'ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ട്, പക്ഷേ ആ വി ഐ പി ഞാനല്ല'

നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പറയുന്ന വിഐപി താനല്ലെന്ന വാദവുമായി പ്രവാസി വ്യവസായി മെഹബൂബ് അബ്ദുള്ള
 
dileep-mehaboob

നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പറയുന്ന വിഐപി താനല്ലെന്ന വാദവുമായി പ്രവാസി വ്യവസായി മെഹബൂബ് അബ്ദുള്ള. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളില്‍ പറയുന്ന വി ഐ പിയെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം കിട്ടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കോ്ട്ടയം സ്വദേശിയായ മെഹബൂബ് അബ്ദുള്ളയുടെ രംഗപ്രവേശം.

ബാലചന്ദ്രകുമാറിനെ തനിക്ക് അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് മെഹബൂബ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ബാലചന്ദ്രകുമാര്‍ പറയുന്ന കാര്യങ്ങള്‍ പൊലീസ് തെളിയിക്കട്ടെയെന്നും നാര്‍ക്കോ അനലിസ് പരിശോധനയ്ക്കുള്‍പ്പെടെ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ദിലീപിനെ വ്യക്തിപരമായി അറിയാമെന്ന് മെഹബൂബ് സമ്മതിക്കുന്നുണ്ട്. എന്നാലത് ബിസിനസ് ബന്ധം മാത്രമാണെന്നും വ്യക്തിപരമായി വലിയ അടുപ്പമില്ലെന്നും സമീപകാലത്തൊന്നും ദിലീപിനെ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നുവര്‍ഷം മുമ്പ് ഖത്തറിലെ ഹോട്ടല്‍ സംരഭവുമായി ബന്ധപ്പെട്ട് ദിലീപിനെ കണ്ടിരുന്നതായും പറയുന്നു. 

ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയശേഷമാണോ അദ്ദേഹത്തെ കാണാനായി വീട്ടില്‍ പോയതെന്ന കാര്യത്തില്‍ മെഹബൂബ് വ്യക്തമായി മറുപടി പറയുന്നില്ല. ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനായിരുന്നുവെന്നുമാത്രമാണ് പറയുന്നത്. ആ സമയത്ത് കാവ്യയും അവരുടെ മാതാപിതാക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ദിലീപിന്റെ സഹോദരനോ പുറത്തുനിന്നുള്ള മറ്റാരെങ്കിലുമോ ഉണ്ടായിരുന്നില്ല. അരമണിക്കൂറില്‍ കൂടുതല്‍ സമയം വീട്ടില്‍ ചെലവഴിച്ചിട്ടില്ല. തീയതി ഓര്‍മയില്ല. ഒരു ബിസിനസ് തുടങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ചാണ് ദിലീപിനെ കാണുന്നത്. ആലോചിക്കാമെന്നല്ലാതെ ദിലീപ് തീരുമാനമൊന്നും പറഞ്ഞിരുന്നില്ല. പിന്നീട് കൂറെ നാളുകള്‍ക്കുശേഷമാണ് ബിസിനസ് തുടങ്ങുന്നത്. ദുബായില്‍ ദിലീപും മറ്റു ചിലരും ചേര്‍ന്ന് ഒരു ബിസിനസ് തുടങ്ങാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. അതിന്റെ ഉത്ഘാടനം അടുത്തിരിക്കെയാണ് കേസ് വരുന്നത്. അതോടെ ചില പാര്‍ട്‌ണേഴ്‌സ് ഒഴിവായി. ആ സമയത്ത് താത്പര്യമുണ്ടെങ്കില്‍ ഏറ്റെടുത്തു നടത്താമോയെന്നു ചോദിച്ചു എന്നെ ബന്ധപ്പെട്ടിരുന്നു. പിന്നീടതൊരു ബുദ്ധിമുട്ടാകുമോയെന്നോര്‍ത്ത് ഒഴിവാകുകയായിരുന്നു. തന്നെ ദിലീപ് ഇക്കയെന്നാണ് വിളിക്കുന്നത്- മെഹബൂബ് അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള 'ദേ പുട്ടില്‍'  തനിക്കും ഷെയര്‍ ഉണ്ടെന്ന കാര്യവും ഇദ്ദേഹം സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ തന്നെക്കാള്‍ കൂടുതല്‍ ഷെയര്‍ ദേ പുട്ടില്‍ തന്റെ പാര്‍ട്‌ണേഴ്‌സായ മറ്റു ചിലര്‍ക്കാണുള്ളത്.  ഇതെല്ലാമാണെങ്കിലും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന അജ്ഞാതനായ വി ഐ പി താന്‍ അല്ലെന്നാണ് മെഹബൂബ് അബ്ദുള്ള ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റാന്‍ വേണ്ടി ഒരു സംസ്ഥാന മന്ത്രിയോട് ഇയാള്‍ സംസാരിച്ചിരുന്നതായി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് വിഐപി ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വിശ്വസ്തനാണെന്നും പല കോണ്‍ഗ്രസ് നേതാക്കളുമായി ഇയാള്‍ക്ക് അടുത്തബന്ധം ഉണ്ടെന്നും വിവരം. അതേസമയം, മെഹബൂബ് അബ്ദുള്ള പറയുന്നത്, തനിക്ക് ഒരു മന്ത്രിയുമായും അടുപ്പമില്ലെന്നാണ്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയായിട്ടാണ് ബാലചന്ദ്രകുമാറിന്റെ മൊഴി പ്രകാരം അജ്ഞാതനായ ഒരു വി ഐപിയെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഘം തുടങ്ങിയിരുന്നു. കോട്ടയം സ്വദേശിയായ ഒരു പ്രവാസി വ്യവസായിയാണ് ആ വി ഐ പി എന്ന് പൊലീസിന് കണ്ടെത്തിയതായി ഇന്നാണ് വാര്‍ത്തകള്‍ വന്നത്. ഇയാളെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞതായും വാര്‍ത്തകളില്‍ പറയുന്നുണ്ട്. ഇദ്ദേഹത്തിന്റെ ശബ്ദസാമ്പിളുകള്‍ ശേഖരിക്കുകയാണെന്നും ശബ്ദം ബാലചന്ദ്രകുമാര്‍ സ്ഥിരീകരിച്ചാല്‍ തങ്ങള്‍ കണ്ടെത്തിയ വ്യക്തി തന്നെയാണ് വി ഐപി എന്ന് ഉറപ്പിക്കാന്‍ സാധിക്കുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരം വാര്‍ത്തകള്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ സമയത്ത് തന്നെയാണ് താനല്ല ആ വി ഐ പി എന്ന വാദവുമായി മെഹബൂബ് അബ്ദുള്ള രംഗത്ത് വന്നത്.

അജ്ഞാത വി ഐ പി യെ കണ്ടെത്താനായാല്‍ അന്വേഷണ സംഘത്തിന് വലിയ നേട്ടമാണ്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നത് മാത്രമല്ല ഇയാള്‍ക്കെതിരേയുള്ള കുറ്റം. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തി കൈമാറിയത് ഇയാളാണെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ദൃശ്യങ്ങള്‍ കൈമാറാന്‍ എത്തിയപ്പോഴായിരുന്നു താന്‍ ആദ്യമായി ഇദ്ദേഹത്തെ കാണുന്നതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. ഇയാളെ ദിലീപ് അടക്കം വീട്ടിലുള്ളവരെല്ലാം ബഹുമാനത്തോടെയാണ് സ്വീകരിച്ചതെന്നും പിറ്റേദിവസം പുലര്‍ച്ചെയുള്ള ഫ്ളൈറ്റിന് പോകണമെന്ന് ഇയാള്‍ പറയുന്നുണ്ടായിരുന്നുവെന്നും ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിലുണ്ട്. ദിലീപിന്റെ സഹോദരിയുടെ മകന്‍ ശരത് അങ്കിള്‍ വന്നിട്ടുണ്ടെന്നു പറയുന്നതു കേട്ടിരുന്നുവെന്നും ആ പേര് പ്രസ്തുത വി ഐ പിയോടെതാണോ, അതോ അയാള്‍ക്കൊപ്പം വന്ന മറ്റൊരാളുടെതാണോയെന്ന് സംശയമുണ്ടെന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. കൂടെ വന്നയാള്‍ പുറത്ത് തന്നെ നില്‍ക്കുകയായിരുന്നുവെന്നും ഒരുപക്ഷേ അയാളെ കണ്ടായിരിക്കാം ശരത് അങ്കിള്‍ വന്നുവെന്ന് സഹോദരിയുടെ മകന്‍ പറഞ്ഞതെന്നുമാണ് ബാലചന്ദ്ര കുമാര്‍ പറയുന്നത്. അകത്തുവന്നയാള്‍ ദിലീപിന് തന്റെ ടാബ്ലെറ്റ് നല്‍കിയിരുന്നു. തന്നെ അയാള്‍ സംശയത്തോടെ നോക്കിയപ്പോള്‍ ബാലു നമ്മുടെയാളാണെന്ന് ദിലീപാണ് പറഞ്ഞതെന്നും ബാലചന്ദ്ര കുമാര്‍ മാധ്യമങ്ങളോ് നടത്തിയ വെളിപ്പെടുത്തലില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, വി ഐ പി യെ കാവ്യ മാധവന്‍ ഇക്ക എന്നാണ് സംബോധന ചെയ്തിരുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.