ധീരജിന്റെ കൊലപാതകം: സുധാകരന്റേത് പൊതുവികാരത്തെ വഴിതിരിച്ചുവിടാനുള്ള രാഷ്ട്രീയ കുടിലത 

 
K Sudhakaran
ചോരമണമുള്ള ചരിത്രം മറച്ചുവെച്ചുകൊണ്ടാണ് കെഎസ്‌യുവിനെ ന്യായീകരിക്കുന്നത്
 

രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍, കലാലയങ്ങളെ ചോരക്കളമാകുന്നതിനെ ആരും തന്നെ അനുകൂലിക്കുന്നുണ്ടാകില്ല. അതുകൊണ്ടാണ് കലാലയങ്ങളില്‍ സംഭവിക്കുന്ന ഏതൊരു അക്രമസംഭവങ്ങളെയും പൊതുസമൂഹം നിഷ്പക്ഷമായി അപലപിക്കുന്നത്. ആശയങ്ങളെ ആശയങ്ങള്‍കൊണ്ടും പുതിയ ചിന്തകള്‍കൊണ്ടും പ്രതിരോധിക്കാന്‍ ശേഷിയുള്ള പുതിയ തലമുറ കലാലയങ്ങളില്‍നിന്ന് ഉയര്‍ന്നുവരേണ്ടതും കാലത്തിന്റെ അനിവാര്യതയാണ്. എന്നാല്‍, കലാലയ കൊലപാതകത്തെക്കുറിച്ചുള്ള പൊതുവികാരത്തെപ്പോലും വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്ന നേതൃത്വം ഇപ്പോഴുമുണ്ട് എന്നുള്ളതാണ് കേരള രാഷ്ട്രീയത്തിന്റെ ദുരവസ്ഥ. ഇടുക്കി എന്‍ജിനീയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി കുത്തിക്കൊന്നതിനു പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പ്രസ്താവനകള്‍ ഇത്തരത്തിലുള്ളതാണ്. തങ്ങള്‍ പ്രതിസ്ഥാനത്തുള്ള ഒരു കൊലപാതകത്തെ എങ്ങനെ പ്രതിരോധിക്കണമെന്നും പൊതുവികാരത്തെ ഉള്‍പ്പെടെ എങ്ങനെ വഴിതിരിച്ചുവിടണമെന്നുമുള്ള രാഷ്ട്രീയ കുടിലതയാണ് സുധാകരന്‍ പ്രകടിപ്പിച്ചത്. 

Also Read : ആദ്യം കുത്തിയത് അഭിജിത്തിനെയും അമലിനെയും, ധീരജിന്റെ ഹൃദയം പിളര്‍ത്തി

ധീരജ് മരിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ, ആ കൊലപാതകത്തെ രാഷ്ട്രീയമായി ന്യായീകരിക്കാനും പ്രതിരോധിക്കാനും ശ്രമിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ധീരജിന്റെ ഹൃദയം പിളര്‍ത്തിയ മുറിവിന്റെ അളവെടുക്കാനായിരുന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് തിടുക്കം. ചാനല്‍ ചര്‍ച്ചയില്‍പോയിരുന്ന്, അത് പരസ്യമായി വിളിച്ചുപറയാന്‍ പോലും അവര്‍ക്ക് ലജ്ജ തോന്നിയില്ല. ഇത്തരമൊരു ഊര്‍ജം എങ്ങനെയാണ് അവര്‍ക്ക് പകര്‍ന്നുകിട്ടിയതെന്ന് അധികം ആലോചിക്കേണ്ടിവന്നില്ല. ഇടുക്കി സിപിഎമ്മിലെ എസ് രാജേന്ദ്രന്‍-എം.എം മണി പക്ഷങ്ങള്‍ തമ്മിലുള്ള പോരിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന വിവരം ലഭിക്കുന്നുണ്ടെന്ന് അറിയിച്ചുകൊണ്ട് സുധാകരന്‍ അതിനോടകം രംഗപ്രവേശം ചെയ്തിരുന്നു. ധീരജിന്റെ കൊലപാതകത്തില്‍ ഉയര്‍ന്നിട്ടുള്ള പൊതുവികാരത്തെ എങ്ങനെ വഴിതിരിച്ചുവിടാമെന്ന രാഷ്ട്രീയ കുടില ബുദ്ധിയാണ് സുധാകരന്‍ പുറത്തെടുത്തത്. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും കലാപ ശ്രമത്തിന്റെ രക്തസാക്ഷിയാണ് ധീരജെന്നായിരുന്നു പിന്നീട് പറഞ്ഞത്. സിപിഎം ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേത് എന്നുകൂടി അഭിപ്രായപ്പെട്ടപ്പോള്‍, കൃത്യമായ ഗൂഢാലോചനകള്‍ നടന്നൊരു കൊലപാതകത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന പാഠം കൂടിയാണ് സുധാകരന്‍ അണികള്‍ക്ക് പറഞ്ഞുകൊടുത്തത്. 

Also Read : ധീരജിന്റെ കൊലപാതകം: നിഖില്‍ പൈലി ശ്രമിച്ചത് അതിര്‍ത്തി കടക്കാന്‍, പിടികൂടിയത് ബസില്‍വച്ച്

കോളേജില്‍ ദിവസങ്ങളായി അക്രമം അരങ്ങേറിയിരുന്നുവെന്നാണ് സുധാകരന്റെ വാദം. കെഎസ്‌യുവിന്റെ യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയം തടയാന്‍ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ ക്യാമ്പസില്‍ ക്യാംപ് ചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് പ്രശ്‌നത്തിനു കാരണം. ഗൂഢാലോചനയില്ലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞിട്ടും എം.എം മണി അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു. അക്രമസംഭവങ്ങളില്‍ നിരവധി കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധത്തിന്റെ മറവിലും അക്രമം വ്യാപിപ്പിക്കുകയാണ്. സംസ്ഥാനത്തെ വിവിധ കലാലയങ്ങളില്‍ കെഎസ് യു പ്രവര്‍ത്തകര്‍ മര്‍ദനത്തിന് ഇരയാകുന്നു. കോണ്‍ഗ്രസ് ഓഫീസുകളും കെട്ടിടങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. അപ്പോഴും പൊലീസ് ഇതെല്ലാം കണ്ടുനില്‍ക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞുകൊണ്ടിരുന്നു. ധീരജിന്റെ കൊലപാതകത്തെത്തുടര്‍ന്ന് രൂപപ്പെട്ട സംഘര്‍ഷ സാധ്യതകളെ കൂടുതല്‍ പ്രകോപിപ്പിക്കുകയായിരുന്നു അദ്ദേഹം. 

ധീരജിന്റെ മരണം ആ കുടുംബത്തെ എത്രമാത്രം വേദനിപ്പിച്ചെന്ന് ബോധ്യമുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ട് സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്താനാണ് സുധാകരന്‍ പിന്നീട് ശ്രമിച്ചത്. തിരുവനന്തപുരത്തെ 'സ്തുതിപാഠക മെഗാ തിരുവാതിര' സുധാകരന്‍ ആയുധമാക്കുകയും ചെയ്തു. പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വം സിപിഎം ആഘോഷിക്കുകയാണ്. ധീരജ് മരിച്ചു വീണയുടന്‍ സിപിഎം ആ വീടിന് അടുത്തുപോയി എട്ടു സെന്റ് സ്ഥലം വാങ്ങി, അവിടെ രക്തസാക്ഷി സ്മാരകമുണ്ടാക്കാന്‍ തീരുമാനിച്ചു. അപ്പോള്‍, തിരുവനന്തപുരത്ത് സിപിഎം തിരുവാതിരക്കളി നടത്തി ആഹ്ലാദിക്കുകയാണെന്നായിരുന്നു സുധാകരന്റെ വിമര്‍ശനം. പൊതുവികാരത്തെയും ചിന്തകളെയും ബോധപൂര്‍വം ദിശമാറ്റി വിടുകയെന്നതായിരുന്നു സുധാകരന്‍ പ്രയോഗിച്ചുകൊണ്ടിരുന്ന തന്ത്രം. സിപിഎമ്മിന്റെ ചില ചെയ്തികളാകട്ടെ, അതിന് ഊര്‍ജം പകരുകയും ചെയ്തു. 

Also Read : ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

ചോരമണമുള്ള ചരിത്രം മറച്ചുവെച്ചുകൊണ്ട് 'സമാധാനത്തിന്റെ വെള്ളരിപ്രാവുകളു'ടെ പ്രതിശ്ചായ തിരികെപ്പിടിക്കാനുള്ളതായിരുന്നു സുധാകരന്റെ അടുത്തശ്രമം. കെഎസ് യുക്കാര്‍ മുന്‍കൈയെടുത്ത് വെട്ടാനും കൊല്ലാനും പോയ ഒരു ചരിത്രം കേരളത്തിലെ ഒരു കലാലയത്തിലും ഉണ്ടായിട്ടില്ലെന്ന് നെഞ്ചത്ത് കൈവെച്ച് പറയാനാകുമെന്നായിരുന്നു സുധാകരന്‍ തട്ടിവിട്ടത്. എസ്എഫ്‌ഐക്കാര്‍ ഉണ്ടാക്കിയ കെഎസ്‌യു രക്തസാക്ഷികളുടെ മണ്‍കൂനകള്‍ കേരളത്തിലുടനീളം കാണാം. മഹാഭൂരിപക്ഷം വരുന്ന രക്തസാക്ഷികള്‍ കെഎസ്‌യുക്കാരാണ്. നൂറുകണക്കിന് കെഎസ്‌യു പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വമാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. അതൊക്കെ പരിശോധിച്ചിട്ട്, കലാലയങ്ങളില്‍ ആരാണ് സമാധാന പ്രിയര്‍ അല്ലെങ്കില്‍ കലാപകാരികള്‍ എന്ന് സമൂഹം വിലയിരുത്തട്ടെയെന്ന പരസ്യ പ്രസ്താവനയോടെ, പൊതുസമൂഹത്തെ ഒരുവേളയെങ്കിലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും സുധാകരന് കഴിഞ്ഞു. കേരളത്തിലെ കാമ്പസുകളില്‍ ഇതുവരെ കൊലപ്പെട്ട വിദ്യാര്‍ഥി നേതാക്കളില്‍ 35 പേര്‍ എസ്എഫ്‌ഐക്കാരാണ്. അതില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി സംഘങ്ങള്‍ പത്തോളം ഇടതുപക്ഷ വിദ്യാര്‍ഥി നേതാക്കളെ കൊന്നൊടുക്കിയിട്ടുണ്ട്. ആ ചരിത്രത്തെയാണ് സുധാകരന്‍ വളച്ചൊടിച്ചത്. 

സിപിഎമ്മുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവര്‍ പോലും പ്രതിയാക്കപ്പെടുന്ന കേസുകളില്‍ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ മറുപടി പറയണമെന്ന് ശഠിക്കുന്നയാളാണ് സുധാകരന്‍. പറ്റുമെങ്കില്‍ കുറ്റത്തിന്റെ ബാധ്യത അവരിലേക്കുകൂടി വെച്ചുകൊടുക്കാന്‍ പരിശ്രമിക്കുന്നതും അദ്ദേഹത്തിന്റെ ശീലമാണ്. ഇവിടെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എസ്എഫ്‌ഐക്കാരനായ ധീരജിനെ കുത്തിക്കൊന്നതെന്ന വസ്തുത അംഗീകരിക്കാനോ അതിനെ തള്ളിപ്പറയാനേ സുധാകരന്‍ തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയം.