ഐ ജി ലക്ഷ്മണിന് സസ്‌പെന്‍ഷന്‍; കുടുങ്ങിയത് മോന്‍സന്റെ ഉന്നതനായ ഇടനിലക്കാരന്‍

ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍, കേസ് എടുക്കാനും ആലോചന
 
monson-lakshman
മോന്‍സനെ കേസുകളില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ തന്റെ ഔദ്യോഗിക പദവി ഐ ജി ലക്ഷ്മണ്‍ ദുര്യുപയോഗം നടത്തിയിരുന്നു.

  

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഐ ജി ഗോകുലത്ത് ലക്ഷ്മണിന് സസ്‌പെന്‍ഷന്‍. മോന്‍സനുമായി ഐജിക്ക് ഉണ്ടായിരുന്നത് വഴിവിട്ട ബന്ധമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചത്. നിലവില്‍ പൊലീസ് ആസ്ഥാനത്ത് ട്രാഫിക്കിന്റെയും ആഭ്യന്തര സുരക്ഷയുടെയും ചുമതലയുള്ള ഐ ജിയാണ് ലക്ഷ്മണ്‍. കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐ ജി ലക്ഷ്മണിനെയും പ്രതി ചേര്‍ക്കാനുള്ള സാധ്യതയും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ടെന്നറിയുന്നു. പൊലീസ് സേനയ്ക്കാകെ അപമാനകരമായ പ്രവര്‍ത്തി ചെയ്തൂ എന്ന പേരില്‍ സസ്‌പെന്‍ഷനും പിന്നാലെ കേസിന്റെ ഭീഷണിയും നിലനില്‍ക്കുന്ന
തെലുങ്കാന സ്വദേശിയായ ലക്ഷ്മണ്‍, വരുന്ന ജനുവരിയില്‍ എഡിജിപിയായി സ്ഥാനക്കയറ്റമുണ്ടാകുന്നതും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

മോന്‍സന്‍ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന ഉന്നതന്മാരുടെ പേരുകളും പുറത്തുവന്നിരുന്നു. അതില്‍ പ്രധാനിയായിരുന്നു ഐ ജി ലക്ഷ്മണ്‍. മോന്‍സന്റെ തട്ടിപ്പുകള്‍ക്ക് ഇടനിലക്കാരന്‍ മാത്രമായിരുന്നില്ല, കേസുകളില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ തന്റെ ഔദ്യോഗിക പദവി ദുര്യുപയോഗം നടത്തി മോന്‍സനെ സഹായിക്കുകയും ചെയ്തിരുന്നു ലക്ഷ്മണ്‍ എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഐ ജി ലക്ഷ്മണിനെ തന്റെ തട്ടിപ്പുകള്‍ക്ക് സമര്‍ത്ഥമായി ഉപയോഗിക്കാന്‍ മോന്‍സനും കഴിഞ്ഞിരുന്നു. പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലൂടെ തന്റെ കച്ചവടങ്ങളില്‍ ഒരു വിശ്വാസ്യതയുടെ മറ സൃഷ്ടിക്കാന്‍ മോന്‍സന് കഴിഞ്ഞിരുന്നു. മോന്‍സന്റെ വലയില്‍ വീണ പലരെയും അയാള്‍ നിശബ്ദരാക്കിയതും ഐ ജി യെ ഉപയോഗിച്ചായിരുന്നു.

മോന്‍സനെതിരേ ചേര്‍ത്തല പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍, ഇല്ലാത്ത അധികാരം പ്രയോഗിച്ച് ഐ ജി ലക്ഷ്മണ ആ കേസ് വീണ്ടും ചേര്‍ത്തല പൊലീസിലേക്ക് തന്നെ തിരിച്ചു വിട്ടു. ഈ വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് വരെ ഐ ജിക്ക് കിട്ടിയിരുന്നു. എന്നിട്ടും മോന്‍സനുമായി ബന്ധം തുടരുകയാണ് ലക്ഷ്മണ്‍ ചെയ്തത്. മോന്‍സന്‍ തട്ടിപ്പുകാരനാണ് എന്നറിഞ്ഞുകൊണ്ട് തന്നെ അയാള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു ഐ ജിയെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. തിരുവനന്തപുരത്തു നിന്നും പല തവണ ഐ ജി തന്റെ ഔദ്യോഗികവാഹനത്തില്‍ മോന്‍സനെ കാണാനായി അയാളുടെ കലൂരിലുള്ള വസതിയില്‍ എത്തിയിരുന്നുവെന്നതിനും ക്രൈം ബ്രാഞ്ചിന് തെളിവ് കിട്ടിയിരുന്നു. മോന്‍സന്റെ തട്ടിപ്പ് പുരാവസ്തുക്കളുടെ വില്‍പ്പന കേന്ദ്രമായി പൊലീസ് ക്ലബ് ഉപയോഗപ്പെടുത്താനും ഐ ജി ലക്ഷ്ണ സഹായം ചെയ്തുകൊടുത്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ആന്ധ്ര സ്വദേശിനിയായ ഒരു ഇടനിലക്കാരിയെ മോന്‍സനുമായി പരിചയപ്പെടുത്തുന്നതും ഐ ജി ലക്ഷ്മണായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. പേരൂര്‍ക്കടയിലുള്ള പൊലീസ് ക്ലബ്ബില്‍ വച്ച് ഇവര്‍ മൂന്നുപേരും കൂടിക്കാഴ്ച്ച നടത്തിയതിന്റെയും മൂവരും നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളുടെയും വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലായിരുന്നു ഐ ജി ലക്ഷ്ണ്‍ താമസിച്ചിരുന്നത്. ഇവിടെയാണ് ആന്ധ്രാക്കാരിയാ ഇടനിലക്കാരിയുള്‍പ്പെടെ പുരാവസ്തു വാങ്ങാനെത്തിയ പലര്‍ക്കും ലക്ഷ്ണന്‍ താമസസൗകര്യം ഒരുക്കിയതും വില്‍പ്പനയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച്ചകള്‍ സജ്ജീകരിച്ചതും. മോന്‍സന്റെ കൈവശമുണ്ടായിരുന്ന ബൈബിള്‍, ഗണേശ വിഗ്രഹം, ഖുര്‍ ആന്‍ എന്നിവ പുരാവസ്തു ലേബലില്‍ വില്‍ക്കാനുള്ള നീക്കമായിരുന്നു മൂവരും നടത്തിയതെന്നാണ് കിട്ടിയ തെളിവുകളിലൂടെ വ്യക്തമാകുന്നത്.