എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു; ഒറ്റക്കെട്ടായി മുന്നോട്ട് പോകും: കെ. സുധാകരന്‍

 
K_Sudhakaran


നേതാക്കളുടെ പരിഭവം ചര്‍ച്ച ചെയ്‌തെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കെ. സുധാകരന്‍. യുഡിഎഫ് യോഗത്തിന് മുന്നോടിയായി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പുനഃസംഘടന ചര്‍ച്ചയുടെ ഭാഗമായി നേതാക്കള്‍ തങ്ങളോടൊപ്പമുണ്ടാകും. പുനഃസംഘടനാ ചര്‍ച്ചകള്‍ നടക്കുകയാണ്. പുനഃസംഘടനയുടെ ഭാഗമായാണല്ലോ താന്‍ കെപിസിസി പ്രസിഡന്റ് ആയതെന്നും സുധാകരന്‍ പറഞ്ഞു. ഇനി കെപിസിസി ഭാരവാഹികളുടേതായാലും എക്സിക്യൂട്ടീവ് അംഗങ്ങളുടേതായാലും കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്യും. 

നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകും. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വരുന്നില്ല. കാര്യങ്ങളെല്ലാം സോള്‍വായി. മഞ്ഞുണ്ടായിട്ടു വേണ്ടേ ഉരുകാനെന്നും കെ സുധാകരന്‍ ചോദിച്ചു. യുഡിഎഫ് യോഗത്തിന് മുന്നോടിയായി ഇടഞ്ഞുനിന്ന ആര്‍എസ്പിയുമായും കെ സുധാകരനും വി ഡി സതീശനും രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായപ്പോള്‍ പ്രതിപക്ഷ നേതാവ് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരെ പ്രത്യേകം കണ്ട് ചര്‍ച്ച നടത്തയിരുന്നു.