അടുത്ത മൂന്നു ദിവസം ശക്തമായ മഴ; സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം

എറണാകുളം, ഇടുക്കി തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് 
 
rain


അടുത്ത മൂന്നു ദിവസം സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്രാ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി. തീവ്ര മഴയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത ജില്ലാ കലക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എറണാകുളം, ഇടുക്കി തൃശൂര്‍ ജില്ലകളില്‍ നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കക്കി, ഇടുക്കി ഡാമുകള്‍ തുറന്നുവിട്ടു. വൈദ്യുതി, ജല വകുപ്പുകളുടെ വിവിധ ഡാമുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മഴക്കെടുതി നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 അടിയന്തര സാഹചര്യം നേരിടാന്‍ പോലീസും ഫയര്‍ ഫോഴ്‌സും സജ്ജമാണെന്നും ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകള്‍ നിലവില്‍ സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നാല് ടീമുകള്‍ തിങ്കളാഴ്ച്ച രാവിലെയോടെ എത്തും. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ രണ്ട് ടീമുകള്‍ ആവശ്യമെങ്കില്‍ കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് പുറപ്പെടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.  മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകളില്‍ പരാതികള്‍ ഉണ്ടാകാതിരിക്കാന്‍ ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ക്യാമ്പുകളുടെ ശുചിത്വം, ഭക്ഷണലഭ്യത, രോഗപരിശോധനാ സംവിധാനം എന്നിവ ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശബരിമല നട തുറക്കുമ്പോള്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ പ്രവേശിക്കുന്നത് ഇന്നത്തെ അവസ്ഥയില്‍ പ്രയാസം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. മഴ ശക്തമായതിനാല്‍ നദിയില്‍ കലക്കവെള്ളമാണുള്ളത്. കുടിവെള്ളത്തിന്റെയും കുളിക്കാനുള്ള വെള്ളത്തിന്റെയും ലഭ്യതയില്‍ കുറവു വരും. അതിനാല്‍ അടുത്ത മൂന്നു നാല് ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ യോഗം തീരുമാനിച്ചു. ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാസ്‌നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവുകളിലും ഇറങ്ങരുത്. സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തും. ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കുന്ന കാര്യം പരിഗണിക്കും. മഴക്കെടുതി പ്രയാസം ഉള്ള ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യം ജില്ലാ കലക്ടര്‍മാര്‍ക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.  തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി പതിയെ കുറഞ്ഞ് മധ്യ-വടക്കന്‍ കേരളത്തില്‍ മഴ ശക്തി പ്രാപിക്കുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. തെക്കന്‍ കര്‍ണാടകത്തിനും വടക്കന്‍ തമിഴ്‌നാടിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് വീണ്ടും ന്യൂനമര്‍ദ്ദത്തിന് വഴിയൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തെക്ക് കിഴക്കന്‍ അറബികടലിലും ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. നവംബര്‍ 17 ഓടെ മധ്യ കിഴക്കന്‍ അറബികടലില്‍ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യുന മര്‍ദ്ദം രൂപപ്പെടാനാണ് സാധ്യത. തെക്ക് കിഴക്കന്‍ അറബികടലില്‍ നിന്ന് വടക്കന്‍ കേരളത്തില്‍ കൂടിയും കര്‍ണാടക, തമിഴ്‌നാട് വഴി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ ന്യുന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതാണ് സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണിയുയര്‍ത്തുന്നത്. ബംഗാള്‍ ഉള്‍കടലില്‍ ആന്തമാന്‍ കടലില്‍ നിലവിലുള്ള ന്യുന മര്‍ദ്ദം   നവംബര്‍ 17 ഓടെ തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നത്. തുടര്‍ന്ന് പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു  നവംബര്‍ 18 ഓടെ ആന്ധ്രാ പ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയുണ്ട്.

ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 14 വരെയുള്ള കണക്കില്‍ കേരളത്തില്‍ ഇത്തവണ തുലാവര്‍ഷം മഴ സര്‍വ്വകാല റെക്കോര്‍ഡിന് അരികിലാണ്. ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 14 വരെ  കേരളത്തില്‍ ഇതുവരെ ലഭിച്ചത് 804.5 എംഎം മഴയാണ്. 800 എംഎം എന്ന റെക്കോര്‍ഡാണ് ഇത്തവണ തിരുത്തപ്പെട്ടത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വര്‍ഷത്തെ റെക്കോര്‍ഡ് പ്രകാരം തുലാവര്‍ഷ മഴ 800 എംഎമ്മില്‍ കൂടുതല്‍ ലഭിച്ചത് ഇതിനു മുന്‍പ് 1977 ലും 2010 ലും മാത്രമാണ്. 2010 ല്‍ ലഭിച്ച  822.9എംഎം മഴയാണ് ഇതുവരെയുള്ള സര്‍വ്വകാല റെക്കോര്‍ഡ്.