'കേരളം വിടുകയാണ്, ഇവിടെയെനിക്ക് നീതി കിട്ടില്ല': ബിന്ദു അമ്മിണി

കേരളം വിടുകയാണെന്നും എങ്ങോട്ടാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും ആക്ടിവിസ്റ്റും ലോ കോളേജ് അധ്യാപികയുമായ ബിന്ദുഅമ്മിണി. തുടര്‍ച്ചയായി സംഘ്പരിവാറുകാരാല്‍ ആക്രമിക്കപ്പെടുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് അവര്‍ 'അഴിമുഖ'ത്തോട് പറഞ്ഞു.
'കേരളം വിടുകയാണ് ഞാന്‍. എങ്ങോട്ട് പോകുമെന്ന് തീരുമാനിച്ചിട്ടില്ല. ഇവിടെ നില്ക്കാന് കഴിയാത്ത സാഹചര്യമാണ്. അതിനാലാണ് കേരളത്തിന് പുറത്ത് എവിടെയെങ്കിലും സുരക്ഷിതമായി കഴിയാന്‍ പറ്റുന്നയിടത്തേക്ക് മാറാന്‍ ആലോചിക്കുന്നത്. നിലവില്‍ കോഴിക്കോട്ടെ ആക്രമണത്തിന് ശേഷം പോലീസ് മൊഴിയെടുക്കാന്‍ പോലും വിളിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പിന്തുണയും ഇതുവരെ ലഭിച്ചിട്ടില്ല.

ഇന്നലത്തെ ആക്രമണത്തിന് ശേഷം വനിതാകമ്മീഷന് ചെയര്‍പേഴ്സണ്‍ പി സതീദേവി വിളിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പറഞ്ഞു.'-ബിന്ദു അമ്മിണിയുടെ വാക്കുകള്‍. അതേസമയം, നേരത്തെ നിരവധി തവണ ആക്രമിക്കപ്പെട്ടിട്ടും ആരും പിന്തുണ നല്‍കിയിരുന്നില്ല. കോഴിക്കോട്ടെ ആക്രമണത്തിന് ശേഷം നിരവധി പേര് പിന്തുണ അര്‍പ്പിച്ച് വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും പ്രതിഷേധവും പിന്തുണയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ജീവന് സുരക്ഷിതമല്ലെന്ന് തെളിഞ്ഞതോടെയാണ് നാടുവിടുന്നതെന്നും ബിന്ദു അമ്മിണി പറയുന്നു.
ശബരിമലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യ പരിഗണന നല്‍കുമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഏറെ വിവാദമായിരുന്നു ശബരിമലയിലെ പ്രവേശനം. അതിനുശേഷം ബിന്ദുഅമ്മിണി നിരവധിയിടങ്ങളില്‍ സംഘ്പരിവാറുകാരാല്‍ ആക്രമിക്കപ്പെട്ടിരുന്നു. ദര്‍ശനം നടത്തിയ ശേഷം ബിന്ദു അമ്മിണിക്ക് സുരക്ഷയൊരുക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് സുരക്ഷയെടുത്ത് മാറ്റുകയായിരുന്നു. എന്നാല്‍ നിരന്തരം കേരളത്തിന്റെ പൊതുവിടങ്ങളില്‍ ഒരു സ്ത്രീ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും നടപടിയെടുക്കാത്ത സ്ത്രീപക്ഷമെന്ന് പറയുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.
കഴിഞ്ഞമാസവും മല കയറി, ശബരിമല വിധിയുടെ ഒന്നാം വര്‍ഷത്തില്‍ ബിന്ദു അമ്മിണി അനുഭവം പറയുന്നു
ശബരിമല ദര്‍ശനത്തിന് ശേഷം നിരവധി തവണയാണ് ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടത്. 2019-ല്‍ കൊച്ചിയില്‍ സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിന്റെ മുറ്റത്തുവച്ച് ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അവരുടെ കണ്ണില്‍ കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു. മാധ്യമങ്ങള്‍ അതിന്റെ വീഡിയോ സഹിതം പുറത്തുവിട്ടെങ്കിലും പോലീസ് നടപടിയെടുത്തില്ല. കേസെടുക്കുമെന്ന് പറഞ്ഞ പോലീസ് തുടര്‍ നടപടികള്‍ കൈക്കൊള്ളാത്തതിനാല്‍ പ്രതി എളുപ്പത്തില്‍ രക്ഷപ്പെടുകയായിരുന്നു. ശ്രീനാഥ് എന്ന പേരിലുള്ളയാളെ അന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നിരവധി തവണ ബസ് ജീവനക്കാരാല്‍ അധിക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ബിന്ദു അമ്മിണി ഇരയായിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ രാത്രി പൊയില്‍ക്കാവില്‍ നിന്ന് വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബസ് ഡ്രൈവര്‍ അസഭ്യം പറഞ്ഞ കേസില്‍ നടക്കാവ് പൊലീസ് കേസെടുത്തെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ഡിസംബര്‍ 18ന് രാത്രി കൊയിലാണ്ടിയില്‍വെച്ച് ഓട്ടോ ഇടിപ്പിച്ചതിനെ തുടര്‍ന്ന് മൂക്കിന് പരിക്കേറ്റു. വധശ്രമത്തിന് കേസെടുത്തിട്ടും ഓട്ടോ കണ്ടെത്താന്‍ പോലും പൊലീസ് തയാറായിട്ടില്ലായിരുന്നു. മൂക്കിന് പരിക്കേറ്റ് ദിവസങ്ങള്‍ക്കുശേഷമാണ് ഇന്നലെ വീണ്ടും സംഘ്പരിവാറുകാരാല്‍ ആക്രമിക്കപ്പെടുന്നത്.
വീടിനുസമീപം തന്നെ നിരവധി തവണ സംഘ്പരിവാര്‍ ഭീഷണി നിലനിന്നിരുന്നു. കൊയിലാണ്ടി പൊയില്‍ക്കാവിലെ വീടിന് നേരത്തെ പോലീസ് സംരക്ഷണം നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ സുരക്ഷയില്ല. എന്നാല്‍ സംരക്ഷണം നല്‍കിയിരുന്ന പോലീസുകാരിയില്‍ നിന്നുപോലും മോശപ്പെട്ട അനുഭവം ഉണ്ടായതിനെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചത്. ഒരു വര്‍ഷത്തോളം മാത്രമായിരുന്നു പോലീസ് സുരക്ഷ നല്കാന് തയ്യാറായിരുന്നത്.
പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കുന്നു. സംഘ്പരിവാറുകാരാണ് തനിക്കുനേരെയുളള ആക്രമണത്തിന് പിന്നിലെന്ന് നേരത്തേയും ബിന്ദു അമ്മിണി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. കോഴിക്കോട് നടന്ന ആക്രമണത്തിന് പിന്നിലും സംഘ്പരിവാറുകാരനാണ്. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് പിന്തുണലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. പോലീസ് പ്രതിയോട് ആശുപത്രിയില്‍ പോയി ഹാജരാവാനും തന്നെ നിര്‍ബന്ധിച്ച് ജീപ്പില്‍ കയറ്റാനുമാണ് ശ്രമിച്ചതെന്നും ബിന്ദു അമ്മിണി പറഞ്ഞു. കേരള പോലീസില്‍ നിന്നും യാതൊരു നീതിയും പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിന്ദുഅമ്മിണിക്കുനേരെയുള്ള ആക്രമണത്തിനെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ശക്തമാവുന്നുണ്ട്. സര്‍ക്കാരിപ്പോഴും മൗനം തുടരുകയാണ്. സംഭവത്തിനുശേഷം പ്രതിയെ സംരക്ഷിക്കുന്ന നിലപാടെടുത്ത പോലീസ് ഇതുവരേയും മൊഴിയെടുക്കാന്‍ ശ്രമിച്ചിട്ടുമില്ല. സുപ്രീംകോടതി ഉത്തരവ് പ്രകാരം ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നല്ലാതെ ബിന്ദു അമ്മിണി പൊതുസമൂഹത്തിനോട് എന്തു തെറ്റു ചെയ്തുവെന്നാണ് ഉയരുന്ന ചോദ്യം.
Also Read; ''അപ്പോള്‍ നമുക്ക് ഇനി കുരുക്ഷേത്രത്തില്‍ വെച്ചു കാണാം''; ആദ്യ മുന്നണി പിരിഞ്ഞതിങ്ങനെ-കേരളം മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണശാല