സില്‍വര്‍ ലൈന്‍: കല്ലുകള്‍ പിഴുതു മാറ്റിയാല്‍ പദ്ധതി ഇല്ലാതാവില്ല, സുധാകരന്റെ വെല്ലുവിളിക്ക് കോടിയേരിയുടെ മറുപടി

 
d

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ മുന്നറിയിപ്പില്‍ പ്രതിരോധം 
തീര്‍ക്കുകയാണ് സിപിഎം. വികസന പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ ഇത്തരം സമീപനം സ്വീകരിച്ചാല്‍ ജനങ്ങള്‍  ഒറ്റപ്പെടുത്തുമെന്നും
ഇത്തരം ശ്രമങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. 

യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് ഒന്നും കോണ്‍ഗ്രസിനില്ല, സര്‍വേക്കല്ല് എടുത്തുമാറ്റിയാല്‍ സില്‍വര്‍ലൈന്‍ പദ്ധതി ഇല്ലാതാവില്ലെന്നും യുദ്ധസന്നാഹമൊരുക്കുമെന്നത് വീരസ്യം പറച്ചിലാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.  കല്ലുകള്‍ പിഴുതു മാറ്റിയാല്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

കെ-റെയില്‍ പദ്ധതിക്കെതിരായ സമരം ശക്തമാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജനങ്ങളോട് ഒരു ബാധ്യതയുമില്ലാതെയാണ് മുഖ്യമന്ത്രി സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും പിണറായി വിജയന്‍ വാശി തുടര്‍ന്നാല്‍ യുദ്ധസമാനമായ സന്നാഹവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും കെ.സുധാകരന്‍. കോടതി വിധി പോലും മാനിക്കാതെ സ്ഥാപിച്ച കെ-റെയില്‍ കല്ലുകള്‍ പിഴുതെറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയാണ് കോടിയേരി പറഞ്ഞത്. 

കെ റെയിലിനെതിരായ പ്രതിഷേധങ്ങളില്‍ നിന്നു യുഡിഎഫ് നേതൃത്വം പിന്‍മാറണം. വികസന പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ ഇത്തരം സമീപനം സ്വീകരിച്ചാല്‍ ജനങ്ങള്‍ അവരെ ഒറ്റപ്പെടുത്തും. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ഈ പദ്ധതിക്ക് അനുകൂലമാണ്. കുറച്ച് കോണ്‍ഗ്രസുകാര്‍ മാത്രമാണ് എതിര്‍ക്കുന്നത്. അവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തുക തന്നെ ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

എതിര്‍പ്പുകള്‍കണ്ടു പിന്‍മാറുന്നതല്ല പിണറായി സര്‍ക്കാരെന്നും കേന്ദ്രസഹായമില്ലെങ്കിലും കെ-റെയില്‍ പദ്ധതി നടപ്പാക്കുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചത്. അസാധ്യമായതിനെ സാധ്യമാക്കാന്‍ ലക്ഷ്യബോധത്തോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. കേരളത്തില്‍ ട്രെയിനുകള്‍ക്ക് വേഗം കുറവാണ്. രാജധാനി എക്‌സ്പ്രസ് മറ്റു സംസ്ഥാനങ്ങളില്‍ 102 കിലോമീറ്റര്‍ വേഗത്തില്‍ ഓടുമ്പോള്‍ കേരളത്തില്‍ 55 കിലോമീറ്ററാണ്. യുഡിഎഫ് കാലത്ത് പഠനം നടത്തിയതല്ലാതെ മറ്റൊന്നും ചെയ്തില്ല. സില്‍വര്‍ലൈന്‍ കെ-റെയില്‍ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ടു പോകും.

എട്ടു സംസ്ഥാനങ്ങളില്‍ കേന്ദ്രസഹായത്തോടെ പദ്ധതി തുടങ്ങി. രാഷ്ട്രീയ എതിര്‍പ്പു കാരണം സില്‍വര്‍ലൈനിന് കേന്ദ്രം സഹായം നല്‍കുന്നില്ല. കേന്ദ്രം സഹായിക്കുന്നില്ലെന്നുപറഞ്ഞ് നിസ്സഹായരായി ഇരുന്നാല്‍ കേരളത്തിന്റെ ഭാവി ഇരുളടയും. പിണറായി ഭരിക്കുമ്പോള്‍ വികസനം അനുവദിക്കില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിനും ബി.ജെ.പി.ക്കുമുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ക്ക് എതിര്‍പ്പും സമരവുമില്ല.

1.18 ലക്ഷം കോടിയാണ് യു.ഡി.എഫ്. പദ്ധതിക്കു വിഭാവനം ചെയ്തത്. അതിന്റെ പകുതി തുകയേ ഇപ്പോള്‍ വേണ്ടിവരൂ. പദ്ധതിക്കുവേണ്ടി ഭൂമി നഷ്ടമാകുന്നവരുടെ പ്രശ്‌നങ്ങള്‍ സി.പി.എം. ഏറ്റെടുക്കും. അവരുടെ പുനരധിവാസം ഉറപ്പാക്കും. ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കും. ഇതിനായി ബൃഹത്തായ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എതിര്‍ക്കുന്നവരുടെയെല്ലാം മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും ജനപിന്തുണയോടെ പദ്ധതി നടപ്പാക്കുമെന്നുമാണ് കോടിയേരി പറഞ്ഞത്. 

സില്‍വര്‍ ലൈന്‍ പദ്ധതി: 13,265 കോടിയുടെ നഷ്ടപരിഹാര പാക്കേജ്; അറിയേണ്ടതെല്ലാം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന  പിണറായി വിജയന്റെ വാശി തുടര്‍ന്നാല്‍ യുദ്ധസമാനമായ സന്നാഹവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നാണ് കെ.സുധാകരന്‍ പറഞ്ഞത്. കോടതി വിധി പോലും മാനിക്കാതെ സ്ഥാപിച്ച കെ-റെയില്‍ കല്ലുകള്‍ പിഴുതെറിയുമെന്നും സുധാകരന്‍ പറഞ്ഞു.

''കേരളം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രശ്നമാണ് സില്‍വര്‍ ലൈന്‍. പദ്ധതി കടന്നുപോകുന്ന പ്രദേശത്ത് മാത്രമല്ല പ്രശ്നങ്ങളുള്ളത്. കാലഹരണപ്പെട്ട പദ്ധതിയാണ് നടപ്പിലാക്കാന്‍ പിണറായി ശ്രമിക്കുന്നത്. സിപിഎം -സിപിഐ അണികള്‍ പോലും പദ്ധതിക്ക് എതിരാണ്. ഇതൊന്നും കാണാതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.''

ട്രെയിന്‍ യാത്രികരില്‍ കണ്ണുനട്ട് കെ റെയില്‍; ആദ്യ വര്‍ഷം പ്രതീക്ഷിക്കുന്നത് 2,276 കോടി 

പിണറായി വിജയന്‍ കമ്മീഷന്‍ മുന്നില്‍ക്കണ്ടാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. അദ്ദേഹത്തിന് പണ്ടുകാലം മുതലേ കമ്മീഷന്‍ ഭയങ്കര ഇഷ്ടമാണെന്നും ലാവ്ലിന്‍ അഴിമതിക്കാലത്തുതന്നെ അത് തെളിഞ്ഞതാണെന്നും സുധാകരന്‍ പറഞ്ഞു. കെ-റെയിലിന് ബദല്‍ സാധ്യതകളുള്ളപ്പോള്‍ എന്തിനാണ് പിടിവാശിയെന്ന് മനസ്സിലാകുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, എതിര്‍പ്പുകളെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുന്ന നിലപാടിലേക്ക് പോകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കെ- റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പദ്ധതിക്ക് വേണ്ടി കുടിയൊഴിക്കപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട പാക്കേജ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.