കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെ അതിക്രമം; പൊലീസുകാരനെതിരെ അന്വേഷണം
 

 
d

കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെ അതിക്രമം നടത്തിയ പൊലീസുകാരന് എതിരെ അന്വേഷണം. തിരുവനന്തപുരം കരിച്ചാറയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെയാണ് അന്വേഷണം. തിരുവനന്തപുരം റൂറല്‍ എസ്പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് ചുമതല. മംഗലപുരം സ്റ്റേഷനിലെ സി.പി.ഒ ഷബീറിനെതിരെയാണ് അന്വേഷണം. 

സമരക്കാരെ പൊലീസുകാരന്‍ ബൂട്ടിട്ട് ചവിട്ടുന്നതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസുകാരെ ബൂട്ടിട്ട് ചവിട്ടിയാല്‍ പ്രത്യാഘാതമുണ്ടാകും. നടപടി വേണം. അല്ലെങ്കില്‍ കാണാമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചവിട്ടാന്‍ കാലുയര്‍ത്തും മുമ്പ് മൂന്നു തവണ ആലോചിക്കണം. പൊലീസ് തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. തന്റെ വാക്കുകള്‍ ഭീഷണിയായി വേണമെങ്കില്‍ കാണാം. ഇത്തരം അതിക്രമം വെച്ചുവാഴിക്കില്ല. പൊലീസ് കാടന്‍ രീതിയിലാണോ സമരത്തെ നേരിടേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.