'ബിഷപ്പ് സ്വീകരിച്ചത് ഭീകരവാദികള്‍ക്കെതിരായ നിലപാട്; ചെന്നുകൊണ്ടത് സിപിഎമ്മിനും കോണ്‍ഗ്രസിനും'

 
K Surendran

സത്യം പറയുന്നവരെയെല്ലാം സംഘപരിവാര്‍ ആക്കുന്നു


പാലാ ബിഷപ്പ് സ്വീകരിച്ചത് ഭീകരവാദികള്‍ക്കെതിരായ നിലപാടാണെന്നും അത് ചെന്നുകൊണ്ടത് സിപിഎമ്മിനും കോണ്‍ഗ്രസിനുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇരു പാര്‍ട്ടികളും വോട്ടുബാങ്ക് താല്‍പര്യം മുന്‍നിര്‍ത്തി മത ഭീകരവാദശക്തികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഇതു തെളിയിക്കുന്നത്. സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും ഈ അസഹിഷ്ണുത കേരളം കണക്കിലെടുക്കും. സത്യം പറയുന്നവരെയെല്ലാം സംഘപരിവാര്‍ ആക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശതാഭിഷിക്തനാകുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അദ്ദേഹത്തിന്റെ വസതിയിലെത്തി ആശംസകള്‍ നേര്‍ന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. 

നര്‍കോട്ടിക്ക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ലോകം മുഴുവന്‍ മതഭീകരവാദശക്തികളും ലഹരിമാഫിയയും തമ്മിലുള്ള ബന്ധം പകല്‍ പോലെ വ്യക്തമായിട്ടുള്ളതാണ്. അത് കണ്ണുതുറന്ന് കാണാന്‍ പിണറായിക്ക് സാധിക്കില്ലെന്ന് പറഞ്ഞാല്‍, ഭയപ്പെടുകയാണ് ഈ വര്‍ഗീയ ശക്തികളേയും മതഭീകരവാദികളേയും. അതുകൊണ്ട് പാലാ ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുന്ന സിപിഎം, കോണ്‍ഗ്രസ് നിലപാടിനോട് യോജിപ്പില്ല. ബിജെപി അക്കാര്യത്തില്‍ അദ്ദേഹത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. 

കാവാലത്തെ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച്, വിവാഹ വാഗ്ദാനം നല്‍കി, ചൂഷണം ചെയ്തു പിന്നീട് ഭീകരവാദ ശക്തികള്‍ക്ക് വിട്ടു കൊടുക്കുന്ന പതിവ് ശക്തമായിരിക്കുന്നു. ഒരു സംഭവമല്ല, നൂറുകണക്കിന് സംഭവങ്ങളാണുള്ളത്. കഴിഞ്ഞവര്‍ഷം ഇന്ത്യയിലേക്ക് കൊണ്ടുവന്ന കഞ്ചാവിന്റെ 70 ശതമാനവും കേരളത്തിലാണ്. 3000 കോടി വില വരുന്ന ഹെറോയിനും മറ്റു മയക്കുമരുന്നുമാണ് കേരളത്തില്‍നിന്ന് കണ്ടെത്തിയിരിക്കുന്നത്. 3000 കോടി രൂപയുടെ മരുന്ന് കച്ചവടം നടത്താന്‍ ഭീകരവാദ ശക്തികള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുന്നത്? കേരളത്തെ ഭീകരവാദ ശക്തികള്‍ അവരുടെ താവളമാക്കിയിരിക്കുന്നു. ഇതെല്ലാം ചേര്‍ത്താണ് പാലാ ബിഷപ്പ് പറഞ്ഞിരിക്കുന്നത്. ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍, ഇന്നലെ കാവാലത്തെ പെണ്‍കുട്ടി ഉണ്ടായ അനുഭവം ഇതിന്റെയൊരു ഭാഗമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.