റെക്കോര്‍ഡിട്ട് തുലാവര്‍ഷം; തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, 12 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
 

 
Kerala Rain

വരും മണിക്കൂറുകളില്‍ തെക്കന്‍ കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകും

തുലാവര്‍ഷം ആരംഭിച്ച ഒക്ടോബര്‍ ഒന്നുമുതല്‍ 28വരെ സംസ്ഥാനത്ത് പെയ്തത് റെക്കോര്‍ഡ് മഴ. 567 മില്ലിലിറ്റര്‍ മഴയാണ് ലഭിച്ചത്. 1999ലെ തുലാവര്‍ഷത്തിലെ 566 മില്ലിമീറ്റര്‍ മഴയെന്ന റെക്കോര്‍ഡാണ് ഇക്കുറി മറികടന്നത്. 28 ദിവസത്തിനുള്ളില്‍, ഈ സീസണില്‍ ലഭിക്കേണ്ട മുഴുവന്‍ മഴയും പെയ്ത സ്ഥിതിയാണുള്ളത്. ഇതിനുമുന്‍പ് 1932, 1999, 2002 വര്‍ഷങ്ങളിലായി മൂന്നു തവണ ഒക്ടോബറില്‍ 500 മില്ലിമീറ്ററിനു മുകളില്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ട് തുലാവര്‍ഷ സീസണുകളില്‍ 2014, 2015, 2019 വര്‍ഷങ്ങളില്‍ മാത്രമാണ് ശരാശരിയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത്. 

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദത്തിന്റെയും ന്യുനമര്‍ദ പാത്തിയുടെയും സ്വാധീന ഫലമായി ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് ഒഴികെ 12 ജില്ലകളിലും യെല്ലോ അലെര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ തെക്കന്‍ കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകും. 

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് നിലവില്‍ തമിഴ്നാട് തീരത്തിനു സമീപം സ്ഥിതി ചെയ്യുകയാണ്. ന്യൂനമര്‍ദം അടുത്ത 48 മണിക്കൂര്‍ കൂടി പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തില്‍നിന്ന് ഒരു ന്യൂനമര്‍ദ പാത്തി വടക്കു പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടല്‍ വരെ നിലനില്‍ക്കുന്നു. അതിനാല്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഗള്‍ഫ് ഓഫ് മാന്നാര്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.