ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം

 
Siby Mathews

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന കേസില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ഉള്‍പ്പെടെ നപടികളിലേക്ക് കടന്നേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിബി മാത്യൂസ് ഉള്‍പ്പെടെ കേസില്‍ പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. 

നേരത്തെ, പ്രതിപ്പട്ടികയില്‍ ഒന്നാമതുള്ള എസ്. വിജയന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. പിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതി സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിവസങ്ങളോളം നീണ്ട വാദങ്ങള്‍ക്കുശേഷമാണ് കോടതിയുടെ തീരുമാനം. റോയും ഐബിയും പറഞ്ഞിട്ടാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്നാണ് സിബി മാത്യൂസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. നമ്പി നാരായണനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസം കേസ് സിബിഐ ഏറ്റെടുത്തതിനാല്‍ തനിക്ക് നമ്പിനാരായണനെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ലെന്നും സിബി മാത്യൂസ് വാദിച്ചു. 

അതേസമയം, കേസിലെ പ്രതികളെല്ലാം ഉന്നതല ബന്ധമുള്ളവരാണെന്നും ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്താല്‍ മാത്രമേ സത്യാവസ്ഥ പുറത്തുവരൂ എന്നുമായിരുന്നു സിബിഐയുടെ വാദം. അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുപറയാന്‍ കഴിയില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നമ്പി നാരായണനും മറിയം റഷീദയും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ വാദങ്ങളെല്ലാം കേട്ടശേഷമാണ് കോടതി സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.