ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ ശക്തിപ്രാപിക്കാന്‍ സാധ്യത; സംസ്ഥാനത്ത് മഴ തുടരും

 
RAIN
ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

ബംഗാള്‍ ഉള്‍കടലില്‍ ആന്തമാന്‍ കടലില്‍ നിലവിലുള്ള ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ച് നവംബര്‍ 18 ഓടെ ആന്ധ്രാപ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത.
വടക്കന്‍ തമിഴ്‌നാടിനു മുകളിലും തെക്ക് കിഴക്കന്‍ അറബിക്കടലിലും ചക്രവാതചുഴി നിലനില്‍ക്കുന്നു. ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമുണ്ട്. യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ അടക്കം റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കം നടത്താനാണ് നിര്‍ദേശം. ഇന്ന് തെക്കന്‍ ജില്ലകളിലും നാളെ മധ്യ, വടക്കന്‍ ജില്ലകളിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.