നിപ്പ: സമ്പര്‍ക്കപ്പട്ടികയിലെ 11 പേര്‍ക്ക് രോഗലക്ഷണം;  54 പേര്‍ ഹൈ റിസ്‌ക് പട്ടികയില്‍ 

 
veena


കോഴിക്കോട്  നിപ്പ ബാധിച്ച് മരിച്ച 12-കാരന്റെ  സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള 11 പേര്‍ക്ക് രോഗലക്ഷണം. രോഗലക്ഷണമുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. 8 പേരുടെ സാംപിളുകള്‍ അന്തിമപരിശോധനയ്ക്ക് എന്‍ഐവി പുണെയിലേക്കയച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരില്‍ 129 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 54 പേര്‍ ഹൈ റിസ്‌ക് പട്ടികയിലാണ്. 

രോഗലക്ഷണങ്ങളുള്ളവര്‍ എല്ലാം സ്റ്റേബിളാണ്. ഇന്ന് രാത്രി മുതല്‍ മെഡിക്കല്‍ കോളേജില്‍ സാമ്പിള്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. എന്‍.ഐ.വി. പൂണൈയില്‍ നിന്നുള്ള സംഘം എത്തുകയും സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണം ചെയ്യുകയും ചെയ്തു. പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റും പിന്നീടുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാന്‍ കഴിയും എന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. 

നിലവില്‍ 8 പേരുടെ സാമ്പിളുകളാണ് എന്‍.ഐ.വി. പൂണൈയിലേക്ക് അയച്ചിരിക്കുന്നത്. ഇതിന്റെ ഫലം ഇന്ന് രാത്രി വൈകി വരും. മൂന്ന് പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധിക്കും. ഇവിടെ പരിശോധിക്കുന്ന സാമ്പിളുകള്‍ എന്‍.ഐ.വി. പൂനെയിലേക്ക് അയക്കും.  കോഴിക്കോട് താലൂക്കില്‍ രണ്ട് ദിവസം കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന പരിശോധന നടത്താവുന്നതാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ കോവിഡ്, നിപ സാഹചര്യം വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ഓണ്‍ലൈന്‍ വഴി ചേര്‍ന്നു. മറ്റ് ജില്ലകളില്‍ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാന്‍ സ്റ്റേറ്റ് നിപ കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുന്നതാണ്. മറ്റ് ജില്ലകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും പരിശീലനങ്ങളും നല്‍കാനും തീരുമാനിച്ചു. 

ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ബാലമുരളി ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. മീനാക്ഷി, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി. രോഗി വരുമ്പോള്‍ മുതല്‍ ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കി. അസ്വാഭാവികമായ പനിയും മരണവും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വിദ്യ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ പ്രൊഫസര്‍ ഡോ. ചാന്ദിനി എന്നിവരാണ് പരിശീലനം നല്‍കിയത്. ഉച്ചയ്ക്ക് ശേഷം ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍., ആശാ വര്‍ക്കര്‍മാര്‍, സി.ഡി.പി.ഒ., അങ്കണവാടി സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ പരിശീലനവും നടന്നു. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കൊപ്പം കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അവര്‍ക്ക് കൈമാറി. അവ കൃത്യമായി പാലിക്കാനും ജാഗ്രത പാലിക്കാനും ബോധവത്ക്കരണം ശക്തമാക്കാനും നിര്‍ദേശം നല്‍കി.