ദത്ത് നല്‍കാന്‍ ലൈസന്‍സ് ഉണ്ട്; അരോപണങ്ങള്‍ നിഷേധിച്ച് ശിശുക്ഷേമ സമിതി

ഇപ്പോള്‍ നടക്കുന്നത് സമിതിയെ തകര്‍ക്കാനുള്ള ശ്രമമെന്ന് ഷിജൂഖാന്‍
 
 
shijukhan-anupama

ദത്ത് വിവാദത്തില്‍ തങ്ങള്‍ക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് ശിശുക്ഷേമ സമിതി. ദത്ത് നല്‍കാനുള്ള അനുമതിയില്ലാതെയാണ് ശിശുക്ഷേമ സമിതി പ്രവര്‍ത്തിക്കുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജനറല്‍ സെക്രട്ടറി ഡോ. ഷിജൂഖാന്‍ ജെ എസ് പറഞ്ഞു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സമിതിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത്തരം കുപ്രചാരണങ്ങള്‍ പൊതുസമൂഹം തള്ളിക്കളയണമെന്നും ഷിജൂഖാന്‍ അഭ്യര്‍ത്ഥിച്ചു.

ദത്ത് നല്‍കാനുള്ള ലൈസന്‍സ് ശിശുക്ഷേമ സമിതിക്ക് ഇല്ലെന്നും, അനുപമ എസ് ചന്ദ്രന്റെ കുട്ടിയെ ദത്ത് നല്‍കിയത് ശിശുക്ഷേമ സമിതി നടത്തിയ കുട്ടിക്കടത്താണെന്നുമുള്ള ആക്ഷേപങ്ങളെയും ഷിജൂ ഖാന്‍ തള്ളിക്കളയുകയാണ്. ജുവനൈല്‍ ജസ്റ്റീസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരം സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സിയ്ക്കുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്(25/2017 നമ്പര്‍) സമിതിക്കുണ്ടെന്നും 2017 ഡിസംബര്‍ 20 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന നിലവിലെ രജിസ്‌ട്രേഷന് 2022 വരെ കാലയളവ് ഉണ്ടെന്നുമാണ് ശിശുക്ഷേമ തമിതി ജനറല്‍ സെക്രട്ടറി വിശദീകരിക്കുന്നത്. സിഡബ്ല്യുസി ഉത്തരവ് പ്രകാരമാണ് അനാഥരും ഉപേക്ഷിക്കപ്പെടുന്നവരും താത്കാലിക പരിരക്ഷ ആവശ്യമുള്ളവരുമായ കുഞ്ഞുങ്ങളെ സമിതി പരിപാലിക്കുന്നതെന്നും ജനറല്‍ സെക്രട്ടറി പറയുന്നു.

ദത്ത് നല്‍കുന്നതിനുള്ള അംഗീകൃത സ്ഥാപനമാണെങ്കിലും ലൈസന്‍സ് കാലാവധി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് അനുപമയുടെ കുട്ടിയെ ദത്ത് നല്‍കിയതെന്നായിരുന്നു ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രധാന ആരോപണം. അനുപമയും അവരുടെ സമരത്തെ പിന്തുണയ്ക്കുന്നവരും ഈ ആരോപണം ഉയര്‍ത്തി ജനറല്‍ സെക്രട്ടറിക്കെതിരേ രംഗത്തു വന്നിരുന്നു. സ്റ്റേറ്റ് അഡോപ്ഷന്‍ റെഗുലേറ്ററി അതോററ്റി നല്‍കിയ അഫിലിയേറ്റ് ലൈസന്‍സ് ഉപയോഗിച്ചായിരുന്നു ശിശുക്ഷേമ സമിതി ദത്ത് നടപടികള്‍ നടത്തിയിരുന്നതെന്നും പ്രസ്തുത ലൈസന്‍സിന്റെ കാലാവധി 2016 ല്‍ അവസാനിച്ചിരുന്നുവെന്നുമാണ് സമിതിക്കും ജനറല്‍ സെക്രട്ടറിക്കും എതിരേ നിരത്തിയ പരാതി. കഴിഞ്ഞ ദിവസം തിരുവനന്തപുരം കുടുംബ കോടതിയില്‍ ദത്ത് കേസ് പരിഗണിച്ചപ്പോള്‍ ലൈസന്‍സ് പുതുക്കാത്തതിന്റെ പേരില്‍ കോടതിയുടെ വിമര്‍ശനം സമിതിക്കുനേരെ ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ലൈസന്‍സ് പുതുക്കാത്തതിന്റെ യഥാര്‍ത്ഥരേഖ സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയില്ലെന്നതായിരുന്നു കോടതിയുടെ വിമര്‍ശനത്തിന് കാരണമായി പറഞ്ഞത്. എന്നാല്‍, ലൈസന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഒറിജനല്‍ രേഖ ഹാജരാക്കാന്‍ വിട്ടുപോയപ്പോള്‍, അതിനെ കുറിച്ച് ചോദിക്കുക മാത്രമാണ് കോടതി ചെയ്തതെന്നുമാണ് ശിശുക്ഷേമ സമിതി പ്രതിനിധികള്‍ പറയുന്നത്.

ലൈസന്‍സില്ലാത്ത സമയത്ത് കുട്ടിയെ ദത്ത് നല്‍കിയതിന് ജനറല്‍ സെക്രട്ടറി ഷിജൂഖാനെതിരേ നടപടിയെടുക്കണമെന്നും തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നും അനുപമയും അവരെ പിന്തുണയ്ക്കുന്നവരും ആവശ്യപ്പെടുന്നുണ്ട്. ശിശുക്ഷേമ സമതിക്ക് മുന്നില്‍ അനുപമ തുടരുന്ന സമരത്തിലെ ഒരു പ്രധാന ആവശ്യവും ഷിജൂഖാനെതിരേ നടപടിയുണ്ടാകണമെന്നതാണ്. ഈ ആരോപണങ്ങളാണ് പുറത്തിറക്കിയ ശിശുക്ഷേമ സമിതി തള്ളിക്കളയുന്നത്.

ദത്തെടുക്കല്‍-ശിശുപരിപാലന രംഗത്ത് കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ അനുസരിച്ചാണ് ശിശുക്ഷേമ സമിതി പ്രവര്‍ത്തിച്ചു വരുന്നതെന്നാണ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കുന്നത്. കുഞ്ഞുങ്ങളുടെ സുരക്ഷയും ആരോഗ്യവും സ്വകാര്യതയുടെ സംരക്ഷണവുമാണ് സമിതിക്ക് ഏറ്റവും പ്രധാനമെന്നും ദേശീയ-അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്നും ജനറല്‍ സെക്രട്ടറി പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പ്രസ്താവിക്കുന്നുണ്ട്. പൊതുസമൂഹവും കുട്ടികളെ സ്‌നേഹിക്കുന്നവരും സമിതിയില്‍ അര്‍പ്പിച്ച വിശ്വാസവും കരുതലും കാത്തുസൂക്ഷിക്കാന്‍ സമിതി പ്രതിജ്ഞാബദ്ധമാണെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സമിതിയെ തകര്‍ക്കാനുള്ള കുപ്രചരണത്തെ തള്ളിക്കളയണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്.