'ഞാന്‍ നാലണ മെമ്പറാണ്, എന്നോട് കാര്യങ്ങള്‍ ആലോചിക്കണമെന്നില്ല; പക്ഷേ, ഉമ്മന്‍ ചാണ്ടി അങ്ങനെയല്ല' 

 
chennithala

പലപ്പോഴും അച്ചടക്ക നടപടി എടുത്തിരുന്നെങ്കില്‍ ഇന്നത്തെ പലരും പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നില്ല

ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഉടലെടുത്ത ഗ്രൂപ്പ് വിഷയങ്ങളില്‍ പരസ്യ പ്രതികരണവുമായി രമേശ് ചെന്നിത്തല. തന്റെയും ഉമ്മന്‍ ചാണ്ടിയുടെയും കാലത്ത് കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവന്നു. അധികാരം കിട്ടിയപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ല. അഹങ്കാരത്തിന്റെ ഭാഷയില്‍ സംസാരിച്ചിട്ടില്ല. ഇഷ്ടമില്ലാത്തവരെക്കൂടി ചേര്‍ത്തുനിര്‍ത്തി, എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനാണ് ശ്രമിച്ചത്. കെ കരുണാകരനെയും മുരളീധരനെയും തിരികെ കൊണ്ടു വന്നതടക്കം ആ സമയത്താണെന്നും ചെന്നിത്തല പറഞ്ഞു. കോട്ടയം ഡിസിസി അധ്യക്ഷനായി നാട്ടകം സുരേഷ് ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു പ്രതികരണം.   

തന്നോട് കാര്യങ്ങള്‍ ആലോചിക്കണമെന്നില്ല. താന്‍ നാലണ മെമ്പര്‍ മാത്രമാണ്. പക്ഷേ ഉമ്മന്‍ ചാണ്ടി അങ്ങനെയല്ല. അദ്ദേഹം എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. സംഘടനാപരമായ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയുമായി ആലോചിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. ഒരുമിച്ചു നില്‍ക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇപ്പോള്‍ നടക്കുന്നത് റിലേ ഓട്ടമത്സരം അല്ല. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോവുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം. 

മുതിര്‍ന്ന നേതാവ് എന്ന് പറയുമ്പോള്‍ തനിക്ക് അധികം പ്രായമൊന്നും ആയിട്ടില്ല. പറയുന്ന പലരും 74-75 വയസ് എത്തിയവരാണ്. തനിക്ക് 63 വയസ് മാത്രമാണുള്ളത്. പുതിയ നേതൃത്വം അച്ചടക്കത്തെക്കുറിച്ച് പറയുന്നത് സന്തോഷം തന്നെയാണ്. എന്നാല്‍ മുന്‍പ് പലപ്പോഴും അച്ചടക്ക നടപടി എടുത്തിരുന്നെങ്കില്‍ ഇന്നത്തെ പലരും പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് അതൊന്നും ഇങ്ങോട്ടു പറയണ്ട. ഉമ്മന്‍ചാണ്ടിയെ അവഗണിച്ച് ആര്‍ക്കും മുന്നോട്ടുപോകാനാവില്ല. 

കോണ്‍ഗ്രസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇല്ലെന്ന് പറഞ്ഞിട്ടു കാര്യമില്ല. കരുണാകരന്‍ പോയപ്പോള്‍ ഉമ്മന്‍ കോണ്‍ഗ്രസ് എന്ന് പറഞ്ഞു. 17 വര്‍ഷം താനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിനെ നയിച്ചു. താന്‍ കെപിസിസി പ്രസിഡന്റും ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായി. ആ കാലയളവിലെ തെരഞ്ഞെടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസിന് ഉണ്ടായത്. അത്ഭുതകരമായ തിരിച്ചുവരവാണ് അന്ന് കോണ്‍ഗ്രസ് നടത്തിയതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ രൂപപ്പെടുന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍-പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കൂട്ടുകെട്ടിനെതിരെ എ,ഐ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നുവെന്ന സൂചനകളെ ശരിവെക്കുന്നതായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി മുതിര്‍ന്ന നേതാവ് കെ.സി ജോസഫും പ്രതികരിച്ചിരുന്നു. മികച്ച പ്രവര്‍ത്തനം നടത്തിയെങ്കിലും മെയ് രണ്ട് കഴിഞ്ഞപ്പോള്‍ ചെന്നിത്തല പലര്‍ക്കും ആരുമല്ലാതായെന്നായിരുന്നു ജോസഫിന്റെ വിര്‍ശനം. ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച നേതാക്കളുടെ നടപടിയിലും ജോസഫ് പ്രതികരിച്ചു. അച്ചടക്കം വണ്‍വേ ട്രാഫിക് ആയി മാറാന്‍ പാടില്ല. ഉമ്മന്‍ ചാണ്ടിക്കെതിരായ പ്രതികരണത്തെ വിമര്‍ശിക്കാന്‍ നേതൃത്വം തയ്യാറാകാത്തത് ശരിയായില്ല. സമൂഹമാധ്യമങ്ങളില്‍ ബോധപൂര്‍വമായ ആക്രമണമുണ്ടായി. പണം കൊടുത്തു ചിലരുടെ ഏജന്റുമാര്‍ നടത്തിയ ആക്രമണമാണ് അത്. ശത്രുക്കളുടെ ഭാഗത്തുനിന്നല്ല ഇത് ഉണ്ടായത്. ഇതിനെ എതിര്‍ക്കാന്‍ പാര്‍ട്ടി മുന്നോട്ടു വന്നില്ല. ആരോടും വിശദീകരണം പോലും ചോദിച്ചില്ലെന്നും ജോസഫ് കുറ്റപ്പെടുത്തി.