കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന കാലഘട്ടത്തിന് ചേരാത്തതെന്ന് കെ.രാധാകൃഷ്ണന്‍

 
k radhakrishnan

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന കാലഘട്ടത്തിന് ചേരാത്തതെന്ന്  മന്ത്രി കെ.രാധാകൃഷ്ണന്‍. തന്റെ കാര്യം നോക്കാന്‍ തനിക്കറിയാമെന്ന് പാര്‍ട്ടിക്ക് നല്ല ബോധ്യമുള്ളതുകൊണ്ടാണ് 1996ല്‍ ഇതിലും ചെറുപ്പത്തില്‍ തന്നെ മന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

തന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍  എങ്ങനെയാണ് താന്‍ കൈകാര്യം ചെയ്തതെന്ന് ജനങ്ങള്‍ക്കും പാര്‍ട്ടിക്കും അറിയാം, അതിന് കൊടിക്കുന്നില്‍ സുരേഷിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കോണ്‍ഗ്രസിലെ കലാപത്തെ മറച്ചുവെക്കാനാണ് കൊടിക്കുന്നില്‍ ഇത്തരം പ്രസ്താവനയുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കാന്‍ പിണറായി വിജയന്‍ തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയും ചെയ്‌തെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചത്.  ഭരണത്തുടര്‍ച്ചയുണ്ടായതും വളരെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാലും അസൂയയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ തേജോവധം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ പല ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്ഷേപിച്ചുള്ള പ്രസ്താവന തികച്ചും സ്ത്രീവിരുദ്ധമാണെന്നും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നവോത്ഥാന നായകനെങ്കില്‍ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണ് കൊടിക്കുന്നില്‍ പറഞ്ഞത്.