ഗോപിനാഥ് പാര്‍ട്ടിയില്‍ നിന്ന് പോകില്ല; പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രത്യേക സാഹചര്യമെന്ന് കെ. സുധാകരന്‍

 
K_Sudhakaran

എ.വി ഗോപിനാഥ് പാര്‍ട്ടിയില്‍ നിന്ന് പോകില്ല എന്ന് ഉറപ്പുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാലക്കാട് ജില്ലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് എ.വി ഗോപിനാഥ് പാര്‍ട്ടി വിട്ടതെന്നും ആ തീരുമാനം തന്നോട് ചര്‍ച്ച ചെയ്തിരുന്നുവെന്നും കെ സുധാകരന്‍ കൂട്ടിചേര്‍ത്തു. 

'ഗോപിനാഥിനെ പാര്‍ട്ടിയില്‍ സക്രിയമാക്കാനുള്ള നടപടികളാണ് അധ്യക്ഷന്‍ എന്ന നിലയില്‍ എന്റെ ഭാഗത്ത് നിന്നും ഉണ്ടാവുക. അത് ഞാന്‍ പൂര്‍ണമായും പ്രാവര്‍ത്തികമാക്കും. അതിനുള്ള ആത്മവിശ്വാസം ഉണ്ടാവും.' കെ സുധാകരന്‍ പറഞ്ഞു. എവി ഗോപിനാഥിനെതിരായ അനില്‍ അക്കരെയുടെ പരാമര്‍ശം വളരെ മോശമായി പോയി. അനില്‍ അക്കരെയെഴുതിയതിനുള്ള മറുപടിയാണ് ഗോപിനാഥന്‍ നല്‍കിയതെന്നും അത്തരമൊരു സാഹചര്യം ഉണ്ടാക്കരുതായിരുന്നുവെന്നും കെപിപിസി അധ്യക്ഷന്‍ കൂട്ടിചേര്‍ത്തു.

ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട തര്‍ക്കം അടഞ്ഞ അധ്യായമാണ്, വിവാദ പരാമര്‍ശങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. പാര്‍ട്ടിയുടെ ഗുണത്തിന് വേണ്ടി അത്തരം ചര്‍ച്ചകളിലേക്ക് പോകാതിരിക്കാന്‍ വേണ്ടിയാണ് തീരുമാനം എടുത്തതെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡിസിസി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ നേതാക്കള്‍ നടത്തുന്ന പരസ്യ പ്രതികരണം ഭൂഷണമാണോ എന്ന് അവര്‍ തന്നെ ചിന്തിക്കണമെന്നും എല്ലാവരും ബഹുമാനിക്കുന്ന നേതാക്കള്‍ ഇക്കാര്യം സ്വയം പരിശോധിക്കണം, പാര്‍ട്ടിയില്‍ ഗ്രൂപ്പാധിപത്യം കഴിഞ്ഞു. രണ്ട് ചേരിയില്‍ നിന്ന് വരുന്ന പേരുകളുടെ സംയോജനമല്ല ഡിസിസി പട്ടിക. ഭാരവാഹി പട്ടികയിലും ഇത് പ്രതിഫലിക്കുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എന്നും താങ്ങും തണലായി കൂടെയുണ്ടാവണമെന്നാണ് ആഗ്രഹം. അത് സാധ്യമാക്കാന്‍ അവര്‍ സഹകരിക്കണമെന്നും സുധകരന്‍ പറഞ്ഞു.