'സമവായത്തിന് മുന്‍കൈ എടുക്കേണ്ടവര്‍ രക്തം നക്കാന്‍ ചെന്നായയെ പോലെ കാത്തിരിക്കുന്നു'; സര്‍ക്കാരിനെതിര കെ. സുധാകരന്‍ 

 
sudhakaran

പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ സമവായത്തിന് മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പകരം ഇത് അവസരമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ചങ്ങനാശേരി ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കെ സുധാകരന്‍.

സമവായത്തിന് മുന്‍കൈ എടുക്കേണ്ട സര്‍ക്കാര്‍, തമ്മിലടിക്കുന്നത് കണ്ട് ചോര നക്കി തുടക്കാന്‍ നിക്കുന്ന ചെന്നായയെ പോലെ പെരുമാറുകയാണെന്ന് സുധാകരന്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. മതേതരത്വം സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും സുധാകരന്‍ പ്രതികരിച്ചു. മതേതരത്വം ഉറപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന് ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്. അതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ എല്ലാവിധ സഹകരണവും ചങ്ങനാശേരി ബിഷപ്പ് ഉറപ്പുനല്‍കിയതായി കെ സുധാകരന്‍ പറഞ്ഞു. മതേതരത്വത്തിന്റെ വക്താക്കളാണ് കോണ്‍ഗ്രസ്. ഇന്ത്യയില്‍ മതേതരത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് എപ്പോഴും ഉണ്ടാവും. എന്നാല്‍ ഇതിനെ സമാന്തര സമവായ നീക്കമായി കാണേണ്ടതില്ല. മതേതരത്വം നിറവേറ്റാനുള്ള ഉത്തരവാദിത്തമായി ഇതിനെ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.  പാല ബിഷപ്പിനെയും കാണുമെന്നും അദ്ദേഹം പറഞ്ഞു.