'കരുണാകരന്റെ അതേ ശൈലിയല്ല പിണറായി വിജയന്റേത്'; മലക്കം മറിഞ്ഞ് കെ.മുരളീധരന്‍ 

 
pinarayi


മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ കെ.കരുണാകരന്റെ അതേ ശൈലിയല്ല പിണറായി വിജയന്റേതെന്നാണ് കെ.മുരളീധരന്‍ പറഞ്ഞത്. കേന്ദ്ര -കേരള സര്‍ക്കാരുകള്‍ക്ക് എതിരായ യുഡിഎഫ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍. 

കരുണാകരന്‍ മതനേതാക്കളെ സഹായിച്ച് പ്രശ്നം പരിഹരിയ്ക്കുകയാണ് ചെയ്തത്. എന്നാല്‍ പിണറായി പറഞ്ഞ് പറ്റിക്കുകയാണ് ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു. പിണറായി വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന മുഖ്യമന്ത്രിയാണ് എന്നാല്‍, കെ. കരുണാകരന്‍ വാഗ്ദാനം നടപ്പാക്കിയ മുഖ്യമന്ത്രിയാണ്. നിലക്കല്‍ പള്ളി വിഷയത്തില്‍ ആര്‍എസ്എസ് കേരളത്തില്‍ കുഴപ്പം സൃഷ്ടിക്കാന്‍ നോക്കിയതാണ്. ആര്‍എസ്എസ് നീക്കം ഒരിടത്തും ചെലവായില്ല. ഈ വിഷയം കരുണാകരന്‍ നേരിട്ടാണ് കൈകാര്യം ചെയ്തതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

പിണറായി ഇപ്പോള്‍ ഒരോ സംഘങ്ങളെ അയച്ച് വാഗ്ദാനങ്ങള്‍ കൊടുക്കുകയാണ് ചെയ്യുന്നത്. അതിന് ശേഷം അവരെ പറ്റിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. നാടാര്‍ സംവരണമാണ് ഇതിന് ഒടുവിലത്തെ ഉദാഹരണമെന്നും മുരളീധരന്‍ പറഞ്ഞു. രണ്ടു മതങ്ങളെ തമ്മില്‍ തല്ലിച്ച് അധികാരത്തില്‍ തുടരാമെന്നാണോ പിണറായി വിജയന്റെ ധാരണയെന്നു കെ.മുരളീധരന്‍ ചോദിച്ചു. രണ്ടു മതവിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഹരിക്കേണ്ടതു സര്‍ക്കാരാണ്. അതിനു പകരം തമ്മില്‍ തല്ലുന്നതു കണ്ടു രസിക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനിടയില്‍ ബിജെപിക്ക് നുഴഞ്ഞുകയറാന്‍ അവസരമൊരുക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. മോഹന്‍ ഭാഗവത് പോലും പറയാത്ത ഭാഷയാണു സിപിഎം ഉപയോഗിക്കുന്നത്. രണ്ടു വിഭാഗത്തിന്റെ തെറ്റിദ്ധാരണകള്‍ നീക്കി അവരെ ഒരുമിച്ചിരുത്തി ചര്‍ച്ച നടത്താനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോയ കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്നാണ് തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച ശില്‍പശാലയില്‍ കെ. മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ജാതി-മത വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടു പോകാനുള്ള അസാധാരണ ശേഷി പിണറായിക്കുണ്ടെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.