കനത്ത മഴ: സംസ്ഥാനത്ത് കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്, തമിഴ്നാടിനും കര്‍ണാടകയ്ക്കും ജാഗ്രതാ നിര്‍ദേശം

 
rain

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മിഷന്‍ കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പു നല്‍കി. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

24 മണിക്കൂറിനുള്ളില്‍ കേരളത്തിലും മാഹിയിലും (പുതുച്ചേരി) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയും തമിഴ്‌നാട്ടിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയും രേഖപ്പെടുത്തിയതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചത്. കേരളം, ആന്‍ഡമാന്‍, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ തീവ്രമോ അതി തീവ്രമോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കിഴക്കന്‍-മധ്യ അറബിക്കടലില്‍ ചുഴലിക്കാറ്റ് വീശുന്നതിനാലാല്‍ മഴ കനക്കുമെന്നാണ് റിപോര്‍ട്ട്. അടുത്ത 3-4 ദിവസങ്ങളില്‍ ഇത് തുടരുമെന്ന് ഐഎംഡി ബുള്ളറ്റിനില്‍ പറഞ്ഞു.

സംസ്ഥാനത്ത് കൊല്ലം ജില്ലയിലെ അര്‍ക്കന്നൂരില്‍ ഇത്തിക്കര നദി അപകട നില കഴിഞ്ഞും ഒഴുകുന്നതായും  നദി അതിശക്തമായ പ്രളയ സാഹചര്യത്തിലാണ് ഒഴുകുന്നതെന്നും രൂക്ഷമായ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നാണ് കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്. 2018 ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയുടെ ഒഴുക്ക്. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും ഏതാനും നദികളും കര കവിഞ്ഞ് ഒഴുകയാണെന്ന് ജലകമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇവിടെ വെള്ളപ്പൊക്ക മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലേര്‍ട്ടുള്ള ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.