കെ റെയില്‍: മുഖ്യമന്ത്രി സംസാരിക്കുന്നത് ആര്‍ക്കുവേണ്ടി? 

 
K Rail CM
ജനങ്ങളെയോ, എതിര്‍പ്പുന്നയിക്കുന്ന സമര സമിതിയെയോ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല

തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ (കെ റെയില്‍) ഉയര്‍ന്ന പ്രതിഷേധം മറികടക്കാന്‍ അവസാന അടവ് പയറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍. ജനകീയ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതിനൊപ്പം പ്രതിപക്ഷ പാര്‍ട്ടികളും സമരം പ്രഖ്യാപിച്ചതോടെ, പൊതുജന സമക്ഷം പദ്ധതി വിശദീകരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. 'ജനസമക്ഷം കെ റെയില്‍' എന്ന പരിപാടിയിലൂടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് സര്‍ക്കാര്‍ നയവും നിലപാടും വിശദീകരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങളും ആരായും. തിരുവനന്തപുരത്ത് നടത്തിയ ആദ്യ പരിപാടിയില്‍, പുനരധിവാസവും നഷ്ടപരിഹാര പാക്കേജും ഉള്‍പ്പെടെ കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. എറണാകുളത്ത് നടന്ന രണ്ടാമത്തെ യോഗത്തില്‍, ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതല്ല സര്‍ക്കാരിന്റെ നിലപാടെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി നാടിന്റെ വികസനത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍, മന്ത്രിമാരും ഭരണപക്ഷ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കെ റെയില്‍ പദ്ധതിയെ അനുകൂലിക്കുന്നവരും തിങ്ങിനിറഞ്ഞ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണമെന്നാണ് പ്രധാന വിമര്‍ശനം. പദ്ധതി പ്രത്യക്ഷമായോ, പരോക്ഷമായോ ബാധിക്കുന്ന ജനങ്ങളെയോ, എതിര്‍പ്പുന്നയിക്കുന്ന ജനകീയ സമര സമിതിയെയോ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. വിശദമായ പദ്ധതി രേഖകള്‍ (ഡിപിആര്‍) പോലും ലഭ്യമല്ലെന്നിരിക്കെ, മുഖ്യമന്ത്രി ആര്‍ക്കുവേണ്ടി എന്താണ് സംസാരിക്കുന്നതെന്നാണ് കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ ചോദ്യം. ജനസമക്ഷം പരിപാടിയുടെ പൊള്ളത്തരത്തെക്കുറിച്ച് സമിതി തിരുവനന്തപുരം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ. ഷൈജു അഴിമുഖത്തോട് സംസാരിക്കുന്നു. 

ആരാണ് ഈ പൗരപ്രമുഖര്‍? 
പദ്ധതി നേരിട്ടോ പരോക്ഷമായോ ബാധിക്കുന്നവരെയോ എതിര്‍പ്പുകള്‍ ഉന്നയിച്ച് സമരം ചെയ്യുന്നവരെയോ മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും പദ്ധതിയെ അനുകൂലിക്കുന്നവരും ഉള്‍പ്പെടുന്ന 'പൗരപ്രമുഖരാ'ണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും വിവിധ സംഘടനാ പ്രതിനിധികള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും യോഗത്തില്‍ സ്ഥാനമുണ്ട്. ഇവരില്‍ ഭൂരിഭാഗത്തിനും കെ റെയില്‍ എന്താണെന്നോ പദ്ധതിയുടെ വിശദാംശങ്ങളോ അറിയില്ല. അവരോടാണ് മുഖ്യമന്ത്രി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചുകൊണ്ടിരിക്കുന്നത്. പദ്ധതി വിശദാംശങ്ങള്‍ പങ്കുവെക്കുന്നതിനുപകരം പുനരധിവാസവും നഷ്ടപരിഹാര പാക്കേജും ഉള്‍പ്പെടെ കാര്യങ്ങളാണ് തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ മു

ഖ്യമന്ത്രി പറഞ്ഞത്. അതാകട്ടെ കെ റെയിലിനു മാത്രമായി കൊണ്ടുവന്ന ഏതെങ്കിലും വ്യവസ്ഥയല്ല. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമം അനുസരിച്ചുള്ള പാക്കേജുകളാണ് പ്രഖ്യാപിച്ചത്. അപ്പോള്‍ തന്നെ, ആ നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പദ്ധതി പ്രദേശത്തെ 80 ശതമാനം ആളുകളുടെ സമ്മതം വേണം, പരിസ്ഥിതി, സാമുഹ്യ ആഘാതം ഉള്‍പ്പെടെ കൃത്യമായ പഠനങ്ങള്‍ വേണം എന്നിങ്ങനെ വ്യവസ്ഥകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. 

Also Read : എന്താണ് കെ-റെയില്‍ പദ്ധതി? പാത കടന്നുപോകുന്ന വില്ലേജുകള്‍, വെല്ലുവിളികള്‍, പ്രതിഷേധം: അറിയേണ്ടതെല്ലാം

ജനങ്ങളെ മറന്നുള്ള ധിക്കാരം
പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടവരല്ല. ജനകീയ പ്രക്ഷോഭമാണ് സംസ്ഥാനത്തെങ്ങും നടക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭത്തെ അനുകൂലിക്കുകയോ പിന്തുണ നല്‍കുകയോ ആണ്. ജനങ്ങളോടും സമര സമിതിയോടുമാണ് സര്‍ക്കാര്‍ സംസാരിക്കേണ്ടത്. പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി ആദ്യം വിശദീകരിക്കേണ്ടത് ജനങ്ങളോടാണ്. അത് ചെയ്യാതെ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് പറയുന്നത് ധിക്കാരപരമായ സമീപനമാണ്. ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാനുള്ള കല്ലിടല്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു. അതിനിടെ, ഇപ്പോള്‍ നടത്തുന്ന വിശദീകരണ പരിപാടി അങ്ങേയറ്റം പ്രഹസനമാണ്. ജനങ്ങളെ വഞ്ചിക്കുന്ന പരിപാടിയാണ് സര്‍ക്കാര്‍ തുടരുന്നത്. പദ്ധതിയെക്കുറിച്ച് അറിയാവുന്നത് മുഖ്യമന്ത്രിക്കും കെ റെയില്‍ അധികൃതര്‍ക്കും മാത്രമാണ്. ഡിപിആര്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇതൊരു ദുരന്ത പദ്ധതിയാണെന്നാണ് പുറത്തുവന്ന ഡിപിആര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നിയമസഭയില്‍ പോലും ചര്‍ച്ച ചെയ്യാത്ത പദ്ധതി, നിര്‍ബന്ധപൂര്‍വം ധിക്കാരപൂര്‍വം ബലംപ്രയോഗിച്ച് നടപ്പാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

Also Read : ട്രെയിന്‍ യാത്രികരില്‍ കണ്ണുനട്ട് കെ റെയില്‍; ആദ്യ വര്‍ഷം പ്രതീക്ഷിക്കുന്നത് 2,276 കോടി 

ഡിപിആര്‍: അധികൃതരുടെ വാദം അസംബന്ധം
അന്തിമ അനുമതി ലഭിക്കാതെ ഡിപിആര്‍ പ്രസിദ്ധീകരിക്കാന്‍ പറ്റില്ലെന്ന കെ റെയില്‍ അധികൃതരുടെ വാദം ശുദ്ധ അസംബന്ധമാണ്. അഹമ്മദാബാദ് അതിവേഗ റെയില്‍വേയുടെതുള്‍പ്പെടെ ഡിപിആര്‍ നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, ബൗദ്ധിക സ്വത്തവകാശ പ്രശ്‌നമുണ്ടെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ടെന്‍ഡര്‍ നടപടികളെ ബാധിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇത്തരം വാദങ്ങള്‍ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ല. ഇതുപോലൊരു വന്‍കിട പദ്ധതി നടപ്പാക്കുമ്പോള്‍ വേണ്ട പ്രാഥമിക ഡിപിആര്‍ പോലും തയ്യാറാക്കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുമാത്രമല്ല, പദ്ധതി ആസൂത്രണത്തിനുവേണ്ട നടപടിക്രമങ്ങള്‍ പോലും പാലിച്ചിട്ടില്ല. സാധ്യതാപഠനം പോലും വിശ്വാസയോഗ്യമല്ല. ക്രമക്കേടുകളും തിരിമറികളും നിറഞ്ഞ സാധ്യതാപഠനമാണ് കൊണ്ടുവന്നിരിക്കുന്നത്. 

Also Read : കെ റെയില്‍: ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ട പദ്ധതിയല്ല; നിലപാടിലുറച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത്

കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കാതെയും ഡിപിആര്‍ ചര്‍ച്ചയ്ക്കുവെക്കാതെയുമാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ഇതൊന്നുമില്ലാതെ എങ്ങനെയാണ് ഒരു പദ്ധതി തീരുമാനിച്ച്, പ്രഖ്യാപിച്ച് മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് സാധിക്കുന്നതെന്ന ചോദ്യം കൂടുതല്‍ ശക്തമാകുന്നതിനിടെയാണ് ജനപിന്തുണ തേടിയുള്ള മുഖ്യമന്ത്രിയുടെ വിശദീകരണ പരിപാടി. പദ്ധതി സംബന്ധിച്ച ആശങ്കകള്‍ അകറ്റുക എന്നതിനപ്പുറം സര്‍ക്കാര്‍ നിലപാട് ജനങ്ങളിലേക്കെത്തിച്ച് പിന്തുണ വര്‍ധിപ്പിക്കുക എന്നതുമാത്രമാണ് പരിപാടിയുടെ ലക്ഷ്യമെന്നാണ് പ്രധാന വിമര്‍ശനം. പദ്ധതി ബാധിക്കുന്നവരെയും എതിര്‍പ്പ് ഉന്നയിക്കുന്നവരെയും ഒഴിവാക്കിയുള്ള 'ജനസമക്ഷം' അവരെ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

Photo : Kerala Rail Development Corporation Limited Facebook