സിലബസ് വിവാദം: വൈവിധ്യങ്ങളാണ് ഇന്ത്യയുടെ കരുത്ത്; എല്ലാ ആശയങ്ങളും പഠിപ്പിക്കണം: ഗവര്‍ണര്‍

 
Governor Arif Mohammed Khan

വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്നം

കണ്ണൂര്‍ സര്‍വ്വകലാശാലാ സിലബസ് വിവാദത്തില്‍ പ്രതികരണവുമായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല നടപടിയെ അദ്ദേഹം ന്യായീകരിച്ചു. വൈവിധ്യങ്ങളാണ് ഇന്ത്യയുടെ കരുത്ത്. വ്യത്യസ്തമായ ആശയങ്ങള്‍ പഠനവിധേയമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കണം. പഠിച്ചശേഷം വിദ്യാര്‍ഥികള്‍ സംവാദങ്ങളില്‍ ഏര്‍പ്പെടണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. 

എല്ലാ തരത്തിലുള്ള ചിന്തകളെയും പഠനവിധേയമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകണം. എങ്കിലേ ചിന്താശേഷി വികസിക്കുകയും അവര്‍ നവീനമായ ആശയങ്ങളിലേക്ക് എത്തുകയും ചെയ്യുകയുള്ളൂ. അത്തരം നവീന ആശയങ്ങളുള്ളവര്‍ക്കേ ലോകത്തിന്റെ പുരോഗതിയില്‍ സംഭാവനകള്‍ നല്‍കാനാകൂ. ഇത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്നം. കാര്യങ്ങള്‍ പഠിച്ചശേഷം ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്നതാണ് ശരിയായ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാല എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതാണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളുള്ള കൃതികള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയത് കാവിവത്കരണമാണെന്ന വാദമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. സര്‍വകലാശാലാ പാഠ്യപദ്ധതി കാവിവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണെന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെ ആരോപിക്കുന്നത്.  

വിഷയം വിവാദമായതോടെ, ഇതേക്കുറിച്ച് പഠിച്ച് മാറ്റം നിര്‍ദേശിക്കാന്‍ രണ്ടംഗ വിദഗ്ധസമിതിയെ നിയോഗിച്ചതായി വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അറിയിച്ചു. കേരള സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രഭാഷ്, കാലിക്കറ്റ് സര്‍വകലാശാലയിലെ റിട്ട. പ്രൊഫസര്‍ ഡോ. കെ.വി പവിത്രന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. അഞ്ചുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിലബസ് മരവിപ്പിക്കുന്നില്ലെന്നും സമിതിയുടെ നിര്‍ദേശമനുസരിച്ച് മാറ്റംവരുത്തുമെന്നും ഡോ. ഗോപിനാഥ് വ്യക്തമാക്കി.