സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്, അതിജാഗ്രത

 
rain

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴി ശക്തിപ്രാപിച്ചതിനെ  തുടര്‍ന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. 7 ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് ആണ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മധ്യ, തെക്കന്‍ കേരളത്തിനൊപ്പം വടക്കന്‍ കേരളത്തിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. 

രാവിലെ 10 മണിക്ക് പുറപ്പെടുവിച്ച കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകലില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.  ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലാണ് അതിതീവ്ര മഴ സാധ്യത. 24 മണിക്കൂറില്‍ 204.5 മി.മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ആഗസ്റ്റ് അഞ്ചുവരെ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം നിരോധിച്ചു.

മഴക്കെടുതിയെ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നാലു സംഘങ്ങളെ ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ നാല് അധിക സംഘങ്ങളെക്കൂടി സംസ്ഥാനത്ത് എത്തിക്കും. കണ്ണൂരില്‍ മലയോരത്ത് കനത്ത മഴയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടി രണ്ടുപേരെ കാണാതായി. 

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. കനത്ത മഴയെ തുടര്‍ന്ന് എട്ട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണകുളം,തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്. ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ ജില്ല കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും തുറന്ന കണ്‍ട്രോള്‍ റൂമുകള്‍ക്കു പുറമെ, സെക്രട്ടേറിയറ്റിലെ റവന്യൂമന്ത്രിയുടെ ഓഫിസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍: 807 8548 538. മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്ന് മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ രണ്ട് ദിവസമായി മഴക്കെടുതിമൂലമുള്ള മരണം പത്തായി.