തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരോ? മരംമുറി ഉത്തരവില്‍ ഉത്തരമില്ലാതെ സര്‍ക്കാര്‍

മരം മുറിക്കാന്‍ അനുമതി നല്‍കിയത് അറിഞ്ഞിട്ടില്ലെന്ന് വനം-ജല വകുപ്പ് മന്ത്രിമാര്‍
 
mullaperiyar
ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കുമെന്നു പറയുമ്പോഴും ഉത്തരവ് റദ്ദാക്കുന്ന കാര്യത്തില്‍ മൗനം

മുല്ലപ്പെരിയാര്‍ ഡാം പരിസരത്ത് മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കി ഉത്തരവ് ഇറങ്ങിയത് കേരളത്തിന്റെ മുഖ്യമന്ത്രിയോ വനം-ജലസേചന മന്ത്രിമാരോ അറിയാതെ. മരം മുറിക്കാന്‍ അനുമതി കിട്ടിയതില്‍ സന്തോഷം അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്തയച്ചപ്പോഴാണ് ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയുന്നതെന്നാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറയുന്നത്. ജലസേചന വകുപ്പ് മന്ത്രിയുടെ ഓഫീസും ഇതേ കാര്യം പറഞ്ഞാണ് കൈ കഴുകുന്നത്. മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുമ്പോഴാകാട്ടെ വ്യക്തമായൊരു ഉത്തരവുമില്ല. ഉത്തരവിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നോ അറിഞ്ഞിരുന്നെന്നോ ഒന്നും പറയുന്നില്ല. ഇതോടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തി വന്നിരിക്കുകയാണ്. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന, കാലങ്ങളായി രണ്ട് സംസ്ഥാനങ്ങളില്‍ക്കിടയില്‍ നീറപ്പുകഞ്ഞു നില്‍ക്കുന്ന ഒരു വിഷയത്തില്‍ നിരുത്തരവാദപരമായൊരു നീക്കം നടത്തിയിട്ട് യാതൊന്നും അറിഞ്ഞിരുന്നില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ കേരളത്തില്‍ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമാണോ എന്ന ചോദ്യമാണ് ശക്തമാകുന്നത്.

അതേസമയം, വിവാദ ഉത്തരവ് ഇറക്കിയതുമായി ബന്ധപ്പെട്ട് ചീഫ് ഫോറസ്റ്റ് ഓഫിസറോട് വിശദീകരണം ചോദിച്ചുവെന്ന് വനം മന്ത്രി പറയുമ്പോഴും ഇറക്കിയ ഉത്തരവ് റദ്ദാക്കുമോ എന്ന ചോദ്യത്തിന് മന്ത്രിക്ക് ഉത്തരമില്ല. വിശദീകരണം കിട്ടിയശേഷം ബാക്കി നടപടികളെന്നാണ് എന്‍ കെ ശശീന്ദ്രന്റെ പ്രതികരണം. ഉത്തരവ് റദ്ദാക്കിയാല്‍ തന്നെ തമിഴ്‌നാടിന്റെ പ്രതികരണം എങ്ങനെയാകുമെന്നതും ഗൗരവമേറിയതാണ്. കേരളവുമായി ഏറെ സൗഹൃദം പുലര്‍ത്തുന്ന സര്‍ക്കാരാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ളത്. മരം മുറി ഉത്തരവ് റദ്ദാക്കുന്ന പക്ഷം ഈ സൗഹൃദം ഉലയാനുള്ള സാഹചര്യവുമുണ്ട്. മരം മുറിക്കാനുള്ള അനുമതിക്ക് കേരളത്തോട് നന്ദി പറഞ്ഞിരിക്കുന്ന സ്റ്റാലിന്‍ ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താനുള്ള തടസം നീങ്ങിയതായും തന്റെ ട്വീറ്റില്‍ കുറിച്ചിട്ടുണ്ടായിരുന്നു. ബേബി ഡാം ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് മുഖ്യമന്ത്രിയുടെ ട്വീറ്റില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നത്. 

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മതിയെന്നും മുല്ലപ്പെരിയാറിലെ അണക്കെട്ട് പൊളിക്കേണ്ടെന്നുമുള്ള തമിഴ്‌നാടിന്റെ വാദത്തിന് പിന്തുണ കൊടുക്കുന്ന പ്രവര്‍ത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ബേബി ഡാമിന് സമീപത്തെ മരം മുറിക്കുന്നത് ഡാം ദുര്‍ബലപ്പെടുന്നതിന് കാരണമാകുമെന്ന ശാസ്ത്രീയ കണ്ടെത്തലുകളുള്ളപ്പോള്‍ തന്നെയാണ് ഇങ്ങനെയൊരു ഉത്തരവ് പുറത്ത് വന്നതെന്നതും സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്നുണ്ട്.

ബേബി ഡാം ശക്തിപ്പെടുത്തിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതോടെയാണ് കേരളത്തില്‍ പ്രതിഷേധം ഉയര്‍ന്നത്. ബേബി ഡാം ബലപ്പെടുത്തിയതിനുശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനും പറഞ്ഞിരുന്നു. ബേബി ഡാം ശക്തിപ്പെടുത്താനുള്ള നീക്കം തമിഴ്‌നാട് കഴിഞ്ഞ കാലങ്ങളായി തുടരുന്നുണ്ടായിരുന്നു. അതിനുള്ള പ്രധാന തടസം ബേബി ഡാമിന് പരിസരത്തുള്ള മരങ്ങള്‍ മുറിച്ചു മാറ്റുകയെന്നതായിരുന്നു. ഇതിനുള്ള അനുമതിയ്ക്കായി തമിഴ്‌നാട് കേരള സര്‍ക്കാരില്‍ നിന്നും നേടിയെടുക്കാന്‍ പരിശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തിന്റെ ആശങ്ക ഇതിനുള്ള തടസമായിരുുന്നു. ആ തടസമാണ് മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരോ അറിയാതെ ഒരു ഉദ്യോഗസ്ഥന്‍ നല്‍കിയത് എന്നിടത്താണ് വിഷയം ഗുരുതരമായിരിക്കുന്നത്. കേവലം ഒരു ഉദ്യോഗസ്ഥന്‍ തന്നിഷ്ടപ്രകാരം ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതെങ്കില്‍, കേരളത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണെന്ന് സമ്മതിക്കേണ്ടി വരുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മറിച്ചാണെങ്കില്‍, മുഖ്യമന്ത്രിയടക്കം അറിഞ്ഞു തന്നെയാണ് മരം മുറിക്കാന്‍ അനുമതി നല്‍കിയതെന്നും അഞ്ചു ലക്ഷത്തോളം ജനങ്ങളുടെ ജീവനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് യാതൊരു ആശങ്കയില്ലെന്നു തെളിഞ്ഞതായും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് അറിഞ്ഞു തന്നെയാണ് മരം മുറിക്കാന്‍ അനുമതി നല്‍കിയതെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആരോപിക്കുന്നത്. സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് വെളിപ്പെട്ടിരിക്കുന്നതെന്നാണ് വി എം സുധീരന്റെ വിമര്‍ശനം. തമിഴ്‌നാടിന്റെ ഭീഷണിക്ക് കേരള സര്‍ക്കാര്‍ വഴങ്ങിയെന്നും ബേബി ഡാം ശക്തിപ്പെടുത്തുകയല്ല മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുകയാണ് കേരളത്തിന്റെ ആവശ്യമെന്നുമാണ് മുന്‍ ജലവിഭവശേഷി വകുപ്പ് മന്ത്രി കൂടിയായ പി ജെ ജോസഫ് പറയുന്നത്.