വനിതാ ലീഗിനെ അറിയിച്ചില്ല, പാര്‍ട്ടിക്ക് പരാതി നല്‍കാന്‍ വൈകി; ഹരിതയെ മരവിപ്പിച്ച നടപടിയില്‍ പ്രതികരിച്ച് നൂര്‍ബിന റഷീദ്

 
d

മുസ്‌ലിം ലീഗിന്റെ വനിതാ വിഭാഗമായ ഹരിതയെ മരവിപ്പിച്ച നടപടിയില്‍ പ്രതികരിച്ച് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്.
എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിത ഉന്നയിച്ച ലൈംഗിക അധിക്ഷേപ പരാതി വനിതാ ലീഗിനെ അറിയിച്ചിട്ടില്ലെന്നാണ് നൂര്‍ബിന റഷീദ്
പ്രതികരിച്ചത്. 

ഹരിതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വനിതാ ലീഗുമായി ചര്‍ച്ച നടത്തിയിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഹരിതയുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞത്. പാര്‍ട്ടിക്ക് പരാതി നല്‍കാന്‍ വൈകിയത് എന്തിനാണെന്നും ഹരിതയുടെ പരാതി കണ്ടിട്ടില്ലെന്നും നൂര്‍ബിന റഷീദ് പറഞ്ഞു. കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മുതിര്‍ന്ന വനിത നേതാക്കളെ എങ്കിലും അറിയിക്കാമായിരുന്നെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.  ഹരിത പ്രവര്‍ത്തകര്‍ക്ക് എതിരെ മുസ്ലിം ലീഗ് എടുത്ത നടപടി തെറ്റാണോയെന്ന ചോദ്യത്തിന്, ഒരുവാക്കില്‍ ഉത്തരം പറയാ
നാകില്ലെന്നായിരുന്നു നൂര്‍ബിന റഷീദിന്റെ മറുപടി.

പാര്‍ട്ടി തീരുമാനമെടുത്താല്‍ അത് എല്ലാവര്‍ക്കും ബാധകമാണ്. ഒരു സ്ത്രീക്കെതിരെയും ലൈംഗിക അധിക്ഷേപം നടത്തരുത്. തൊണ്ണൂറുകളിലാണ് ലീഗിന്റെ ഒരു പോഷക സംഘടനയുണ്ടാക്കി  ഹരിതയെ വളര്‍ത്തികൊണ്ടുവരുന്നത്. ഒരു സുപ്രഭാതത്തില്‍ ഒരു മാറ്റവുമുണ്ടാക്കി കൊണ്ടുവരാന്‍ സാധിക്കില്ല. ഓരോ പാര്‍ട്ടിക്കും അതിന്റേതായ ആശയങ്ങളുണ്ട് നടപടി ക്രമങ്ങളുണ്ട്. അതിന്റെ പോളിസിയുണ്ട് അതിലൂടെ സഞ്ചരിച്ചാണ് ഞങ്ങളൊക്കെ സംഘടനയുണ്ടാക്കി കൊണ്ടുവന്നത്- നൂര്‍ബിന പറഞ്ഞു.

എല്ലാവര്‍ക്കുമറിയാവുന്നതുപോയെ ലീഗിപ്പോള്‍ വീണുകിടക്കുകയാണ്, വീണുകിടക്കുമ്പോള്‍ മേലെ കേറിപ്പായാന്‍ എളുപ്പമാണ്. അതിനെ കൈപിടിച്ച് ഉയര്‍ത്തുകയാണ് വേണ്ടത്. അല്ലാതെ വിഭാഗിയത സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്നും നൂര്‍ബിന കൂട്ടിച്ചേര്‍ത്തു. അന്വേഷണ സംഘത്തില്‍ വനിതാ പ്രതിനിധികളെ ഉള്‍പ്പെടുത്താത്തത് പാര്‍ട്ടി തീരുമാനമാണ്. മുസ്‌ലിം ലീഗ് ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. പാര്‍ട്ടിയെടുത്ത തീരുമാനമറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും നൂര്‍ബിന വ്യക്തമാക്കി.