കടുത്ത അച്ചടക്ക ലംഘനം; ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ട് മുസ്ലീംലീഗ് നേതൃത്വം

 
d

മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു. . കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതൃത്വം നടത്തിയിരുന്നതെന്ന്  ലീഗ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തി. പുതിയ ഹരിത സംസ്ഥാന കമ്മിറ്റിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. 

പാര്‍ട്ടി അച്ചടക്കം ഹരിത നേതാക്കള്‍ തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, കാലാഹരണപ്പെട്ട കമ്മിറ്റിയായിരുന്നു അത്. പുതിയ കമ്മറ്റിയെ മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും പിഎംഎ സലാം അറിയിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള ഏതാനും നേതാക്കള്‍ക്കെതിരെ ലൈംഗികചുവയോടെ സംസാരിക്കുന്നു, മാനസികമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹരിത നേതാക്കള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. 

ഈ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍, പിഎംഎ സലാം, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍  ഹരിത നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പരാതി പിന്‍വലിക്കാനായി പല തലത്തിലും സമ്മര്‍ദ്ദവും ചെലുത്തിയിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കള്‍ തയ്യാറായില്ല. ഇതാണ് നടപടിക്ക് ഇടയാക്കിയത്. 

മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം. എംഎസ്എഫ് നേതാക്കളുടെയും ഹരിതയുടെയും കൂടുതല്‍ വിശദീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എംപി, എംപി അബ്ദുസമദ് സമദാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു. 

നേരത്തെ ഹരിത സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് മരവിപ്പിച്ചിരുന്നു. ലൈംഗികമായി അധിക്ഷേപിച്ചുവെന്ന് ആരോപണവിധേയരായ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, വി എ വഹാബ് എന്നിവരോട് വിശദീകരണവും തേടിയിരുന്നു.