വ്യാജ അഭിഭാഷക സെസി സേവ്യര്‍ എത്രയുംവേഗം കീഴടങ്ങണമെന്ന് ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

 
Sessy Xavier

ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എത്രയും വേഗം കീഴടങ്ങണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എല്‍എല്‍ബി പോലുമില്ലാതെ രണ്ട് വര്‍ഷത്തോളം അഭിഭാഷകവൃത്തി ചെയ്ത സെസി, കള്ളത്തരം പുറത്തായതോടെ രണ്ട് മാസമായി ഒളിവിലാണ്. 

ആലപ്പുഴ കോടതിയിലാണ് സെസി പ്രാക്ടീസ് ചെയ്തിരുന്നത്. ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുകയും ചെയ്തു. എന്നാല്‍, സെസിക്ക് മതിയായ യോഗ്യതയില്ലെന്നും എന്റോള്‍മെന്റ് നമ്പര്‍ വ്യാജമാണെന്ന പരാതിയും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സെസി അത് ഹാജരാക്കാതിരുന്നതിനെത്തുടര്‍ന്നാണ് അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കിയത്. വ്യാജ എന്റോള്‍മെന്റ് നമ്പര്‍ ഇട്ട് വക്കാലത്തെടുത്തതിന് വഞ്ചനാക്കുറ്റവും ബാര്‍ അസോസിയേഷനിലെ ചില രേഖകള്‍ എടുത്തുകൊണ്ടുപോയതിന് മോഷണക്കുറ്റവും ചുമത്തി പൊലീസ് കേസെടുത്തു. 

ജൂലൈ 22ന് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തി ജാമ്യമെടുക്കാന്‍ സെസി ശ്രമിച്ചിരുന്നു. എന്നാല്‍ വഞ്ചനാ കുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് അറിഞ്ഞ സെസി കോടതിയുടെ പിന്നിലെ ഗേറ്റുവഴി കാറില്‍ കടന്നുകളഞ്ഞു. അതിനുശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. പൊലീസിന് ഇവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കീഴടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് സെസി പ്രാക്ടീസ് ചെയ്തിരുന്നത്. രണ്ട് വര്‍ഷത്തിലധികം അഭിഭാഷകയായി ജോലി ചെയ്ത സെസി കോടതി നിയോഗിച്ച കമ്മീഷനുകളുടെ സിറ്റിങ്ങും നടത്തിയിരുന്നു.