ഏത് സമയത്തും ചര്‍ച്ചയ്ക്ക് തയ്യാര്‍;  കോണ്‍ഗ്രസില്‍ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങള്‍ ഇല്ലെന്ന് സുധാകരന്‍ 

 
congress


നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് തയാറെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നേതൃത്വം ഏത് സമയത്തും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളില്ല. അഭിപ്രായ പ്രകടനങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കരുതെന്ന് നേതാക്കളും അണികളും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 

മാധ്യമങ്ങളിലൂടെയുള്ള നേതാക്കളുടെ അനാവശ്യ പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിക്കണം. ഒരുപാട് അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. അഭിപ്രായ പ്രകടനം ഇനി പാര്‍ട്ടിക്ക് അകത്തുമാത്രം മതി. പാര്‍ട്ടിക്ക് പുറത്തുള്ള അഭിപ്രായ പ്രകടനങ്ങള്‍ പാര്‍ട്ടിക്കുതന്നെ വിനയാകും. അച്ചടക്കം ഇല്ലാത്ത പാര്‍ട്ടിക്ക് നിലനില്‍പ്പുണ്ടോ? അഭിപ്രായ പ്രകടനങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കരുതെന്ന് അണികളും നേതാക്കളും ഓര്‍ക്കണം.  പുതിയ പ്രവര്‍ത്തന ശൈലിക്കാണ് നേതൃത്വം തുടക്കമിടുന്നത്. കോണ്‍ഗ്രസില്‍ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങള്‍ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. 

അതേസമയം, ആരെയെങ്കിലും ഒതുക്കണമെന്ന മര്‍ക്കട മുഷ്ടി കെപിസിസിക്കില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. ഈ മാസം തന്നെ കെപിസിസി ഭാരവാഹികളെ നിയമിക്കുമെന്നും അര്‍ഹതപ്പെട്ട ആളുകളെ ഉള്‍പ്പെടുത്തിയാകും പുനഃസംഘടനയെന്നും കൊടിക്കുന്നില്‍ പറഞ്ഞു. കെപിസിസി തന്നെയാകും പട്ടിക തയ്യാറാക്കുക. എല്ലാവരുടെയും അഭിപ്രായം കേള്‍ക്കും. എന്നാല്‍ അന്തിമ പട്ടിക കെപിസിസിയുടേതാണ്. പരാതികള്‍ സ്വാഭാവികമാണെന്നും അത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.