രണ്ടു തവണ ചര്‍ച്ച നടത്തിയിരുന്നു; ഉമ്മന്‍ചാണ്ടി മുന്നോട്ടുവെച്ച പേരുകള്‍ ഉയര്‍ത്തിക്കാട്ടി സുധാകരന്‍

 
K Sudhakaran

ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിയ വാദങ്ങള്‍ അസത്യം, വാസ്തവ വിരുദ്ധം, തെറ്റ്

സംസ്ഥാനത്ത് ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെയുയര്‍ന്ന പ്രതികരണങ്ങളില്‍ മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പ്രതിഷേധങ്ങള്‍ താരതമ്യേനെ കുറവാണ്. ജനാധിപത്യ ചര്‍ച്ച നടക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഭിന്നാഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച ഉമ്മന്‍ ചാണ്ടിയുടെ നിലപാടില്‍ വിഷമമുണ്ട്. രണ്ടു തവണ ചര്‍ച്ച നടത്തിയിരുന്നു. അങ്ങനെ അദ്ദേഹം പറയാന്‍ പാടില്ലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി നല്‍കിയ പേരുകളുളള ഡയറി ഉയര്‍ത്തിക്കാട്ടി സുധാകരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

രണ്ട് തവണ ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. അദ്ദേഹം 14 ജില്ലകളിലേക്കും പാനല്‍ നിര്‍ദേശിച്ചിരുന്നു. അതില്‍ ഉള്‍പ്പെട്ടവരാണ് ഇപ്പോള്‍ പട്ടികയിലുള്ളത്. അദ്ദഹം പേരുകള്‍ എഴുതി തന്നിട്ടില്ല എന്നത് ശരിയാണ്. രമേശ് ചെന്നിത്തല തരാം എന്ന പറഞ്ഞ പട്ടിക തന്നില്ല. ഇക്കാരം വി.ഡി സതീശന്‍ ചോദിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. രണ്ട് ഗ്രൂപ്പുകളിലെ നേതാക്കള്‍ മാത്രം ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തത്. മറ്റുള്ളവരോട് വിഷയം ചര്‍ച്ച ചെയ്യാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ഏത് തലത്തിലാണ് ഇവര്‍ ചര്‍ച്ച നടത്തിയതെന്ന് വ്യക്തമാക്കട്ടെ. പാര്‍ട്ടിക്ക് നല്‍കിയ പേരുകള്‍ ഉമ്മന്‍ ചാണ്ടി പരസ്യപ്പെടുത്തിയത് ശരിയായില്ല. നടപടി ശരിയായോ എന്ന് ഉമ്മന്‍ ചാണ്ടി തന്നെ പരിശോധിക്കണം. ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിയ വാദങ്ങളെ അസത്യം, വാസ്തവ വിരുദ്ധം, തെറ്റ് എന്നിങ്ങനെ വാക്കുകളിലാണ് സുധാകരന്‍ വിമര്‍ശിച്ചത്. 

ഉള്‍പാര്‍ട്ടി ചര്‍ച്ച അനുവദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാ വിഷയത്തിലും ചര്‍ച്ച നടക്കും. സമൂലമായ പരിവര്‍ത്തനം ആണ് ഡിസിസി പട്ടികയില്‍ ഉണ്ടായത്. എന്നിട്ടും ഉയര്‍ന്നത് ചെറിയ ചര്‍ച്ചയാണ്. പ്രതികരിച്ചത് കുറഞ്ഞ ആളുകള്‍മാത്രമാണ്. വലിയൊരു മാറ്റം കൊണ്ടുവന്നിട്ടും ഇത്രയും വിമര്‍ശനം മാത്രമെങ്കില്‍ ആ തീരുമാനത്തിന്റെ മെറിറ്റ് വിലയിരുത്തണം. ഇതിനേക്കാള്‍ വലിയ പൊട്ടിത്തെറിയാണ് പ്രതീക്ഷിച്ചത്. സാധാരണ പ്രവര്‍ത്തകരോടാണ് തനിക്ക് സംസാരിക്കാനുള്ളത്. ഇന്ത്യയെ പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞ പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഡിസിസി പട്ടികക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതിനോട് പ്രതികരിച്ച സുധാകരന്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. വിശദീകരണം ചോദിക്കേണ്ടത് വ്യക്തതയില്ലാത്ത കാര്യങ്ങള്‍ക്കാണ്. ചാനലില്‍ സംസാരിച്ചത് എല്ലാവരും കണ്ടതും അറിഞ്ഞതുമാണ്. അത്തരത്തിലുള്ള ഒരു കാര്യത്തിന് എന്ത് വിശദീകരണമാണ് ചോദിക്കേണ്ടത്? അച്ചടക്ക നടപടി കാണിച്ച് ഭീഷണിപ്പെടുത്തി മുന്നോട്ടുപോകാന്‍ നേതൃത്വത്തിന് താല്‍പര്യമില്ല. കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുപോകാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്. രമേശ് ചെന്നിത്തല പാര്‍ട്ടി വിരുദ്ധമായ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. ഉമ്മന്‍ ചാണ്ടി നടത്തിയത് അഭിപ്രായപ്രകടനമാണ്. അതിനാല്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയില്ലെന്നും സുധാകരന്‍ പറഞ്ഞു. 

ഗ്രൂപ്പുകളുടെ ഇടപെടല്‍ ഇപ്പോള്‍ നടക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍. എ.വി ഗോപിനാഥുമായി സംസാരിച്ചിരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. പട്ടികയില്‍ വനിതകളെ പരിഗണിച്ചില്ലെന്ന ആരോപണം ശരിയല്ല. വനിതകള്‍ മറ്റു കമ്മിറ്റിയില്‍ ഉള്‍പ്പെടും. എത് പാര്‍ട്ടിക്കാണ് വനിതാ നേതാവുള്ളതെന്നും സുധാകരന്‍ ചോദിച്ചു. പുതിയ അധികാര ചേരിയില്ല. മുന്‍കാല നേതാക്കളെ അടിച്ചമര്‍ത്തുന്നു എന്ന വാദം ശരിയല്ല. അവരെയെല്ലാം ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.