കർദിനാൾ മാർ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

 
george-alenchery

വിവാദമായ സീറോമലബാര്‍ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ലാൻഡ് റവന്യൂ അസിസ്റ്റൻ്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ഏഴംഗ സമിതിയാകും അന്വേഷണം നടത്തുക. ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടോ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം.

സീറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദ്ദിനാൾ വിചാരണ നേരിടണമെന്ന സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി അടുത്തിടെ ശരിവെച്ചിരുന്നു. ആലഞ്ചേരിയുടെ അപ്പീൽ തള്ളിയ ഹൈക്കോടതി ആറു കേസിൽ ഒന്നിൽ കൂടുതൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് അന്വേഷണത്തിനുള്ള പുതിയ ടീം.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള  60 സെൻ്റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷണങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് കേസ്. വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. യഥാർത്ഥ പട്ടയത്തിന്റെ അവകാശിയെയും കണ്ടെത്തിയ പൊലീസും കൂടുതൽ അന്വേഷണം ശുപാർശ ചെയ്തിരുന്നു. അതിവേഗം റിപ്പോർട്ട് നൽകാനാണ് നിദ്ദേശം. വിചാരണയിൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നായിരുന്നു കർദ്ദിനാൾ അറിയിച്ചത്. അതിനിടെയാണ് ഭൂമി ഇടപാടിലെ റവന്യു അന്വേഷണം.