തൃക്കാക്കരയില്‍  അഡ്വ. കെ.എസ് അരുണ്‍കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി

 
arun-kumar

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. കെ എസ് അരുണ്‍കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് യുവനേതാവായ അരുണ്‍കുമാറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അരുണ്‍കുമാര്‍. നിലവില്‍ ജില്ലാ ശിശുക്ഷേമ സമിതി ഉപാധ്യക്ഷനുമാണ്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി, മുന്‍ പ്രസിഡന്റ്, ശിശുക്ഷേമ സമിതി ജില്ലാ ആധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുണ്ട്.

ഹൈക്കോടതി അഭിഭാഷകനായ അരുണ്‍കുമാറിന് നിയമസഭയിലേക്ക് കന്നി മത്സരമാണ്. ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍, മന്ത്രി പി രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗമാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്്. 

നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച പി ടി തോമസിന്റെ പത്നി ഉമ തോമസിനെ നിശ്ചയിച്ച സാഹചരത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്ന കാര്യം ഇടതുമുന്നണിയും പരിഗണിച്ചിരുന്നു. സാമ്പത്തികശാത്ര വിദഗ്ധയും കോളജ് മുന്‍ അധ്യാപികയുമായ ഡോ. കൊച്ചുറാണി ജോസഫിനെ ഇടതു സ്വതന്ത്രയായി മത്സരിപ്പിക്കുന്നതാണ് പരിഗണിച്ചിരുന്നത്.  

പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ കഴിഞ്ഞദിവസമാണ് സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് പ്രഖ്യാപിച്ചത്. കെവി തോമസിന്റെ വിമത സ്വരം മാറ്റി നിറുത്തിക്കഴിഞ്ഞാല്‍ നേതാക്കളെല്ലാം തന്നെ ഉമയുടെ സ്ഥാനാര്‍ത്ഥിത്വത്തെ അനുകൂലിച്ചിരുന്നു. ബിജെപിയും ഇന്നുതന്നെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്റെ പേരിനാണ് ചര്‍ച്ചകളില്‍ മുന്‍തൂക്കം.