തെളിവ് കൈമാറാനാണ് ഹാജരായത്; കുഞ്ഞാലിക്കുട്ടിയെയും മകനെയും ഇഡി ചോദ്യം ചെയ്യുമെന്ന് കെ.ടി.ജലീല്‍

 
jaleel

ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട്  മൊഴി നല്‍കുന്നതിന് വേണ്ടിയാണ് ഇഡിക്ക് മുന്നില്‍ ഹാജരായതെന്ന് കെ.ടി.ജലീല്‍ എംഎല്‍എ. കള്ളപ്പണ വെളുപ്പിക്കല്‍ ആരോപണത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെയും മകനെയും ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. നാളെ കുഞ്ഞാലിക്കുട്ടിയോടും ഏഴാം തീയതി മകനോടും ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിരിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്കെതിരെ തന്റെ പക്കലുള്ള തെളിവുകളെല്ലാം ഇഡിക്ക് നല്‍കി. കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ചന്ദ്രികയെ മറയാക്കിയതിന്റെ രേഖകള്‍ കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില രേഖകള്‍ കൂടി ആവശ്യമുണ്ടെന്ന് ഇഡി പറഞ്ഞിട്ടുണ്ട്. ആ രേഖകളും ഉടന്‍ സംഘടിപ്പിച്ച് ബന്ധപ്പെട്ടവര്‍ക്ക് കൊടുക്കുമെന്ന് ജലീല്‍ പറഞ്ഞു. ലീഗ് സ്ഥാപനങ്ങളേയും ചന്ദ്രികയേയും ഉപയോഗിച്ച് കുറച്ചു കാലമായി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുന്നു. ആ വിവരങ്ങളും ഇഡിക്ക് കൈമാറിയെന്ന് ജലീല്‍ പറഞ്ഞു. കേസില്‍ ലീഗ് പ്രതികൂട്ടിലാകുമോയെന്ന് കാത്തിരുന്ന് കാണാം. എആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വരുന്നതേയുള്ളൂയെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രി. 

അതേസമയം മറ്റുപലരുടേയും സാമ്പത്തിക ഉറവിടം സംബന്ധിച്ച് വിവരങ്ങള്‍ ഇഡി ചോദിച്ചു. അതുകൊടുത്തിട്ടുണ്ടെന്നും ജലീല്‍ വ്യക്തമാക്കി. 
ചന്ദ്രിക പത്രത്തേയും മുസ്ലിംലീഗ് സംഘടനയേയും സ്ഥാപനങ്ങളേയും മറയാക്കി കള്ളപ്പണം വെളുപ്പിക്കുക, അവിഹത ധനസമ്പാദനം നടത്തുക എന്നത് കുറച്ചുകാലമായി നടന്നുവരുന്നുണ്ട്. ചന്ദ്രികയുടെ നാലര കോടി ഉപയോഗിച്ച് കോഴിക്കോട് നലേക്കര്‍ സ്ഥലം വാങ്ങി. മുസ്ലിംലീഗ് ഓഫീസ് നിര്‍മിക്കാനാണ് വാങ്ങിയത്.  രണ്ടേകാല്‍ ഏക്കര്‍ സ്ഥലം വാങ്ങിയത് ഹൈദരലി തങ്ങളുടെ പേരിലാണ്. നിര്‍മാണത്തിന് അനുയോജ്യമായ രണ്ടേക്കര്‍ സ്ഥലം വാങ്ങിയത് ഒരു പ്രമുഖ നേതാവിന്റെ മകന്റെ പേരിലാണ്. ഇത്തവണ അധികാരത്തിലെത്തിയാല്‍ വെള്ളക്കെട്ടുള്ള സ്ഥലം നികത്താമെന്നായിരുന്നു വിചാരിച്ചിരുന്നതെന്നും ജലീല്‍ ആരോപിച്ചു. ഇന്ന് രാവിലെ 10.45 ഓടെയാണ് ജലീല്‍ ഇ.ഡി.ഓഫീസിലെത്തിയത്. വൈകീട്ട് നാല് മണിയോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്.