'കുറ്റം ചെയ്തത് ഞാനല്ല, ഈ യാത്ര ഞാന്‍ തുടരും,തനിച്ചല്ലെന്നും തിരിച്ചറിയുന്നു'

അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്
 
actress note

എത്ര പ്രതിസന്ധി നേരിടേണ്ടി വന്നാലും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് ഉറപ്പോടെ പ്രഖ്യാപിക്കുകയാണ് അതിജീവിതയായ നടി. അതിനിര്‍ണായകമായ വഴികളില്‍ കേസ് എത്തപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ മൗനം ഭേദിച്ച് നടി രംഗത്തു വന്നിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് പിന്നിട്ട വഴികളെക്കുറിച്ചും മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ചും സുവ്യക്തമായ വാക്കുകളിലൂടെ നടി വ്യക്തമാക്കിയിരിക്കുന്നത്.

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നു; എനിക്കു വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്കു വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്നു തിരിച്ചറിയുന്നു.

നീതി പുലരാനും, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്രതുടര്‍ന്നുകൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി'

actress note

നടിയുടെ വാക്കുകള്‍ക്ക് വലിയ പിന്തുണയാണ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമെന്ന പ്രഖ്യാപനങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മുഴങ്ങുന്നത്. അവള്‍ക്കൊപ്പം നിന്നുകൊണ്ട് അവള്‍ക്കുവേണ്ടി ശബ്ദിക്കുമെന്ന ഉറച്ച പ്രഖ്യാപനവും സാമൂഹ്യമാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ നടത്തിയിട്ടുണ്ട്.