അട്ടപ്പാടിയിലെ അനധികൃത ഹോമിയോ മരുന്ന് വിതരണം; ഡിഎംഒയോട് റിപ്പോര്‍ട്ട് തേടും

 
veena

കോവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നവര്‍ ആധാര്‍ രേഖകള്‍ ശേഖരിക്കുന്നതായി പരാതി

അട്ടപ്പാടിയിലെ ഊരുകളില്‍ കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് അനധികൃതമായി വിതരണം ചെയ്ത സംഭവത്തില്‍ ഡിഎംഒയോട് റിപ്പോര്‍ട്ട് തേടുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹോമിയോ മരുന്ന് വിതരണം ചെയ്ത്, ആധാര്‍ രേഖകള്‍ ശേഖരിക്കുന്നുവെന്ന ആരോപണത്തിലാണ് മന്ത്രിയുടെ പ്രതികരണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം മാത്രമേ മരുന്ന് വിതരണം നടത്താന്‍ പാടുള്ളൂ. അതല്ലാതെ മരുന്ന് വിതരണം പാടില്ലെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. 

ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന സന്നദ്ധ സംഘടനയാണ് കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്തത്. ഹോമിയോ ഡിഎംഒയുടെ അനുമതിയുണ്ടെന്നായിരുന്നു സംഘടനയുടെ അവകാശവാദം. എന്നാല്‍, ആര്‍ക്കും മരുന്നു വിതരണത്തിന് അനുമതി നല്‍കിയിട്ടില്ല എന്നായിരുന്നു ഹോമിയോ ഡിഎംഒയുടെ പ്രതികരണം. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മാത്രമാണ് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതെന്നും അവര്‍ വിശദീകരിച്ചു. ഇതോടെ, സന്നദ്ധ സംഘടനയുടെ നീക്കം ദുരൂഹമെന്ന് ചൂണ്ടിക്കാണിച്ച് അട്ടപ്പാടിയിലെ പൊതു പ്രവര്‍ത്തകയാണ് പൊലീസിനെയും ആരോഗ്യ വകുപ്പിനെയും സമീപിച്ചത്. 

രണ്ടാഴ്ച മുമ്പാണ് തേക്കുമുക്കിയൂരിലെ ഒരു വീട്ടില്‍ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകരെത്തി കോവിഡ് പ്രതിരോധത്തിനെന്ന് പറഞ്ഞ് ഹോമിയോ മരുന്ന് നല്‍കിയത്. നാലു ദിവസം തുടര്‍ച്ചയായി കഴിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതിനൊപ്പം ആധാര്‍ കാര്‍ഡ് വിവരങ്ങളും ശേഖരിച്ചു. പിന്നാലെ, ഇതേ കോളനിയിലും തൊട്ടടുത്ത ആദിവാസി ഊരിലും ഗുളിക വിതരണം ചെയ്ത സംഘടന അവിടെനിന്നും ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചു. പുതൂര്‍, അഗളി, ഷോളയൂര്‍ പഞ്ചായത്തുകളിലായി ഇതിനോടകം രണ്ടായിരം പേര്‍ക്ക് മരുന്നു നല്‍കി വിവരങ്ങള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്.