'കേരളം നീങ്ങുന്നത് സമ്പൂര്‍ണ അരാജകത്വത്തിലേക്ക്'; നാഥനില്ലാ കളരിയായി ആഭ്യന്തര വകുപ്പ് മാറിയെന്ന് കെ സുധാകരന്‍

 
d

നാഥനില്ലാ കളരി ആയി കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മാറിയിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പൊലീസ് സേനയുടെ ക്രൂരകൃത്യങ്ങള്‍ കണി കണ്ടുണരേണ്ട ഗതികേടിലേയ്ക്ക് കേരളം അധഃപതിച്ചിരിക്കുന്നതായും കേരള പൊലീസിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ പരസ്യമായി വിളിച്ചു പറഞ്ഞത് പിണറായി വിജയന് ഭൂഷണമായിരിക്കാമെന്നും പക്ഷേ കേരളത്തിന് അത് അപമാനമാണെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

''എത്ര വലിയ കുറ്റം ചെയ്താലും ഖജനാവിലെ കോടികള്‍ മുടക്കി കുറ്റവാളികളെ സംരക്ഷിക്കാന്‍  ഭരണത്തിലുള്ള സര്‍ക്കാര്‍ തന്നെ തയ്യാറാകുമ്പോള്‍ ക്രിമിനലുകള്‍ ആരെയാണ് ഭയക്കേണ്ടത്? 'മുഖ്യമന്ത്രി കൊള്ളാം പക്ഷേ ആഭ്യന്തര മന്ത്രി വന്‍ പരാജയം ' എന്ന പിണറായി വിജയ സ്തുതിപാഠകരുടെ  ചൊല്ല് കേരളം മറന്നിട്ടില്ല. അക്രമികളും അരാജകവാദികളും അഴിഞ്ഞാടുന്ന വാര്‍ത്തകള്‍ കേരളത്തിന് പുതുമയല്ലാതായിരിക്കുന്നു. ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയുള്ളവരാണ് പോലീസ് എന്ന പ്രാഥമിക പാഠം സേനയ്ക്ക് ആരാണ് പഠിപ്പിച്ച് കൊടുക്കുക? ആഭ്യന്തര മന്ത്രിക്കസേരയില്‍ ഒരു വടിയെങ്കിലും കുത്തി നിര്‍ത്തിയിരുന്നേല്‍ കേരള പോലീസ് ഭേദപ്പെട്ട രീതിയില്‍ ജോലി ചെയ്‌തേനേ എന്ന് പൊതുജനം പറഞ്ഞു തുടങ്ങിയത് സിപിഎം കാണാതെ പോകരുതെന്നും'' കെ സുധാകരന്‍ കുറിച്ചു.

കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

സമ്പൂര്‍ണ അരാജകത്വത്തിലേക്കാണ് കേരളം നടന്നു നീങ്ങുന്നത്.
ജനങ്ങളെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസ് സേനയുടെ ക്രൂരകൃത്യങ്ങള്‍ കണി കണ്ടുണരേണ്ട ഗതികേടിലേയ്ക്ക് കേരളം അധഃപതിച്ചിരിക്കുന്നു. നാഥനില്ലാ കളരി ആയി കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മാറിയിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു. കസ്റ്റഡി മരണങ്ങള്‍ തുടര്‍കഥ ആയിരിക്കുന്നു. എത്ര വലിയ കുറ്റം ചെയ്താലും ഖജനാവിലെ കോടികള്‍ മുടക്കി കുറ്റവാളികളെ സംരക്ഷിക്കാന്‍  ഭരണത്തിലുള്ള സര്‍ക്കാര്‍ തന്നെ തയ്യാറാകുമ്പോള്‍ ക്രിമിനലുകള്‍ ആരെയാണ് ഭയക്കേണ്ടത്? കേരള പോലീസിനെ നിയന്ത്രിക്കുന്നത് RSS ആണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ പരസ്യമായി വിളിച്ചു പറഞ്ഞത് പിണറായി വിജയന് ഭൂഷണമായിരിക്കാം, പക്ഷേ കേരളത്തിന് അത് അപമാനമാണ്.

'മുഖ്യമന്ത്രി കൊള്ളാം പക്ഷേ ആഭ്യന്തര മന്ത്രി വന്‍ പരാജയം ' എന്ന പിണറായി വിജയ സ്തുതിപാഠകരുടെ  ചൊല്ല് കേരളം മറന്നിട്ടില്ല. അക്രമികളും അരാജകവാദികളും അഴിഞ്ഞാടുന്ന വാര്‍ത്തകള്‍ കേരളത്തിന് പുതുമയല്ലാതായിരിക്കുന്നു. ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയുള്ളവരാണ് പോലീസ് എന്ന പ്രാഥമിക പാഠം സേനയ്ക്ക് ആരാണ് പഠിപ്പിച്ച് കൊടുക്കുക? ആഭ്യന്തര മന്ത്രിക്കസേരയില്‍ ഒരു വടിയെങ്കിലും കുത്തി നിര്‍ത്തിയിരുന്നേല്‍ കേരള പോലീസ് ഭേദപ്പെട്ട രീതിയില്‍ ജോലി ചെയ്‌തേനേ എന്ന് പൊതുജനം പറഞ്ഞു തുടങ്ങിയത് CPM കാണാതെ പോകരുത്. കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് നോക്കി നടക്കുന്ന പാര്‍ട്ടി സെക്രട്ടറി അടിയന്തിരമായി RSS കാരെ പുറത്താക്കി കഴിവുള്ള ഒരു CPM - MLA യെ ആഭ്യന്തര മന്ത്രി ആക്കാന്‍ തയ്യാറാകണം.  അതിന് ഭയമാണെങ്കില്‍ ജനം പറയുന്നത് പോലെ ആ കസേരയില്‍ ഒരു വടികുത്തിവെച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ CPM തയ്യാറാകണം. കോണ്‍ഗ്രസില്‍ നിന്ന് ഒഴുകി എത്തുന്ന മാലിന്യങ്ങള്‍ പെറുക്കി എടുക്കുന്നതിനിടയില്‍ പാര്‍ട്ടി സെക്രട്ടറി ഈ കടമ മറന്ന് പോകരുത്.
പ്രതിപക്ഷ നിയമസഭാംഗങ്ങളെ നേരിടാന്‍ കഴിവില്ലാത്തതിനാല്‍ മന്ത്രിമാര്‍ക്ക് പരിശീലനം ഏര്‍പ്പെടുത്താന്‍ പോകുന്നത് രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് കാണുന്നത്. നിയമസഭയില്‍ 41 മികച്ച സാമാജികരെ നേരിടാന്‍ കഴിയാതെ വിയര്‍ക്കുന്ന ആ 99 പേരെ നിയമസഭാ സമ്മേളനത്തില്‍ ജനം കണ്ടു കഴിഞ്ഞു. തദവസരത്തില്‍ മന്ത്രിമാര്‍ക്ക് പരിശീലനം നല്‍കാന്‍ ഇറങ്ങുമ്പോള്‍ കണക്കറ്റ ഉപദേശികളെ ചുറ്റിനും നിരത്തിയിട്ടും ഭരിക്കാനറിയാത്ത പിണറായി വിജയനെ CPM കാണാതെ പോകരുത്.  ഉപദേശികളെയും പരിശീലകരെയും കൂട്ടി ഖജനാവ് കാലിയാക്കാതെ, കൂട്ടത്തില്‍ കഴിവുള്ളവര്‍ ഇല്ലെങ്കില്‍ ആഭ്യന്തര വകുപ്പിലടക്കം ഘടകകക്ഷികളെയെങ്കിലും പരിഗണിച്ച് ഭേദപ്പെട്ട ഭരണം നടത്താന്‍ LDF ഇനിയെങ്കിലും തയ്യാറാകണം. കേരള പോലീസിനെ RSS നിയന്ത്രണത്തില്‍ നിന്നും ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉണ്ടാകും.