സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ‍ തലത്തിൽ അഴിച്ചുപണി

 
D

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കളക്ടർമാരെ മാറ്റി. അഫ്സാന പര്‍വീണെ കൊല്ലം കലക്ടറായും എ.ഗീതയെ വയനാട് കലക്ടറായും വി.ആര്‍. പ്രേംകുമാറിനെ മലപ്പുറം കലക്ടറായും എസ്.ചന്ദ്രശേഖറിനെ കണ്ണൂര്‍ കലക്ടറായും നിയമിച്ചു.  ടി വി അനുപമ പട്ടിക വർഗ വകുപ്പ് ഡയറക്ടറാകും. എൻട്രസ് കമ്മീഷണറുടെ അധിക ചുമതലയും നൽകി. മുഹമ്മദ് വൈ സഫറുള്ളയെ ജി എസ് ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു. 

കണ്ണൂർ കളക്ടറായിരുന്ന ടി വി സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറാകും.  മലപ്പുറംകളക്ടറായിരുന്ന ഗോപാലകൃഷ്ണൻ എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടറാകും വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറാകും. അദീല അബ്ദുല്ലയ്ക്ക് ലോട്ടറി വകുപ്പിന്റെ ചുമതലയും ഉണ്ട്. കൊല്ലം കളക്ടർ അബ്ദുൾ നാസറിനെ തൊഴിലുറപ്പ് മിഷൻ ഡയറക്ടറാക്കി. 

സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്‌സ് വകുപ്പ് ഡയറക്ടര്‍ എസ്. സാംബശിവ റാവുവിന് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടറുടെയും കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ സി.ഇ.ഒയുടെയും അധികച്ചുമതല കൂടി നല്‍കി. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി മിഷന്‍ ഡയറക്ടര്‍ എസ്. ഷാനവാസിനെ കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സി.ഇ.ഒ. ആയി നിയമിച്ചു. വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി, കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്നിവയുടെ മാനേജിങ് ഡയറക്ടറുടെ അധികച്ചുമതലയും ഇദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡയറക്ടറുടെ അധികച്ചുമതല കൂടി നല്‍കി.

കണ്ണൂര്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് ഓഫീസര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിനെ കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ ഡയറക്ടറായി നിയമിച്ചു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ്, സി-ഡിറ്റ് ഡയറക്ടര്‍ എന്നിവയുടെ അധികച്ചുമതല കൂടി നല്‍കിയിട്ടുണ്ട്.