'പിണറായി വിജയന് മുന്നില്‍ കാനം രാജേന്ദ്രന്‍ പാര്‍ട്ടിയുടെ അസ്ഥിത്വം പണയംവെച്ചു'

 
k sudhakaran

മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ കാനം രാജേന്ദ്രന്‍ പാര്‍ട്ടിയുടെ അസ്ഥിത്വം പണയം വച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 
സ്ത്രീകള്‍ക്കെതിരായ അക്രമസംഭവങ്ങളില്‍ പ്രതികരിച്ച വനിതാ ദേശീയ നേതാവ് ആനി രാജയെ വിമര്‍ശിക്കുക വഴി സിപിഎമ്മിനോടുള്ള അസാധാരണമായ വിധേയത്വമാണ് സിപിഐ പ്രകടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, സംസ്ഥാന സെക്രട്ടറി അഖിലേന്ത്യാ സെക്രട്ടറിയ തിരുത്തുകയുമാണ്. ഭരണനേതൃത്വം വഹിക്കുന്ന സിപിഎമ്മിന് സംഭവിക്കുന്ന വീഴ്ചകളെ പൊതുസമൂഹത്തിന് മുന്നില്‍ വിമര്‍ശിക്കാനും തിരുത്തല്‍ നടപടികള്‍ ആവശ്യപ്പെടാനും സിപിഐക്ക് മുമ്പ് സാധിച്ചിരുന്നു. 

ഇടതുപക്ഷ മൂല്യം പലപ്പോഴും സിപിഐ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് സിപിഐയുടെ ദേശീയ വനിതാ നേതൃത്വം  ക്രമസമാധാന തകര്‍ച്ചയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വിമര്‍ശിച്ചപ്പോള്‍ ഭരണനേതൃത്വത്തെ തലോടാനാണ് കാനം തയ്യാറായതെന്ന് സുധാകരന്‍ പറഞ്ഞു. കാനം രാജേന്ദ്രന്റെ നിലപാടുകള്‍ പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.