ദൈവം മരിച്ചു എന്നാണോ കരുതേണ്ടത്? ഈ വിധി വേദനാജനകം: സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ 

ഇതൊരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല, കന്യാസ്ത്രീ സമൂഹം മുഴുവനായി നേരിടുന്ന ചൂഷണമാണിത്
 
sister lucy

'ബഹുമാനപ്പെട്ട കോടതി എന്തുകൊണ്ട് ഇരയാക്കപ്പെട്ട സ്ത്രീകളുടെ ഭാഗത്ത് നിന്ന്  ചിന്തിച്ചില്ല എന്നതിന് ഒരു മറുപടി പറയാന്‍ എനിക്ക് സാധിക്കുന്നില്ല. ദുര്‍ബല വിഭാഗത്തിന് അന്തസോടെ ജീവിക്കാന്‍ അനുകൂലമായ നിരവധി നിയമങ്ങള്‍ നമ്മുടെ ഭരണ ഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. എന്നിട്ടും അതൊക്കെ എന്തുകൊണ്ട് അട്ടിമറിക്കപ്പെട്ടു എന്നും എനിക്ക് മനസിലാവുന്നില്ല. തികച്ചും വേദനാജനകവും ഖേദകരവുമാണ് ഈ വിധി.' കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാണെന്ന കോടതി വിധിക്ക് ശേഷം സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ അഴിമുഖത്തോട് നടത്തിയ പ്രതികരണമാണിത്.

'ഇതൊരു വ്യക്തിയുടെ മാത്രം പ്രശ്‌നമായി ഞാന്‍ കാണുന്നില്ല. കന്യാസ്ത്രീ സമൂഹം മുഴുവനായി നേരിടുന്ന ചൂഷണമാണിത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ അല്ലെങ്കില്‍ തങ്ങള്‍ നേരിടുന്ന ചൂഷണം തുറന്നു പറയാന്‍ ധൈര്യമുള്ള വിരലില്‍ എണ്ണാവുന്ന ആള്‍ക്കാര്‍ മാത്രമാണുള്ളത്. മറ്റുള്ളവര്‍ അനുസരണയെന്ന അടിമത്തത്തിന്റെ കീഴിലാണ്. അവര്‍ക്ക് വേണ്ടി കൂടിയുള്ള സമരമാണ് ഇനിയുള്ള ജീവിതം. സമ്പത്തും ആള്‍ക്കാരും രാഷ്ട്രീയവും  ഉണ്ടെങ്കില്‍ ഏത് തെറ്റിനെയും ശരിയാക്കി മാറ്റാം. ഈ പ്രവണത ഒരു ജനാധിപത്യ  രാജ്യത്തിന് ഭൂഷണമല്ല. അതുകൊണ്ടുതന്നെ ഇത്തരമൊരു സാമൂഹിക വിപത്തിനെതിരെ പോരാടുക എന്നത് തന്നെയാണ് പറയാനുള്ളത്. എന്തുകൊണ്ട് ഇങ്ങനെ ഒരു വിധി വന്നു എന്നത് അന്വേഷണത്തില്‍ കണ്ടെത്തട്ടെ.

ദൈവവത്തിന് സമമായാണ് കോടതിയെ കാണുന്നത്. അവിടെ തെറ്റ് സംഭവിച്ചവെന്നാല്‍ ദൈവം മരിച്ചു എന്നതാണ്. ഇപ്പോഴും കോടതിയെയും ജുഡീഷ്യറിയെയും പൂര്‍ണമായി വിശ്വസിക്കുന്നു.'- സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ അഴിമുഖത്തോട് പറഞ്ഞു.

കുറവിലങ്ങാട് പള്ളിയിലേക്ക് കാറില്‍ പായുന്ന ആലഞ്ചേരി പിതാവ് കാണാത്ത കന്യാസ്ത്രീകളെ തേടി ന്യൂയോര്‍ക്ക് ടൈംസ് ജേര്‍ണലിസ്റ്റ് മരിയ ഹബീബ്

നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയായ കന്യാസ്ത്രീയുടെ പരാതിയില്‍ 2018 ജൂണിലാണ് കുറവിലങ്ങാട് പൊലീസ് ഫ്രാങ്കൊക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാതിരുന്നതോടെയാണ് മഠത്തിന്റെ മതില്‍ക്കെട്ടിന് പുറത്തേക്ക് കന്യാസ്ത്രീകള്‍ ശബ്ദമുയര്‍ത്തിയത്. സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ അഞ്ച് പേര്‍ സമരത്തിനിറങ്ങി. കോട്ടയത്ത് നിന്ന് കൊച്ചിയിലെ വഞ്ചി സ്‌ക്വയറിലേക്ക് എത്തിയായിരുന്നു സമരം. സഹപ്രവര്‍ത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിന്റെ അറസ്റ്റ് എന്നതായിരുന്നു ആവശ്യം. 

സമരത്തിന്റെ പന്ത്രണ്ടാം ദിവസം ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഹാജരായി. എന്ത് നടന്നാലും ബിഷപ്പിന്റെ അറസ്റ്റില്ലെങ്കില്‍ സമരം പിന്‍വലിക്കില്ലെന്ന് സമരസമിതി നിലപാടെടുത്തു. ആദ്യദിവസം നിരാശയായിരുന്നു ഫലം. രണ്ടാം ദിവസം ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകുമെന്ന സൂചനകള്‍ ശക്തമായി. പൊലീസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പ് തുടര്‍ന്നു. ഒടുവില്‍ അറസ്റ്റില്‍ സ്ഥിരീകരണം എത്തി.

മേയ് നാലിനായിരുന്നു പാല സെഷന്‍സ് കോടതിയില്‍ കന്യാസ്ത്രീ പീഢനക്കേസിലെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയ കന്യാസ്ത്രീ പീഡനക്കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറിക്കയത്. അഡ്വക്കേറ്റ ജിതേഷ് ബാബുവായിരുന്നു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 342,376(2) (K),376(2)(N), 376 (c)(a),377,506(1) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളായിരുന്നു പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ ചുമത്തിയത്. മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍,ആവര്‍ത്തിച്ചുള്ള ബലാത്സംഗം, അധികാര ദുര്‍വിനിയോഗം നടത്തിയുള്ള ലൈംഗിക ചൂഷണം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അന്യായമായി തടഞ്ഞുവെയ്ക്കല്‍, സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളായിരുന്നു അന്വേഷണ സംഘം ഫ്രാങ്കോയ്‌ക്കെതിരേ കണ്ടെത്തിയത്. പരമാവധി ജീവപര്യന്തം കിട്ടുന്ന വകുപ്പുകളായിരുന്നു ചുമത്തിയത്.

2020 സെപ്റ്റംബറില്‍ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വിചാരണ നടപടികള്‍. കഴിഞ്ഞയാഴ്ചയോടെ വിചാരണ പൂര്‍ത്തിയായി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ഇന്ന് വിധി പ്രസ്താവിച്ചത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു വിചാരണ നടപടികള്‍. അതിനാല്‍, കേസുമായി ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങള്‍ കോടതിയില്‍ ചര്‍ച്ചയായെന്ന കാര്യം വ്യക്തമല്ല

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, മൂന്ന് ബിഷപ്പുമാര്‍, 11 വൈദികര്‍, 24 കന്യാസ്ത്രീകള്‍, രഹസ്യമൊഴിയെടുത്ത ഏഴു മജിസ്ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ എന്നിവരുള്‍പ്പെടെ 83 സാക്ഷികളാണ് കേസിലുള്ളത്. 83 സാക്ഷികളില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂലമായാണ് നിലപാടെടുത്തത്. പ്രതിഭാഗത്തുനിന്ന് ആറ് സാക്ഷികളെയും വിസ്തരിച്ചു. ഫ്രാങ്കോയുടെ മൊബൈല്‍ ഫോണും ലാപ് ടോപ്പും ഉള്‍പ്പെടെ 122 പ്രമാണങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. 

എന്നാല്‍ ഇവയൊന്നും പ്രതി കുറ്റം ചെയ്തതായുള്ള തെളിവെന്ന നിലയില്‍ കോടതി പരിഗണിച്ചില്ലെന്നും ഫ്രാങ്കോക്കെതിരായ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിനോ സാക്ഷി മൊഴികള്‍ക്കോ കഴിഞ്ഞില്ലെന്നും വ്യക്തമാകുന്നതാണ് നിലവിലെ വിധി. കേസിലുണ്ടായ കാലതാമസം പ്രോസിക്യൂഷന്‍ വാദത്തെ പ്രതികൂലമായി ബാധിച്ചു. സാക്ഷികളുടെ വാക്കാലുള്ള തെളിവുകള്‍ അല്ലാതെ ശാസ്ത്രീയമായ മറ്റൊരു തെളിവുകളും ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രതിയെ ശിക്ഷിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.  പ്രതിയെ വെറുതെ  വിടുന്നു എന്നതാണ് കോടതി വിധിയില്‍ നിന്നു മനസിലാക്കാന്‍ സാധിക്കുന്നതെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

അന്വേഷണത്തിലെ ഓരോ ചെറിയ കുഴപ്പത്തിന്റെയും വീഴ്ച്ചയുടേയുമൊക്കെ ആനുകൂല്യം പ്രതിക്കാണ്. രണ്ടു സാധ്യതകള്‍ ഒരുപോലെ വന്നാല്‍, അതില്‍ പ്രതിക്കനുകൂലമായ സാധ്യത എടുക്കണമെന്നു തന്നെയാണു നിയമം. അതുകൊണ്ടുതന്നെ പ്രതി കുറ്റം ചെയ്തതായി സംശയാതീതമായി തെളിയിക്കപ്പെട്ടില്ല എന്ന കാരണത്താല്‍ പ്രതിയെ വെറുതെ വിടുമ്പോഴും ഇര എന്ന സത്യം ശേഷിക്കുന്നുണ്ട്. ഇരയ്ക്ക് മുറിവേറ്റു എന്ന തര്‍ക്കമില്ലാത്ത വസ്തുത ബാക്കിയാവുന്നുണ്ട്. പ്രതിയല്ല ചെയ്തതെങ്കില്‍ പിന്നെയാരാണ് എന്നതില്‍ വ്യക്തത വരുത്താനുള്ള ഉത്തരവാദിത്വം ആര്‍ക്ക് എന്നത് ഇപ്പോഴും അവ്യക്തമാണ്.