'നേതാക്കള്‍ ഉയര്‍ന്ന് വരേണ്ടത് ഫ്ളക്‌സിലൂടെ അല്ല'; കോണ്‍ഗ്രസില്‍ പെരുമാറ്റച്ചട്ടം, ഒരു സമയം ഒരു പദവി

 
k sudhakaran

ചുമതല ബോധമുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസിന്റെ സംഘടനാരീതി മാറിയെന്നും പാർട്ടിയെ വെട്ടിലാക്കുന്ന പരസ്യപ്രസ്താവന പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വേണമെങ്കിൽ അച്ചടക്കം പാലിക്കാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചുമതല ബോധമുള്ള പാർട്ടിയായി സംസ്ഥാനത്തെ കോൺഗ്രസിനെ പുനക്രമീകരിക്കാനാണ് നീക്കം. യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെ ചുമതല വീതിച്ച് നൽകുമെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ മാത്രമാണ് അനുവദിക്കുക. സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലൂടെയും അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

നേതാക്കളെ പ്രകീർത്തിക്കുന്ന ഫ്ലക്സ് ബോർഡുകൾ പ്രോത്സാഹിപ്പിക്കില്ല. മികച്ച പ്രവർത്തനം നടത്താത്തവരെ പദവികളിൽ നിലനിർത്തില്ല. നേതൃത്വം ഉയര്‍ന്നു വരേണ്ടത് ഫ്ളക്‌സിലൂടെയല്ല. ജനങ്ങളില്‍ നിന്നാണ്. സമരമുഖത്ത് നിന്നാണ്. ബോര്‍ഡുകളില്‍ അവനവന്റെ ഫോട്ടോകള്‍ വച്ച് പ്രദര്‍ശിപ്പിക്കുന്നത് അല്ല നേതൃത്വം. അത് അവസാനിപ്പിക്കണം. നേതാക്കന്‍മാര്‍ ഫോട്ടോ വച്ച് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമായി വിലക്കാന്‍ കെപിസിസി നേതൃത്വം തീരുമാനിച്ചു. ഓരോ സമയം ഒന്നിലധികം സ്ഥാനങ്ങള്‍ അനുവദിക്കില്ലെന്നും തീരുമാനിച്ചു. അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ മാതൃകപരമായ നടപടി സ്വീകരിക്കാന്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അച്ചടക്ക സമിതികളെ നിയോഗിക്കും.'' 

കോൺഗ്രസ് ഭാരവാഹികളുടെ പ്രവർത്തനം കൃത്യമായി വിലയിരുത്തുമെന്നും ടാർഗറ്റ് നേടാനായില്ലെങ്കിൽ തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ കമ്മിറ്റിയുടെയും പ്രവർത്തനം ആറ് മാസം കൂടുമ്പോൾ വിലയിരുത്തും. പാർട്ടിയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കും. നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്ത് കമ്മിറ്റിയിൽ വനിത പ്രസിഡന്റെന്ന നിബന്ധന ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.