'സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗ്ഗീയത പരത്തുന്ന തീവ്രവാദികളെ പറ്റി അന്വേഷിക്കാന്‍  തയ്യാറാകാത്തതെന്തുകൊണ്ടാണ്?'

 
k sudhakaran

കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പാലാ ബിഷപ്പിന്റെ പ്രസ്താവനയെ  തീവ്ര നിലപാടുകള്‍ ചാലിച്ച് നിരന്തരം ചര്‍ച്ചയാക്കുന്നത്.സമുദായങ്ങളെ തമ്മിലടിപ്പിച്ച് വര്‍ഗ്ഗീയ ശക്തികള്‍ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കാനായി സര്‍വ്വകക്ഷി യോഗവും സാമുദായിക മതമേലധ്യക്ഷന്‍മാരുടെ യോഗവും വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ.സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. 

കേരളത്തിലെ മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍  ഭരണത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നില്‍ നിന്നിട്ടുണ്ട്. എന്നാല്‍ 5 വര്‍ഷത്തെ പിണറായി വിജയന്റെ ഭരണം കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തിയിരിക്കുന്നു. സംഘപരിവാര്‍ പതിറ്റാണ്ടുകള്‍ ശ്രമിച്ചിട്ടും നടക്കാതിരുന്ന വര്‍ഗ്ഗീയമായ ഭിന്നിപ്പിക്കല്‍ വെറും 5 വര്‍ഷം കൊണ്ടു സാദ്ധ്യമാക്കിയ പിണറായി വിജയന്‍ പ്രബുദ്ധ കേരളത്തിന് അപമാനമാണ്.മത തീവ്രവാദികളുടെ  വര്‍ഗ്ഗീയ വിഷം വമിപ്പിച്ച പല പ്രസംഗങ്ങളിലും നടപടി എടുക്കാതിരുന്ന ആഭ്യന്തര വകുപ്പ് ആണ് ഈ ദുരവസ്ഥയുടെ പ്രധാന കാരണക്കാരെന്നും സുധാകരന്‍ കുറ്റപ്പെടുത്തുന്നു.

കെ.സുധാകരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം: 

കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി  നടത്തിക്കൊണ്ടിരിക്കുന്നു.. അതിന്റെ ഭാഗമായാണ് പാലാ ബിഷപ്പിന്റെ പ്രസ്താവനയെ  തീവ്ര നിലപാടുകള്‍ ചാലിച്ച് നിരന്തരം ചര്‍ച്ചയാക്കുന്നത്.സമുദായങ്ങളെ തമ്മിലടിപ്പിച്ച് വര്‍ഗ്ഗീയ ശക്തികള്‍ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കാനായി സര്‍വ്വകക്ഷി യോഗവും സാമുദായിക മതമേലധ്യക്ഷന്‍മാരുടെ യോഗവും വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
കേരളത്തിലെ മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍  ഭരണത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നില്‍ നിന്നിട്ടുണ്ട്. എന്നാല്‍ 5 വര്‍ഷത്തെ പിണറായി വിജയന്റെ ഭരണം കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തിയിരിക്കുന്നു. സംഘപരിവാര്‍ പതിറ്റാണ്ടുകള്‍ ശ്രമിച്ചിട്ടും നടക്കാതിരുന്ന വര്‍ഗ്ഗീയമായ ഭിന്നിപ്പിക്കല്‍ വെറും 5 വര്‍ഷം കൊണ്ടു സാദ്ധ്യമാക്കിയ പിണറായി വിജയന്‍ പ്രബുദ്ധ കേരളത്തിന് അപമാനമാണ്.മത തീവ്രവാദികളുടെ  വര്‍ഗ്ഗീയ വിഷം വമിപ്പിച്ച പല പ്രസംഗങ്ങളിലും നടപടി എടുക്കാതിരുന്ന ആഭ്യന്തര വകുപ്പ് ആണ് ഈ ദുരവസ്ഥയുടെ പ്രധാന കാരണക്കാര്‍.
സംഘപരിവാറിന് വഴികാട്ടിയായി,  കേരളത്തില്‍ ആദ്യമായി ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞത്  മുന്‍ മുഖ്യമന്ത്രി സാക്ഷാല്‍ വി.എസ് അച്ചുതാനന്ദനാണ്. നാലു വോട്ടിന് വേണ്ടി
ആ പരാമര്‍ശം വീണ്ടും നടത്തി മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കിയതും പിണറായി വിജയന്‍ നയിക്കുന്ന LDF ആണ്. കേരളം മുസ്ലിം തീവ്രവാദികളുടെ റിക്രൂട്ട്‌മെന്റ് ഹബ് ആണെന്ന് പറഞ്ഞത് പിണറായി വിജയന്റെ സ്വന്തം DGP ലോകനാഥ് ബഹ്‌റയാണ്. CPM സംസ്ഥാന സെക്രട്ടറി വിജരാഘവനടക്കം മുസ്ലീമോഫോബിയ പടര്‍ത്താന്‍ മുന്നിലുണ്ടായിരുന്നു. ഇവരുടെയൊക്കെ വാദങ്ങള്‍ വിശ്വസിച്ച് ഒരു പാവം വൈദികന്‍ തെറ്റിദ്ധരിക്കപ്പെട്ടെങ്കില്‍ കുറ്റം ആരുടേതാണ്? വര്‍ഗീയത പടര്‍ത്തി വോട്ട് നേടിയ പിണറായി വിജയന്‍ തന്നെയാണ്  ഈ അനിഷ്ട സംഭവങ്ങള്‍ക്ക് ആദ്യത്തെ  ഉത്തരവാദി.
വിവിധ പേരുകളില്‍ വ്യാജ ഐഡികളുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗ്ഗീയത പരത്തുന്ന തീവ്രവാദികളെ പറ്റി അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകാത്തതെന്തുകൊണ്ടാണ്? അന്വേഷിച്ചാല്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പിടിക്കപ്പെടുമെന്ന ഭയം കൊണ്ടാണോ? മതങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള സംഘപരിവാര്‍ അജന്റയാണ് പിണറായി വിജയന്‍ കേരളത്തില്‍ നടപ്പിലാക്കുന്നതെന്ന് വ്യക്തം !
വര്‍ഗീയ ശക്തികളുടെ അജണ്ടകളില്‍ കേരള സമൂഹം വീഴാന്‍ പാടുള്ളതല്ല.ഉടന്‍ തന്നെ ആരോപണങ്ങളില്‍ അന്വേഷണം നടത്തി, ശരിതെറ്റുകള്‍ വെളിച്ചത്ത് കൊണ്ടുവന്ന്  സൗഹൃദാന്തരീക്ഷം പുന:സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.  ആരോപണങ്ങളുടെ സത്യാവസ്ഥ പൊതുജനത്തെ ബോധ്യപ്പെടുത്തി, അവരുടെ അരക്ഷിതാവസ്ഥ മാറ്റി മാത്രമേ നാടിന് മുന്നോട്ട് പോകാന്‍ കഴിയൂ. അല്ലെങ്കില്‍ ഇനിയും വിഷം കുത്തിവെയ്ക്കാന്‍ ശിഥില ശക്തികള്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. വെറും വാക്കുകള്‍ ഒരു മത വിഭാഗത്തിന്റെയും മനസ്സിലേറ്റ മുറിവുകള്‍ ഉണക്കില്ല.
 മുഖ്യമന്ത്രിയും ഭരണകൂടവും കുറ്റകരമായ മൗനം വെടിയണം.ആട്ടിന്‍ കുട്ടികളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കനെ പോലെ പിണറായി വിജയന്‍ മാറി നിന്ന്  നോക്കി രസിക്കരുത്.