ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ദേശീയ വനിതാ കമ്മീഷന്; മറുപടിയില്ലെങ്കില്‍ നേരിട്ട് ഇടപെടുമെന്ന് മുന്നറിയിപ്പ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ദേശീയ വനിതാ കമ്മീഷന്. പരാതിക്കാര്‍ക്കും റിപ്പോര്‍ട്ട് കൈമാറാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. റിപ്പോര്‍ട്ട് കൈമാറിയില്ലെങ്കില്‍ നേരിട്ട് അന്വേഷിക്കുമെന്നും ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വീണ്ടും ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ദേശീയ വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്.
കത്തിന് മറുപടി നല്‍കിയില്ലെങ്കില്‍ വനിതാ കമ്മീഷന് നേരിട്ട് വിഷയത്തില്‍ ഇടപെടുമെന്ന് രേഖ ശര്‍മ്മ പറഞ്ഞു. കേരളത്തിലെ സിനിമാമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് വേണ്ടി പ്രത്യേക സമിതി രൂപീകരിക്കും. ആവശ്യമെങ്കില്‍ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ തന്നെ കേരളത്തിലെത്തി പരിശോധന നടത്തുമെന്നും രേഖ ശര്‍മ്മ ഡല്‍ഹിയില്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടതായി നിയമമന്ത്രി പി.രാജീവ് വെളിപ്പെടുത്തിയതിന് പിന്നാലെ റിപ്പോര്‍ട്ടില്‍ നിയമമന്ത്രിക്ക് നല്കിയ കത്ത് ഡബ്ല്യൂസിസി പുറത്തുവിട്ടു. കേസ് സ്റ്റഡിയും അതിജീവിതകളുടെ പേരും സൂചനകളും ഒഴിവാക്കിക്കൊണ്ടുള്ള കണ്ടെത്തലുകള്‍ അറിയണമെന്നും സര്‍ക്കാര്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ടിന്റെ രൂപം ഹേമ കമ്മിറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന കത്താണ് പുറത്ത് വന്നത്. ജനുവരി 21 നാണ് ഡബ്ല്യൂ.സി.സി കത്ത് നല്‍കിയത്.
ഹേമ കമ്മിറ്റി നിര്‍ദേശങ്ങളുടെ കാരണം പൊതുജനം അറിയേണ്ടതുണ്ട്. റിപ്പോര്‍ട്ടിനെ ഏറെ ഗൗരവത്തോടെ കാണുന്നു. മറ്റന്നാള്‍ സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും ഡബ്ല്യൂസിസി വ്യക്തമാക്കി. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞത്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ട നിയമപരമായ ബാധ്യത സര്‍ക്കാരിനില്ല. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നിയമവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും ഉടന്‍ അത് സാസ്കാരിക വകുപ്പിന് കൈമാറുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.