'മരിക്കാനൊന്നും എനിക്കു ഭയമില്ല, എന്റെ മകള്‍ ഉള്‍പ്പെടെയുള്ള ഈ കന്യാസ്ത്രീകള്‍ക്കുമില്ല'

 
varghese-anupama
ഞാന്‍ ചെയ്ത തെറ്റ് എന്താണ്? എന്റെ മകള്‍ ചെയ്ത തെറ്റെന്താണ്?

വഞ്ചി സ്വയറിലെ കന്യാസ്ത്രീകളുടെ സമരവേദിയില്‍ സമരം ചെയത് കന്യാസ്ത്രീകള്‍ക്കൊപ്പം സമരപ്പന്തലില്‍ തെളിഞ്ഞുനിന്നിരുന്ന, ഒടുവില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തപ്പോള്‍ മകളെ കെട്ടിപ്പിടിച്ച് കരഞ്ഞ ഒരു എഴുപ്പത്തിയഞ്ചുകാരനെ കേരള സമൂഹം അത്രപെട്ടെന്ന് മറക്കില്ല. കന്യാസ്ത്രീ പീഡനക്കേസില്‍ നീതി കിട്ടാന്‍ വേണ്ടി പോരാടിയ കന്യാസ്ത്രീകളില്‍ ഒരാളായ സി. അനുപമയുടെ പിതാവ് കെ എം വര്‍ഗീസിനെ കുറിച്ചാണ് പറഞ്ഞത്. അനുപമയും വര്‍ഗീസും ആ കുടുംബവും പലതരത്തിലായിരുന്നു വേട്ടയാടപ്പെട്ടത്. അതിപ്പോഴും തുടരുകയാണ്. കേസിന്റെ തുടക്കം മുതല്‍ ഈ കന്യാസ്ത്രീകള്‍ക്കൊപ്പം സധൈര്യം നില്‍ക്കുന്നൊരാളായിരുന്നു വര്‍ഗീസ്. പലതരം വെല്ലുവിളികള്‍ നേരിടേണ്ടി വരുമ്പോഴും പിന്നാക്കം പോകാതെ തന്റെ മകള്‍ക്കുള്‍പ്പെടെ ആത്മവിശ്വാസം പകര്‍ന്നു കൂടെ നിന്നു. പ്രായത്തിന്റെ അവശതപോലും അവഗണിച്ചുകൊണ്ട് എന്തുകൊണ്ട് ഈ പോരാട്ടത്തിനിറങ്ങുന്നുവെന്നു വ്യക്തമാക്കി 2019 ല്‍ 'പൊരുതുന്ന കന്യാസ്ത്രീമാര്‍ക്കൊപ്പം' എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി സേവ് അവര്‍ സിസ്റ്റേഴ്സ് ഐക്യദാര്‍ഢ്യ സമിതി കോട്ടയത്ത് സംഘടിപ്പിച്ച യോഗത്തില്‍ വര്‍ഗീസ് നടത്തിയൊരു ഹൃസ്വപ്രസംഗമുണ്ട്. അതിപ്രകാരമായിരുന്നു;

'ഞാന്‍ സിസ്റ്റര്‍ അനുപമയുടെ പിതാവാണ്. നീതിക്കു വേണ്ടി പൊരുതുന്ന ഈ കന്യാസ്ത്രീകള്‍ക്ക് സഹകരണവും പിന്തുണയും പ്രഖ്യാപിക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. ഞാനൊരു പ്രാസംഗികനൊന്നുമല്ല. പ്രസംഗിക്കാന്‍ പറ്റിയൊരു അവസ്ഥയുമല്ല എനിക്കുള്ളതെന്നും നിങ്ങള്‍ക്ക് അറിയാം. ഏതാണ്ട് മൂന്നുമൂന്നര വര്‍ഷമായിട്ട് ഈ പ്രശ്നത്തിന്റെ പേരില്‍ തീ തിന്നു ജീവിക്കുന്നൊരു മനുഷ്യനാണ് ഞാന്‍. കാണുമ്പോള്‍ കുഴപ്പമൊന്നും ഇല്ലെങ്കിലും ഉള്ളിന്റെയുള്ളില്‍ തീയാണ്. കാരണം, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ല. മരണത്തെ ഭയമില്ല. പക്ഷേ മരിക്കാതെ മരിക്കുന്നതിനോടാണ് യോജിക്കാന്‍ പറ്റാത്തത്. മരിക്കാനൊന്നും എനിക്കു ഭയമില്ല, എന്റെ മകള്‍ ഉള്‍പ്പെടെയുള്ള ഈ കന്യാസ്ത്രീകള്‍ക്കുമില്ല. ഏതു പ്രതിസന്ധിയേയും നേരിടാന്‍ ഞങ്ങള്‍ തയ്യാറുമാണ്.

'അവര്‍ വട്ടോളി അച്ചനെ ഭയപ്പെടുന്നു'- സേവ് ഔവര്‍ സിസ്റ്റേഴ്‌സ് പറയുന്നു

ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്നു ഞങ്ങള്‍ക്ക് ആദ്യം മനസിലാക്കി തരണം. ഞാന്‍ ചെയ്ത തെറ്റ് എന്താണ്? എന്റെ മകള്‍ ചെയ്ത തെറ്റെന്താണ്? അതിനുള്ള ഒരു മറുപടിയും ഇന്നു വരെ സഭ അധികാരികളുടെ ഭാഗത്തു നിന്നും കിട്ടിയിട്ടില്ല. അയക്കുന്ന അപേക്ഷകള്‍ക്കൊന്നും മറുപടിയില്ല, നേരിട്ട് കണ്ടുകൊടുക്കുന്ന അപേക്ഷയ്ക്ക് മറുപടിയില്ല. ഒന്നിനും മറുപടിയില്ലാതെ ഞങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നൊരു പ്രവണതയാണ് സഭാ അധികാരികള്‍ക്കുള്ളത്. സഭയ്ക്കുള്ളതെന്നു ഞാന്‍ പറയില്ല. സഭ സംശുദ്ധമാണ്. സഭയുടെ തലവന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ എന്തെല്ലാം നല്ല കാര്യങ്ങളാണ് പറയുന്നത്. അതിലെന്തെങ്കിലും പ്രവര്‍ത്തിപഥത്തില്‍ വരുത്താന്‍ ഇവിടുത്തെ സഭ മേലധികാരികള്‍ തയ്യാറായിട്ടില്ല. കാരണം, എല്ലാവര്‍ക്കും ഫ്രാങ്കോയെ പേടിയാണെന്നാണ് പറയുന്നത്. എന്താണ് ഫ്രാങ്കോയെ പേടിക്കുന്നത്? വേശ്യയായ സ്ത്രീയെ ശത്രുക്കള്‍ കല്ലെറിഞ്ഞുകൊല്ലാന്‍ പോയപ്പോള്‍, നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്നാണ് യേശു ക്രിസ്തു പറഞ്ഞത്. അത് ഇവിടുത്തെ മെത്രാന്മാര്‍ അനുസരിക്കുന്നുണ്ട്. ആ ഒരു വാചകം മെത്രാന്മാര്‍ അനുസരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഫ്രാങ്കോയ്ക്കെതിരേ ഇവരാരും ശബ്ദിക്കാത്തത്. നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ കല്ലെറിയട്ടെ എന്നാണ് ക്രിസ്തു പറഞ്ഞത്. ഇവരില്‍ എല്ലാവരിലും ഓരോവിധത്തിലുള്ള പാപങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുകയാണ്. അവര്‍ക്ക് കല്ലെറിയാനുള്ള അര്‍ഹതയില്ല. അതുകൊണ്ടവര്‍ കല്ലെറിയുകയുമില്ല. കെസിബിസിയും സിബിസിഐയുമൊക്കെ കൂടുന്നുണ്ട്. അതിലെതെങ്കിലുമൊരു മെത്രാന്‍ ഈ കന്യാസ്ത്രീകളെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുന്നുണ്ടോ? ഇന്നുവരെ അങ്ങനെ സംസാരിച്ചതായിട്ട് എനിക്കറിയില്ല. കാരണം, കാലാകാലങ്ങളിലായി സഭയില്‍ നടന്നു വരുന്ന ഈ തെറ്റുകള്‍ക്ക് ഒരു വിരാമം ഉണ്ടാകാന്‍ പാടില്ല എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് അവരാരും ഒരു ചെറുവിരല്‍ പോലും അനക്കാത്തത്. ഒരു ബലൂണ്‍ വീര്‍പ്പിച്ചു കഴിഞ്ഞാല്‍ അതിനകത്ത് കാറ്റ് പിടിക്കുന്നതിനൊരു പരിധിയുണ്ട്. ആ പരിധിക്കപ്പുറമായാല്‍ പൊട്ടിപ്പോകും. ഈ സംഭവും ഒതുക്കിയൊതുക്കി നിര്‍ത്തി അവസാനം സഭ മേലധികാരികള്‍ തന്നെ ഊതി വീര്‍പ്പിച്ച് പുറം ലോകത്തേക്ക് എത്തിക്കുകയായിരുന്നു. ഇതൊരു നവീകരണത്തിന്റെ തുടക്കമായിട്ടാണ് ഞാന്‍ കണക്കു കൂട്ടുന്നത്'.

ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയോട് ചേര്‍ത്ത് വായിച്ചാല്‍ ഈ പിതാവിന്റേത് പരാജയപ്പെട്ടുപോയവന്റെ പാഴ് വാക്കുകളായി തോന്നുന്നവരുണ്ടായിരിക്കാം. പക്ഷേ, ഒരിക്കലും പരാജയം സമ്മതിച്ചു പിന്മാറാന്‍ തയ്യാറാകുന്നൊരു മനസല്ല വര്‍ഗീസിന്റെതെന്ന് മുന്‍ അനുഭവങ്ങളുമുണ്ട്. സി. അനുപമ ഉള്‍പ്പെടെയുള്ള അഞ്ചു കന്യാസ്ത്രീകള്‍, അവര്‍ അമ്മയെ പോലെ കരുതുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് വേണ്ടി തെരുവില്‍ ഇറങ്ങിയപ്പോള്‍ തൊട്ട് വര്‍ഗീസും കുടുംബവും പലതരം എതിര്‍പ്പുകളും അവഹേളനങ്ങളും നേരിട്ടുതുടങ്ങിയതാണ്. പക്ഷേ, അതിലൊന്നും  ആ മനുഷ്യന്‍ തളര്‍ന്നില്ല. ആര്‍ക്കും തളര്‍ത്താനും കഴിഞ്ഞില്ല. 'കാര്യം പറയുന്നവരെ കമ്മ്യൂണിസ്റ്റുകാരന്‍ എന്ന് മുദ്രകുത്തി മഹറോന്‍ ചൊല്ലി പുറത്തുകളയുന്ന ഏര്‍പ്പാട് കത്തോലിക്കാസഭയില്‍ ഒരുകാലത്തുണ്ടായിരുന്നു. പക്ഷെ ഇനി അത് നടക്കില്ല. എനിക്കൊരു കാര്യമേ പറയാനുള്ളൂ, സഭ ആരുടേയും കുടുംബസ്വത്തല്ല. അതിന്റെ മേലധികാരികള്‍ സഭയുടെ സൂക്ഷിപ്പുകാര്‍ മാത്രമാണ്. എന്റെ കുഞ്ഞാടുകളെ മേയ്ക്കാനാണ് ക്രിസ്തു പറഞ്ഞത്. അതിനു പകരം ഞങ്ങളുടെ മുകളില്‍ മേയാന്‍ പറഞ്ഞിട്ടില്ല'- ഈ ഉശിര് ഇന്നും വര്‍ഗീസിന് കൈമോശം വന്നിട്ടില്ല.

സ്ത്രീകള്‍ മാത്രം താമസിക്കുന്നിടത്തെ സിസിടിവി ദൃശ്യങ്ങള്‍ എങ്ങനെ ഒരു വൈദികന് കിട്ടി? മഠത്തിലെ ഊണുമുറിയിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത് എന്തിന്?

ചേര്‍ത്തല പള്ളിപ്പുറം കേളമംഗലം ഇടവകയിലെ അംഗമാണ് വര്‍ഗീസും കുടുംബവും. 'അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടെന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ലേ? ഇവിടെ പള്ളിയിലെ അച്ചന്‍ ഞങ്ങളുടെ കൂടെയാണ്. പക്ഷെ ഇടവകക്കാര്‍ പലരും പലതരക്കാരാണ്. ചിലര്‍ ഞങ്ങളെ അനുകൂലിക്കുന്നു. മറ്റുചിലര്‍ എതിര്‍ക്കുന്നു. അനുകൂലിക്കുന്നവര്‍ ഞങ്ങളോട് മിണ്ടും. അല്ലാത്തവര്‍ മിണ്ടില്ല.'-വര്‍ഗീസ് അതൊന്നും കാര്യമാക്കിയിരുന്നില്ല. 'ഊരുവിലക്കാണോ എന്ന് ചോദിച്ചാല്‍ അങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ അങ്ങനെ തന്നെയാണ് താനും. മിണ്ടാട്ടമോ സഹകരണമോ ഒന്നും ഇല്ല പലര്‍ക്കും. പക്ഷെ ഞങ്ങളെ സംബന്ധിച്ച് അതൊന്നും ഒരു വിഷയം തന്നെയല്ല.' എന്നായിരുന്നു സധൈര്യം അദ്ദേഹം പറഞ്ഞത്. എതിര്‍പ്പുകളുടെ ശക്തിയദ്ദേഹം അവഗണിച്ചു. 

2018 ല്‍ അഴിമുഖം പ്രതിനിധി കെ ആര്‍ ധന്യയോട് സംസാരിക്കുമ്പോള്‍ വര്‍ഗീസ് പറഞ്ഞ ചില കാര്യങ്ങള്‍ക്ക് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്കകത്തേക്ക് കൊണ്ടു വരാവുന്നതാണ്- 'രണ്ട് മാസം മുമ്പ് വിഎസ് അച്യുതാനന്ദന് ഞാന്‍ സങ്കടഹര്‍ജി നല്‍കിയിരുന്നു. അന്ന് തന്നെ ഐജിയെ വിളിച്ച് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ കാരണവര്‍ ആണ് അദ്ദേഹം. സമരത്തിന് വരാന്‍ പറ്റാത്ത അദ്ദേഹം ഫോണില്‍ വിളിച്ച് പിന്തുണയറിയിച്ചു. കേരളരാഷ്ട്രീയത്തിലെ മുതുമുത്തശ്ശിയായ കെ.ആര്‍ ഗൗരിയമ്മ മറ്റൊരാള്‍ വശം കത്ത് കൊടുത്തുവിട്ടു. കോണ്‍ഗ്രസില്‍ നിന്ന് പി.ടി തോമസും വി.എം സുധീരനും സമരപ്പന്തലില്‍ വന്നു. സത്യത്തില്‍ രാഷ്ട്രീയക്കാരുടെ പിന്തുണ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെങ്കില്‍ പോലും അതുണ്ടായി. റിട്ട. ജസ്റ്റിസ് കമാല്‍ പാഷ സമരപ്പന്തലില്‍ വന്ന് സംസാരിക്കുകയും ധീരമായ നിലപാട് പ്രഖ്യാപിക്കുകയും ചെയ്തു. പ്രളയത്തില്‍ അനേകായിരങ്ങള്‍ ജീവന് വേണ്ടി കേണപേക്ഷിക്കുമ്പോള്‍ ഇക്കാര്യം പറയുന്നത് ശരിയല്ലാത്തതിനാല്‍ ഞങ്ങള്‍ മൗനികളായി. സമരം തുടങ്ങിയതോടെ അന്വേഷണം വേഗത്തിലായി. അന്വേഷണ ഉദ്യോഗസ്ഥര്‍ വളരെ കൃത്യമായും സത്യസന്ധമായും അന്വേഷണം നടത്തി. ഊണും ഉറക്കവും വീടും നാടും ഉപേക്ഷിച്ച് അഹോരാത്രം പണിയെടുത്ത അവരുടെ അന്വേഷണത്തില്‍ ഞങ്ങള്‍ പൂര്‍ണതൃപ്തരുമാണ്'. 

അനുപമയെ കൂടാതെ രണ്ട് പെണ്‍കുട്ടികളും ഒരു മകനും ഉണ്ട് വര്‍ഗീസിന്. മക്കള്‍ക്ക് വേണ്ടി ജീവിക്കുന്നൊരു പിതാവ്. അങ്ങനെയുള്ള ഒരാള്‍ക്ക് തന്റെ മകളെ, അവള്‍ ഉന്നയിക്കുന്ന ആവശ്യത്തെ ഉപേക്ഷിക്കാനാകുമായിരുന്നില്ല. 'ന്യായമായ ആവശ്യമായിരുന്നു അവരുടേത്. ആ ആവശ്യം അംഗീകരിക്കാതെ വന്നപ്പോള്‍, സഭാമേലധികാരികളില്‍ നിന്ന് നീതി നിഷേധിക്കപ്പെട്ടപ്പോള്‍, അത് കേസിലേക്ക് നീങ്ങി. കേസ് വലിഞ്ഞിഴഞ്ഞ് നീങ്ങിയപ്പോള്‍ സമരം നടത്തണമെന്ന തീരുമാനം ഞങ്ങള്‍ വീട്ടുകാരാണ് എടുക്കുന്നത്. സഭയ്ക്കോ ഏതെങ്കിലും പാര്‍ട്ടിക്കോ എതിരെയായിരുന്നില്ല സമരം. സത്യവും നീതിയും നടപ്പാക്കാന്‍ വേണ്ടിയുള്ളതായിരുന്നു'.

“ഒരു സ്ത്രീയോട് ഇത്തരത്തില്‍ പെരുമാറാന്‍ ലജ്ജയില്ലേ? ഈ വൈദികന്‍ വ്യാജ പ്രൊഫൈലിലൂടെയും എന്നെ ആക്രമിച്ചു”

കത്തോലിക്ക സഭയിലെ വളരെ ചെറിയൊരു വിഭാഗം മാത്രമാണ് അന്നും ഇപ്പോഴും കന്യാസ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നത്. സഭയുടെ അപ്രീതി പിടിച്ചു പറ്റുന്നത് ഭീകരനായൊരു ശത്രുവിനെ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് അറിയാമെങ്കിലും എന്തുകൊണ്ട് ആ ഭീഷണി അവഗണിച്ചുവെന്നു ചോദിച്ചാല്‍ വര്‍ഗീസിന് പറയാന്‍ കാരണമുണ്ടായിരുന്നു;  'സിസ്റ്റര്‍ ജെസ്മിയെ പോലുള്ളവരെ പിന്തുണയ്ക്കാന്‍ അന്ന് സഹപ്രവര്‍ത്തകര്‍ ആരുമില്ലായിരുന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണയായി അഞ്ച് കന്യാസ്ത്രീകളെ കിട്ടി എന്നതാണ് വലിയ കാര്യം. പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നാലും ഉടുപ്പൂരിവച്ച് പുറത്തേക്ക് വരാന്‍ കന്യാസ്ത്രീകള്‍ മടിക്കുന്നത് വീട്ടുകാര്‍ അംഗീകരിക്കാതെവരുമോ എന്ന ഭയം കൊണ്ടാണ്. അതുകൊണ്ടാണ് പലരും നാല് ചുമരുകള്‍ക്കുള്ളില്‍ ആരോടും ഒന്നും പറയാതെ എല്ലാം സഹിച്ച് ജീവിതം തീര്‍ക്കുന്നത്. പക്ഷെ ഞങ്ങള്‍ ഇവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറുള്ളവരാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെ മക്കളെ വേണ്ടെന്ന് പറയാന്‍ പറ്റില്ല'.

75 വയസ്സിനിടയില്‍ ആദ്യമായി വര്‍ഗീസ് ഒരു സമരത്തിനിറങ്ങിയത് തന്റെ മകള്‍ ഉള്‍പ്പെടെയുള്ള ആ കന്യാസ്ത്രീകള്‍ക്കു നീതി കിട്ടാന്‍ വേണ്ടിയായിരുന്നു. '1800 കോടി രൂപയുടെ അറ്റാദായം ഉള്ളയാളോടാണ് 1800 നയാപൈസ അറ്റാദായമില്ലാത്ത ഞങ്ങള്‍ പൊരുതിയത്. പഞ്ചാബില്‍ ചെന്നാല്‍ ഫ്രാങ്കോ ബിഷപ്പ് അകാലി ദള്‍ ആണ്. ഡല്‍ഹിയില്‍ ചെന്നാല്‍ കോണ്‍ഗ്രസും ബിജെപിയും ആവും. കേരളത്തിലെത്തിയാല്‍ സിപിഎമ്മും. അങ്ങനെയുള്ള ഒരാള്‍ക്കെതിരെയായിരുന്നു പോരാട്ടം. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറക്കയ്ല്‍ പറഞ്ഞുവിട്ട ഒരാളാണ് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കും സഹോദരനുമെല്ലാം പണവും ഭൂമിയും വാഗ്ദാനം ചെയ്തത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും മുഖ്യമന്ത്രിയെ മിസ്റ്റര്‍ പിണറായി വിജയന്‍ എന്നോ മുഖ്യമന്ത്രിയെന്നോ വിശേഷിപ്പിക്കുമെങ്കില്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് വിജയാ എന്നേ വിളിക്കൂ. മുഖ്യമന്ത്രി അമേരിക്കയില്‍ പോയപ്പോഴും ബിഷപ്പ് കൂടെയുണ്ടായിരുന്നു എന്നാണ് പറയുന്നത്. അത്രയും അടുത്ത ബന്ധമാണ് അവര്‍ തമ്മില്‍. അപ്പോള്‍ സര്‍ക്കാരും സഭയും ചേര്‍ന്നുള്ള ഒത്തുകളി ഈ കേസില്‍ ഉണ്ടായിട്ടില്ലേ? ഉണ്ട്. പക്ഷെ സമരം വന്നപ്പോള്‍, ഞങ്ങളുടെ മക്കള്‍ ധൈര്യത്തോടെ സമരം ചെയ്തപ്പോള്‍ സര്‍ക്കാരിന് നടപടികളെടുത്തേ മതിയാവൂ എന്ന സ്ഥിതിയുണ്ടായി. സമരം ഒന്നുമാത്രമാണ് അതിന് കാരണമായത്.'-2018 സെപ്തംബര്‍ 24 ന് പ്രസിദ്ധീകരിച്ച വര്‍ഗീസുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞ കാര്യങ്ങളാണിത്. ഇന്നലത്തെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ വാക്കുകള്‍ കേരളത്തിന് ഗൗരവമായി ചര്‍ച്ച ചെയ്യാവുന്നതാണ്.