ശബരിമലയും കോഴ, കുഴല്‍പ്പണ ആരോപണങ്ങളും; സുരേന്ദ്രന്റെ നേതൃസ്ഥാനം തെറിക്കുമോ?

 
K Surendran

കാലാവധി പൂര്‍ത്തിയാക്കാതെയാണ് കുമ്മനവും ശ്രീധരന്‍ പിള്ളയും പദവി ഒഴിയേണ്ടിവന്നത്


കേരളത്തില്‍ ശബരിമലയിലെ സ്ത്രീപ്രവേശം വിവാദവിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവന്നത് ബിജെപിയാണ്. കോടതി വിധിക്കുമുമ്പ് ആര്‍എസ്എസ് നേതൃത്വവും പല ബിജെപി നേതാക്കളും സ്ത്രീപ്രവേശത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ കോടതി വിധി വന്നതോടെ, നിലപാടുകള്‍ മാറി. വിശ്വാസികള്‍ക്കും ഹിന്ദുക്കളുടെ വികാരങ്ങള്‍ക്കും ഒപ്പമാണ് തങ്ങളെന്ന് ബോധ്യപ്പെടുത്തുന്നതിലായിരുന്നു ബിജെപി നേതാക്കളുടെ ശ്രദ്ധ. വിശ്വാസ സമൂഹത്തിന്റെ വന്‍ വോട്ടുബാങ്കായിരുന്നു അത്തരമൊരു നിലപാട് മാറ്റത്തിനുള്ള പ്രധാന കാരണം. സാധാരണ വിശ്വാസികളെപ്പോലും പ്രീണിപ്പിക്കാനുള്ള ശ്രമങ്ങള്‍ അങ്ങനെയാണുണ്ടാകുന്നത്. ശബരിമല വിഷയം ഉയര്‍ത്തി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്നായിരുന്നു ചിന്ത. ആ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞു. ശബരിമല വിഷയം ബൂമറാങ് പോലെ തിരിച്ചടിച്ചു. കഴിഞ്ഞതവണ വിടര്‍ന്ന താമരയും കൊഴിഞ്ഞുവീണു. ശബരിമല തിരിച്ചടിയായെന്ന വിലയിരുത്തലുകള്‍ ഉണ്ടായി. പിന്നാലെ, നേതാക്കള്‍ മനപൂര്‍വം വിഷയം മറന്നുകളഞ്ഞു. എന്നാല്‍, ശബരിമല വിഷയം വീണ്ടും ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുകയാണ്, അതുപക്ഷേ, ബിജെപി-ആര്‍എസ്എസ് സംഘങ്ങളില്‍ നിന്നാണ്. തെരഞ്ഞെടുപ്പിനു പിന്നാലെ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും കോഴ, കുഴല്‍പ്പണ ആരോപണങ്ങള്‍ക്കും ഒപ്പമാണ് ശബരിമല വീണ്ടും ചര്‍ച്ചയാകുന്നത്. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് സുരേന്ദ്രന്റെ പകരക്കാരനെ കണ്ടെത്താനുള്ള നീക്കം സജീവമായിരിക്കെയാണ് ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പിലെ ശബരിമല
ശബരിമലയിലെത്തുന്ന യുവതികളെ തടയാനെന്ന പേരില്‍ നടത്തിയ അക്രമങ്ങള്‍ക്കു പിന്നിലും രാഷ്ട്രീയ താല്‍പര്യം മാത്രമാണുണ്ടായിരുന്നത്. ഇരുമുടി കെട്ടുമായി ശബരിമല യാത്രയ്‌ക്കൊരുങ്ങിയ കെ സുരേന്ദ്രന്റെ ലക്ഷ്യവും സംഘര്‍ഷവും അതിലൂടെയുള്ള രാഷ്ട്രീയ മുതലെടുപ്പുമായിരുന്നു. പൊലീസ് സ്റ്റേഷനില്‍വെച്ച് ഇരുമുടിക്കെട്ട് താഴെയെറിഞ്ഞും ഷര്‍ട്ട് വലിച്ചുകീറിയും നടത്തിയ നാടകങ്ങള്‍ പക്ഷേ, പൊളിഞ്ഞു. എങ്കിലും തങ്ങളുടെ വാദങ്ങളില്‍നിന്ന് പിന്നോട്ടുപോകാന്‍ നേതാക്കള്‍ തയ്യാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല ബിജെപിയുടെ പ്രധാന പ്രചാരണ ആയുധമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലെത്തി ശരണം വിളിച്ചു. കറുപ്പണിഞ്ഞാണ് പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വോട്ടുതേടിയത്. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് മത്സരിക്കാനെത്തിയ കുമ്മനം രാജശേഖരന്‍ കെട്ടുനിറച്ച് ശബരിമല സന്ദര്‍ശനം നടത്തുകയാണ് ആദ്യം ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് മറികടന്ന് നേതാക്കള്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രചരിപ്പിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ വികാരം ജ്വലിപ്പിച്ച് നേട്ടമുണ്ടാക്കാം എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, നേട്ടമുണ്ടാക്കാന്‍ പറ്റിയില്ലെന്നു മാത്രമല്ല, നിയമസഭയില്‍ കഴിഞ്ഞ തവണ വിരിഞ്ഞ താമരയ്ക്ക് വീണ്ടുമൊന്ന് മൊട്ടിടാനുള്ള അവസരം പോലുമുണ്ടായില്ല. വേരടക്കം ചീഞ്ഞു. ശബരിമല ക്ഷേത്രമുള്‍പ്പെടുന്ന പത്തനംതിട്ട പിടിക്കാന്‍ നിയോഗിക്കപ്പെട്ട കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. ഇതോടെ സുരേന്ദ്രന്റെ പ്രസ്താവനകളും ബിജെപി നിലപാടുകളും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. 

ശബരിമല ഗുണം ചെയ്തില്ലെന്ന് വിലയിരുത്തല്‍
ശബരിമലയുടെ പേരില്‍ നടത്തിയ സകല പ്രചാരണങ്ങളും ഗുണം ചെയ്തില്ലെന്നായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. എല്‍ഡിഎഫ് ജനകീയ വിഷയങ്ങളും സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രചാരണ വിഷയമാക്കിയപ്പോള്‍ ജനകീയ വിഷയങ്ങളില്‍ ശ്രദ്ധിക്കാന്‍ പാര്‍ട്ടിയും നേതാക്കളും മറന്നു. ശബരിമല പോലെയുള്ള മതപരമായ വിഷയങ്ങളല്ല പാര്‍ട്ടി ഏറ്റെടുക്കേണ്ടത്. ജനകീയ വിഷയങ്ങളാണ് ഏറ്റെടുക്കേണ്ടത്. തീവ്ര ഹിന്ദു നിലപാടിലേക്കുള്ള മാറ്റം പാര്‍ട്ടിക്ക് ഗുണകരമല്ല. ബിഡിജെഎസ് ഒപ്പമുണ്ടായിട്ടും പ്രതീക്ഷിച്ചത്ര ഈഴവ വോട്ടുകള്‍ പോലും ലഭിച്ചില്ല. വിശ്വാസത്തിന്റെ പേരുപറഞ്ഞ് നടത്തിയ സമരങ്ങളില്‍ നായര്‍ വോട്ടുകളും ലഭിച്ചില്ലെന്നും വിലയിരുത്തലുണ്ടായി. പരസ്യമായി ഇതൊക്കെ സമ്മതിക്കുന്നില്ലെങ്കിലും പല നേതാക്കളും ഇതൊക്കെ അംഗീകരിക്കുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയുടെ പ്രവര്‍ത്തനം മാറണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കെ സുരേന്ദ്രന്റെ നിലപാടുകളും പ്രസ്താവനകളുമൊക്കെ ചോദ്യം ചെയ്യപ്പെട്ടു. രണ്ട് മണ്ഡലങ്ങളിലെ മത്സരവും ഹെലികോപ്ടറും 35 സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന പ്രസ്താവനയുമെല്ലാം തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടായി. തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പ്രകടമായ, പാര്‍ട്ടിക്കുള്ളിലെ പോരും പിണക്കവുമൊക്കെ സുരേന്ദ്രനെതിരായ ആയുധങ്ങളുടെ മൂര്‍ച്ച കൂട്ടി.

ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞതിനുള്ള ശിക്ഷ
പേര് പരാമര്‍ശിച്ചില്ലെങ്കിലും സുരേന്ദ്രനെതിരെ കടുത്ത വിമര്‍ശനമാണ് സംഘപരിവാര്‍ സഹയാത്രികനും നടനുമായ എം സന്തോഷ് ഉയര്‍ത്തിയത്. ശബരിമല വിവാദ കാലത്ത് ഹിന്ദുവിനെ ഉദ്ധരിക്കാന്‍ കുറേ നേതാക്കളെത്തി. പരിപാവനമായ ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് എടുത്തെറിഞ്ഞു. ഓരോരുത്തര്‍ക്കും കൊടുക്കേണ്ട ശിക്ഷ ഭഗവാന്‍ തന്നെയാണ് കൊടുത്തിട്ടുള്ളത്. ഓരോരുത്തരും അനുഭവിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. ഹിന്ദു സംഘടനയുടെ തലപ്പത്ത് ഓരോ നേതാക്കള്‍ വരും. അവരെല്ലാം ഓരോ ദിവസവും ദൈവങ്ങളായി മാറുകയാണ്. നമുക്ക് സംഘടനയില്‍ മനുഷ്യദൈവങ്ങളുടെ ആവശ്യമില്ല. ലീഡറെയാണ് വേണ്ടത്. ഹിന്ദു ചിന്തിക്കുന്നവനാണ്. മുകളില്‍നിന്ന് ഒരാള്‍ മൂളിക്കൊടുത്താന്‍ റാന്‍ മൂളുന്നവരല്ല ഹിന്ദുവെന്നും തൃശൂരില്‍ തുവ്വൂര്‍ രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഹിന്ദുധര്‍മ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സന്തോഷ് പറഞ്ഞു.

കുഴല്‍പ്പണം, കോഴ ആരോപണങ്ങള്‍, ബിജെപി ദുര്‍ബലമായി
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ആരോപണങ്ങളും കേസുകളുമാണ് സുരേന്ദ്രന്‍ നേരിടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരില്‍ കുഴല്‍പ്പണം കടത്തിയെന്നതാണ് അതിലൊന്ന്. അന്വേഷണം തുടരുമ്പോള്‍, ആരോപണങ്ങളെ വേണ്ടവിധം പ്രതിരോധിക്കാന്‍ പോലും സുരേന്ദ്രന് കഴിഞ്ഞിട്ടില്ല. വയനാടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ ജാനുവിന് പണം നല്‍കിയെന്നതാണ് അടുത്ത കേസ്. ശബ്ദരേഖ ഉള്‍പ്പെടെ പുറത്തുവന്ന വിഷയത്തില്‍ അന്വേഷണം തുടരുകയാണ്. മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറാന്‍ മൊബൈല്‍ ഫോണും പൈസയും മറ്റു വാഗ്ദാനങ്ങളും നല്‍കിയെന്ന ആരോപണത്തില്‍ കേസ് നടക്കുകയാണ്. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്നും മാറി നില്‍ക്കണമെന്നാണ് മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര തീരുമാനം ഉടനുണ്ടാകണം. ഒരു പ്രസ്താവന നല്‍കാന്‍ പോലും കരുത്തില്ലാതെ ബിജെപി ദുര്‍ബലമായി മാറി. പ്രവര്‍ത്തകര്‍ നിരാശരും നിഷ്‌ക്രിയരുമായി. കഴിവ് തെളിയിച്ച ഒരാളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നുമാണ് മുകുന്ദന്‍ അഭിപ്രായപ്പെട്ടത്. 

ധാര്‍മ്മിക ബോധം തിരിച്ചെടുക്കാന്‍, ദീനദയാലിനെ ഓര്‍ക്കാം
ദീനദയാല്‍ ഉപാധ്യായിയെ അനുസ്മരിച്ചുകൊണ്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് തൊടുത്തുവിടുന്ന വിമര്‍ശനവും സുരേന്ദ്രനു നേരെയാണ്. ആദര്‍ശത്തിന്റെ ആള്‍രൂപമായിരുന്ന ദീനദയാലിന്റെ ജീവിതം ഏതൊരു പൊതുപ്രവര്‍ത്തകനും മാതൃകയാണ്. 1942ല്‍ ലഖിംപൂര്‍ ജില്ലാ പ്രചാരകനായി സംഘടനാ പ്രവര്‍ത്തനം തുടങ്ങി. 1951ല്‍ ഉത്തര്‍പ്രദേശ് സഹ പ്രാന്തപ്രചാരക് ആയി. ആ കാലയളവില്‍ പാഞ്ചജന്യ, സന്ദേശ് എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ശ്യാമപ്രസാദ് മുഖര്‍ജി ഒരു ദേശീയ കക്ഷി ആരംഭിക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ആ യത്‌നത്തിലേക്ക് ദീനദയാല്‍, വാജ്‌പേയി തുടങ്ങിയ ചിലരെ സംഘം നിയോഗിച്ചു. തന്നെ നിയോഗിച്ച പ്രവര്‍ത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംഷിക്കാതെ അദ്ദേഹം പ്രവര്‍ത്തിച്ചു. അധികാരത്തിന്റെ സുഖശീതളിമയില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മറന്നുപോകുന്ന ധാര്‍മ്മിക ബോധം തിരിച്ചെടുക്കാന്‍, ദീനദയാലിനെ ഓര്‍ക്കുന്നതിലൂടെ സാധിക്കും. സംഘടനയും അതിന്റെ ആദര്‍ശവും മറ്റെന്തിനേക്കാളും മുറുകെ പിടിക്കാന്‍ നാം ബാധ്യസ്ഥരാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ രമേശ് കുറിച്ചിരിക്കുന്നു. മറ്റു പരാമര്‍ശങ്ങളില്ലെങ്കിലും വിമര്‍ശനങ്ങള്‍ ആരുടെനേര്‍ക്കാണെന്ന് അറിയാന്‍ പരസഹായം തേടേണ്ടതില്ല.

തോല്‍വിക്കു പിന്നാലെ നേതൃമാറ്റം; ബിജെപിയുടെ രീതി 
തെരഞ്ഞെടുപ്പ് തോല്‍വികളെ കുറച്ചുകാണുന്ന ശീലം ബിജെപി ഉപേക്ഷിച്ചിട്ട് നാളുകളായി. തോറ്റാലും പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെങ്കിലും നേതൃമാറ്റം ഉറപ്പാണ്. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നാല് സീറ്റ് നേട്ടമാണുണ്ടാക്കിയത്. പക്ഷേ, അതില്‍ ദേശീയ നേതൃത്വം തൃപ്തരായിരുന്നില്ല. സംസ്ഥാന പ്രസിഡന്റായിരുന്ന എല്‍. മുരുകന് കേന്ദ്രമന്ത്രി സ്ഥാനം നല്‍കി പകരം മുന്‍ ഐപിഎസ് ഓഫിസര്‍ കെ. അണ്ണാമലെയെ പാര്‍ട്ടിയുടെ ചുമതലയേല്‍പ്പിച്ചു. ബംഗാളിലും സമാനമായിരുന്നു സ്ഥിതി. ബംഗാള്‍ ഘടകം പ്രസിഡന്റ് ദിലീപ് ഘോഷിന് പദവി ഒഴിയേണ്ടിവന്നു. കേരളത്തിലാകട്ടെ കഴിഞ്ഞ തവണത്തെ ഒരു സീറ്റ് നിലനിര്‍ത്തിയില്ലെന്നു മാത്രമല്ല, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ പങ്കെടുത്ത കോടികള്‍ ചെലവിട്ട പ്രചാരണവും ഏശിയില്ല. 35 സീറ്റ് കിട്ടിയാല്‍ ഭരണമെന്ന് പറഞ്ഞവര്‍ക്ക് രണ്ട് ശതമാനം വോട്ടും കുറഞ്ഞു. തെരഞ്ഞെടുപ്പിനു പിന്നാലെ, കുഴല്‍പ്പണം, കോഴ കേസുകളും. ബിജെപി ദേശീയ നേതൃത്വം ഒരു സംസ്ഥാനത്തുനിന്നും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്ത വിവാദങ്ങളും നാണക്കേടുകളും കേരളത്തില്‍ നിന്നുണ്ടായി. അതിനാല്‍, കേരളത്തെയും സുരേന്ദ്രനെയും കാത്തിരിക്കുന്ന വിധിയും മറ്റൊന്നാകില്ല. 

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ബിജെപി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണറായുള്ള നിയമനമെത്തുന്നത്. പിന്നാലെ പി.എസ് ശ്രീധരന്‍പിള്ള അധ്യക്ഷ സ്ഥാനത്തേക്ക് വന്നു. കുമ്മനത്തിന് സംഭവിച്ചതു തന്നെ ശ്രീധരന്‍പിള്ളക്കും സംഭവിച്ചു. സംസ്ഥാന അധ്യക്ഷന്റെ കാലാവധി മൂന്ന് വര്‍ഷമാണെങ്കിലും രണ്ട് വര്‍ഷം പോലും പൂര്‍ത്തിയാക്കാതെയാണ് ഇരുവരും പുതിയ ചുമതലകളിലേക്ക് പോയത്. അതുതന്നെയാകും അധ്യക്ഷ സ്ഥാനത്ത് രണ്ടു വര്‍ഷമാകുന്ന സുരേന്ദ്രന്റെ കാര്യത്തിലും സംഭവിക്കാന്‍ സാധ്യത. അതേസമയം, ആരായിരിക്കും പുതിയ അധ്യക്ഷനെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സംസ്ഥാനമെങ്ങും നിറഞ്ഞുനില്‍ക്കുന്ന സുരേഷ് ഗോപി എം.പിയുടെ പേരാണ് ആദ്യം ഉയര്‍ന്നുകേട്ടത്. എന്നാല്‍, ഇക്കാര്യം അദ്ദേഹം നിഷേധിച്ചിരുന്നു. എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, ഹിന്ദു ഐക്യവേദി പ്രസിഡന്റ് വല്‍സന്‍ തില്ലങ്കേരി എന്നിങ്ങനെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.