയ്തെങ്കില്‍ അതും പറയാം. സിന്‍ഡിക്കേറ്റും പിന്നെ സെനറ്റും അംഗീകരിച്ച് ഗവര്‍ണറുടെ അനുമതിയോടെയാണ് ഡി ലിറ്റ് നല്‍കാറുള്ളത്. ഇവിടെ രാഷ്ട്രപതിക്കുള്ള ഡി ലിറ്റ് തടഞ്ഞുവെന്നാണ് ആരോപണം. എന്നാല്‍ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തിയിരുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞിരുന്നു.