'ഹരിത': സ്വഭാവിക നീതി കിട്ടിയില്ലെന്ന് ഫാത്തിമ തഹ്‌ലിയ; ചര്‍ച്ചയ്ക്കുള്ള വാതില്‍ അടച്ചിട്ടില്ലെന്ന് മുനീര്‍

 
Fathima Thahliya

കാണാമറയത്ത് ഇരിക്കുന്ന ഒരുപാട് പെണ്‍കുട്ടികളുടെ ശബ്ദമാണ് ഹരിത

ഹരിത വിഷയത്തില്‍ സ്വഭാവിക നീതി കിട്ടിയില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. പാര്‍ട്ടി നേതാക്കള്‍ നടപടിയെടുക്കാത്തതുകൊണ്ടാണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്. പരാതി നല്‍കിയവരെയും തന്നെയും വ്യക്തിഹത്യ ചെയ്യുകയാണ്. ഹരിത മുസ്ലീം ലീഗിന് തലവേദനയാണെന്ന പരാമര്‍ശങ്ങള്‍ വേദന ഉണ്ടാക്കുന്നു. കാണാമറയത്ത് ഇരിക്കുന്ന ഒരുപാട് പെണ്‍കുട്ടികളുടെ ശബ്ദമാണ് ഹരിത. എംഎസ്എഫിനെ പോലും പല കാമ്പസുകളിലും നയിക്കുന്നത് ഹരിതയാണ്. സ്ത്രീപക്ഷത്തുനിന്ന് സംസാരിക്കാന്‍ സംഘടനയ്ക്ക് സാധിച്ചെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു. 

ഹരിതയുടെ സംസ്ഥാന ഭാരവാഹികളാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. പാര്‍ട്ടി വേദികളിലും വനിതാ കമ്മീഷനു മുന്നിലും മാത്രമാണ് അവര്‍ കാര്യങ്ങള്‍ പറഞ്ഞത്. അത്രമാത്രം സംഘടനയെ വിശ്വസിക്കുന്ന ആളുകളാണ്. പി.കെ നവാസ് ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരായ പരാതി ലീഗിനും എംഎസ്എഫ് ദേശീയ കമ്മിറ്റിക്കും നല്‍കിയിരുന്നു. ദേശീയ കമ്മിറ്റി റിപ്പോര്‍ട്ട് ലീഗ് നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു. ഓരോ ലീഗ് നേതാക്കളെയും നേരിട്ടുകണ്ട് പരാതി ബോധിപ്പിച്ചു. പിഎംഎ സലാമിനെ പരാതി ഏല്‍പ്പിച്ചു എന്നാണ് കിട്ടിയ വിശദീകരണം. 

എഎസ്എഫ് സംസ്ഥാന ഭാരവാഹികളുടെ യോഗം വിളിച്ച് വിശദീകരണം തേടി. 'ഹരിത' പ്രവര്‍ത്തകര്‍ പറഞ്ഞതും ലീഗ് കേട്ടു. താന്‍ കൂടി ഉള്‍പ്പെട്ട വേദിയിലാണ് വാദങ്ങള്‍ കേട്ടത്. നിരന്തരമായ അസ്വസ്ഥത കാരണമാണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്. പാര്‍ട്ടി വേദിയില്‍ പറഞ്ഞിട്ട് നടപടി വൈകിയതില്‍ മാത്രമാണ് വനിതാ കമ്മീഷനെ സമീപിച്ചത്. അതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഇപ്പോഴും വ്യക്തിഹത്യ നടത്തുന്നു. പ്രയാസങ്ങളില്‍ലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോഴും പാര്‍ട്ടിയില്‍ പ്രതീക്ഷയുണ്ട്. സഹിക്കുന്നതിന്റെ അങ്ങേയറ്റം സഹിച്ചു. രണ്ടാഴ്ച കാത്തിരിക്കാന്‍ ലീഗ് നേതൃത്വം പറഞ്ഞു. 

മുസ്ലീം ലീഗ് അന്ത്യ ശാസനം നല്‍കിയിട്ടില്ല. പാര്‍ട്ടിയില്‍ വിശ്വാസം ഇല്ലാത്തതു കൊണ്ടല്ല വനിതാ കമ്മീഷനില്‍ പോയത്. പരാതി നല്‍കിയതില്‍ അച്ചടക്ക ലംഘനം ഇല്ല. കമ്മീഷന് മുന്നില്‍ പോയത് തെറ്റാണെന്ന് ഒരു നേതാവും പറയില്ല. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയവര്‍ക്ക് കിട്ടിയ സ്വാഭാവിക നീതി ഹരിതയ്ക്ക് കിട്ടാത്തതില്‍ വേദനയുണ്ട്. ഹരിത മരവിപ്പിച്ച നടപടിയില്‍ സങ്കടം ഉണ്ടെന്നും ഫാത്തിമ പറഞ്ഞു. ഹരിതയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി കൂടിയാണ് ഫാത്തിമ. 

അതേസമയം, ഹരിതയിലെ പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്കുള്ള വാതില്‍ അടച്ചിട്ടില്ലെന്ന് എം.കെ മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു. എംഎസ്എഫ് നേതാക്കള്‍ ഉപയോഗിച്ച ഭാഷ ശരിയല്ല. അതിന്റെ ഗുണം കിട്ടിയത് ശത്രുകള്‍ക്കാണ്. ഹരിത കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമായിരുന്നു. ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കാവുന്നതാണ്. പി.കെ നവാസിന്റെ വാക്കുകള്‍ക്ക് അടിവരയിടേണ്ട കാര്യം തനിക്കില്ല. ചര്‍ച്ചകള്‍ക്കുള്ള വാതായനം തുറന്നിട്ടിരിക്കുന്നുവെന്നും മുനീര്‍ പറഞ്ഞു.