അട്ടപ്പാടിയിലെ ആദിവാസി ഭൂമി അവര്‍ പോലുമറിയാതെ ഇക്കോ ടൂറിസത്തിനായി സ്വകാര്യ കമ്പനിക്ക് മറിച്ചു കൊടുത്തു; നടപടിക്ക് താത്കാലിക തടയിട്ട് ഹൈക്കോടതി; സംഘടനകള്‍ പ്രക്ഷോഭത്തിന്

 
അട്ടപ്പാടിയിലെ ആദിവാസി ഭൂമി അവര്‍ പോലുമറിയാതെ ഇക്കോ ടൂറിസത്തിനായി സ്വകാര്യ കമ്പനിക്ക് മറിച്ചു കൊടുത്തു; നടപടിക്ക് താത്കാലിക തടയിട്ട് ഹൈക്കോടതി; സംഘടനകള്‍ പ്രക്ഷോഭത്തിന്

അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ കരാറില്‍ ഹൈക്കോടതിയുടെ സ്‌റ്റേ. രണ്ട് മാസത്തേക്കാണ് സ്‌റ്റേ. രണ്ടായിരം ഏക്കറോളം ഭൂമി ആദിവാസികള്‍ പോലും അറിയാതെ സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ നടപടിക്കെതിരെ ഓള്‍ ഇന്ത്യ ക്രാന്തികാരി കിസ്സാന്‍ സഭ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച കോടതി കരാര്‍ സ്‌റ്റേ ചെയ്യുകയായിരുന്നു.

ആദിവാസികളുടെ പുനരധിവാസത്തിന് രൂപീകരിച്ച അട്ടപ്പാടി കോ ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയാണ് തൃശൂര്‍ ആസ്ഥാനമായ എല്‍എ ഹോംസ് എന്ന സ്ഥാപനത്തിന് ഭൂമി പാട്ടത്തിന് നല്‍കിയത്. ഇക്കോ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിനായി 26 വര്‍ഷത്തേക്കാണ് കരാര്‍. 2019 ഫെബ്രുവരിയില്‍ ഒപ്പിട്ട കരാര്‍ സംബന്ധിച്ച് ആദിവാസികള്‍ പോലും അറിഞ്ഞിരുന്നില്ല. സ്വകാര്യ കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് 420 ആദിവാസി കുടുംബങ്ങളും ഇത്തരത്തില്‍ ഭൂമി കൈമാറിയ കാര്യം അറിയുന്നത്. തുടര്‍ന്ന് ആദിവാസികള്‍ക്കിടയില്‍ വലിയ തോതില്‍ പ്രതിഷേധം ഉടലെടുത്തിരുന്നു. അട്ടപ്പാടി കോ ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി എം ഡി കൂടിയായ ഒറ്റപ്പാലം സബ് കളക്ടറാണ് കരാറില്‍ ഒപ്പുവച്ചിരുന്നത്. നാൽപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ആദിവാസികള്‍ക്ക് പതിച്ച് പട്ടയം നല്‍കിയ ഭൂമി സൊസൈറ്റിയുടെ കീഴിലാക്കിയിരുന്നു. ഈ ഭൂമി തിരികെ ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുമ്പോഴാണ് ഈ ഭൂമിയില്‍ എക്കോ ടൂറിസം പദ്ധതി നടപ്പിലാക്കി വിനോദ സഞ്ചാരികളെ അട്ടപ്പാടിയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെ സ്വകാര്യ കമ്പനിക്ക് ഭൂമി പാട്ടത്തിന് നല്‍കിയത്.

അട്ടപ്പാടിയിലെ വരടിമല, പോത്തുപ്പാടി, ചിണ്ടക്കി, കരുവാര ഫാമുകളിലാണ് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. വരടിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോഴാണ് ആദിവാസികള്‍ ഇത് സംബന്ധിച്ച് വിവരം അന്വേഷിച്ചത്. അപ്പോള്‍ മാത്രമാണ് ഭൂമിയുടെ അവകാശികളായ ആദിവാസി കുടുംബങ്ങള്‍ അട്ടപ്പാടി കോ ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി (എ സി എഫ് എസ്) ഇത്തരത്തില്‍ ഒരു കരാര്‍ വച്ച കാര്യം അറിയുന്നത്. 1971-ലെ നിക്ഷിപ്ത വനഭൂമി നിയമമനുസരിച്ച് വിവിധ വിഭാഗക്കാര്‍ക്ക് ഭൂമി പതിച്ചു നല്‍കാന്‍ വകുപ്പുണ്ടാക്കിയപ്പോള്‍ ആദിവാസി പുനരധിവാസത്തിനും ഭൂമി പതിച്ചു നല്‍കാന്‍ വകുപ്പുണ്ടാക്കിയിരുന്നു. ഈ നിയമമനുസരിച്ച് ആദിവാസികള്‍ക്ക് അഞ്ച് ഏക്കര്‍ വീതം പതിച്ചു നല്‍കി. ഇങ്ങനെ പതിച്ച് നല്‍കി പട്ടയം നല്‍കിയ ഭൂമിയും ആദിവാസികള്‍ പാരമ്പര്യമായി കൃഷി ചെയ്തിരുന്ന ഭൂമിയും ഉള്‍പ്പെടെ എ സി എഫ് എസിന് കീഴിലെ ഫാമുകളിലുള്‍പ്പെടുന്നതാണ്. ആ ഭൂമിയാണ് സ്വകാര്യ കമ്പനിക്ക് കൈമാറി ഒറ്റപ്പാലം ആര്‍ഡിഒ ഉത്തരവിട്ടത്. പുതിയ പദ്ധതി വന്നാല്‍ ആദിവാസികള്‍ക്ക് ജോലി ലഭ്യമാവും എന്നതാണ് അധികൃതര്‍ മുന്നോട്ട് വയ്ക്കുന്ന ഒരു ന്യായം. ഫാമുകളില്‍ നിന്ന് സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാലാണ് വൈവിധ്യവല്‍ക്കരണത്തിലൂടെ ഭൂമിയെ കൂടുതല്‍ ഉപയോഗപ്പെടുത്തി അതിന് ശ്രമിക്കുന്നതെന്ന് അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി ചെയര്‍മാന്‍ ആയ ജില്ലാ കളക്ടര്‍ ഡി ബാലമുരളി അഴിമുഖത്തോട് പ്രതികരിച്ചിരുന്നു. "വനഭൂമി ആയതിനാല്‍ ആ ഭൂമി ആരും ആര്‍ക്കും വില്‍ക്കില്ല. ആദിവാസികള്‍ക്ക് ഭൂമി നഷ്ടപ്പെടുകയുമില്ല. എന്നാല്‍ ഇത്രകാലവും ഭൂമിയുടെ മുഴുവന്‍ ഭാഗവും ഉപയോഗിച്ചിട്ടില്ല.എല്ലാവര്‍ക്കും ജോലി നല്‍കാനും കഴിഞ്ഞിട്ടില്ല. അത് മനസ്സിലാക്കി കുറച്ച് പദ്ധതികള്‍ കൂടി നടപ്പാക്കി ഫാമുകളെ ലാഭകരമാക്കാനാണ് ശ്രമിക്കുന്നത്. ഇതുവരെ ഉപയോഗപ്പെടുത്താത്ത ഭൂമിയും ഉള്‍പ്പെടുത്തിയായിരിക്കും ടൂറിസം പദ്ധതി. സാമ്പത്തികമായി മെച്ചമുണ്ടായാല്‍ അതിലെ അംഗങ്ങള്‍ക്ക് തന്നെയാണ് അതുകൊണ്ടുള്ള മെച്ചം", എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കരാര്‍ താനറിയാതെ- എംഎല്‍എ എന്‍ ഷംസുദ്ദീന്‍

അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ കാര്യം താനറിഞ്ഞിരുന്നില്ലെന്നും അഴിമുഖം വാര്‍ത്തയിലൂടെ മാത്രമാണ് കരാര്‍ സംബന്ധിച്ച കരാര്‍ സംബന്ധിച്ച കാര്യം അറിയുന്നതെന്നും എംഎല്‍എ എന്‍ ഷംസുദ്ദീന്‍ പ്രതികരിച്ചു. "എത്ര തന്നെ പ്രൊഡക്ടീവ് ആയ പദ്ധതിയാണെന്ന് പറഞ്ഞാലും പ്രദേശത്തെ ജനപ്രതിനിധി എന്ന നിലയില്‍ എംഎല്‍എയോട് കൂടി ചര്‍ച്ച ചെയ്ത് വേണം അക്കാര്യം തീരുമാനിക്കാന്‍. ജനപ്രതിനിധികളെ ഇക്കാര്യത്തിനായി വിളിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഉണ്ടായിട്ടില്ല. അതില്‍ നിന്ന് തന്നെ കരാര്‍ സുതാര്യമല്ല എന്ന് മനസ്സിലാക്കുന്നു", മറ്റെന്തോ ഉദ്ദേശം കരാറിന് പിന്നില്‍ ഉള്ളതിനാലാണ് രഹസ്യമായി അത് നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധം ശക്തമാവുന്നു

ആദിവാസികളുടെ ഭൂമി തിരികെ വിതരണം ചെയ്യാമെന്ന സര്‍ക്കാര്‍ ഉറപ്പ് നിലനില്‍ക്കുമ്പോഴും ഭൂമി 26 വര്‍ഷത്തേക്ക് ആദിവാസികള്‍ ഉപയോഗിക്കാന്‍ കഴിയാത്ത തരത്തില്‍ പാട്ടത്തിന് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ആദിവാസി കുടുംബങ്ങളും വിവിധ സംഘടനകളും പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങുകയാണ്. ഒക്ടോബര്‍ ഒന്നിന് ഒറ്റപ്പാലം ആര്‍ഡിഒ ഓഫീസിന് മുന്നില്‍ വിവിധ ആദിവാസി- ദളിത്- പൗരാവകാശ സംഘടനകള്‍ പ്രതിഷേധ സത്യഗ്രഹം നടത്തും. ഭൂമി പാട്ടത്തിന് നല്‍കിയ സംഭവം ഭൂമി കുംഭകോണമാണെന്നും ആദിവാസികളുടെ ഭൂമി തട്ടിയെടുക്കലാണെന്നും ആദിവാസി ഗോത്ര മഹാസഭ ആരോപിച്ചു. ആദിവാസി ഭൂമി തട്ടിയെടുക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ആദിവാസികള്‍ തുടക്കം കുറിക്കും. ആര്‍ഡിഒ ഓഫീസ് സത്യഗ്രഹം സൂചനയായിരിക്കും. തുടര്‍ന്ന് അനിശ്ചിതകാല സമരപരിപാടികള്‍ പ്രഖ്യാപിക്കുമെന്നും ആദിവാസി ഗോത്ര മഹാസഭ ചെയര്‍മാനും സ്‌റ്റേറ്റ് കോ-ഓര്‍ഡിനേറ്ററുമായ എം ഗീതാനന്ദന്‍ അറിയിച്ചു. ഇതുകൂടാതെ വ്യക്തികളും സംഘടനകളും കോടതിയില്‍ കേസ് നല്‍കാന്‍ ഒരുങ്ങുകയാണ്. ഓള്‍ ഇന്ത്യ ക്രാന്തികാരി കിസാന്‍ സഭയും ആദിവാസി ഭാരത് മഹാസഭയും ചേര്‍ന്ന് നവംബര്‍ അഞ്ചിന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. ഗവര്‍ണറുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരുമെന്ന് സംഘടനാ നേതാക്കള്‍ പറയുന്നു.

അട്ടപ്പാടിയിലെ ഗിരിജന്‍ സര്‍വ്വീസ് സൊസൈറ്റികളുടെ കീഴിലുള്ള ചിണ്ടക്കി, പോത്തുപ്പാടി, വരടിമല, കരുവേര, വട്ടുലക്കി തുടങ്ങിയ പദ്ധതികളും ഇതിന്റെ ഭാഗമാണ്. അട്ടപ്പാടിയില്‍ അഗളി, ഷോളയൂര്‍ പഞ്ചായത്തുകളിലെ 420 ആദിവാസി കുടുംബങ്ങള്‍ക്ക് അഞ്ച് ഏക്കര്‍ വീതം പതിച്ച് നല്‍കിയത് 1971ന് ശേഷമാണ്. പതിച്ചുനല്‍കിയ ഭൂമിയുടെ പട്ടയ ഉടമകളെ ഉള്‍പ്പെടുത്തി ഉണ്ടാക്കിയ ആദിവാസികള്‍ അംഗങ്ങളായ സഹകരണ സൊസൈറ്റിയ്ക്കാണ് ഫാമുകളുടെ നിയന്ത്രണം. അട്ടപ്പാടിയിലെ ചിണ്ടക്കി, പോത്തുപ്പാടി, കരുവേര, വരടിമല തുടങ്ങിയ ഫാമുകള്‍ അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ കീഴിലാണ്. ജില്ലാ കളക്ടര്‍ സൊസൈറ്റിയുടെ ചെയര്‍മാനും ഒറ്റപ്പാലം സബ് കളക്ടര്‍ എംഡിയുമാണ്.

(ചിത്രം: വിക്കിപീഡിയ)