'കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യം; കെ സുധാകരന് പ്രത്യേക അജണ്ട'

 
k v thomas

കെ.പി.സി.സി നേതൃത്വത്തിന്റെ ലക്ഷ്യം തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയാണെന്ന് കെ.വി.തോമസ്. കോണ്‍ഗ്രസിനെ ബലഹീനമാക്കാനാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ശ്രമം. ഖദര്‍ ഇട്ടാല്‍ മാത്രം കോണ്‍ഗ്രസ് ആകില്ല. ഇങ്ങനെയൊരു നേതൃത്വം കേരളത്തില്‍ വേണോ എന്ന് ആലോചിക്കണമെന്നും കെ വി തോമസ് പ്രതികരിച്ചു. 

തന്നെ പുറത്താക്കുകയെന്നത് 2018 ല്‍ തുടങ്ങിയ ശ്രമങ്ങളാണ്. തനിക്കെതിരെ പരാതി ഉന്നയിച്ച കെ സുധാകരന് പ്രത്യേക അജണ്ടയുണ്ടന്നു കാണിച്ച് നോട്ടീസിനു മറുപടി നല്‍കുമെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നില്ലെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറിയിച്ച ശേഷമാണ് തന്നെ പുറത്താക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം നല്‍കിയതെന്നും കെ വി തോമസ് പ്രതികരിച്ചിരുന്നു. 

പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നേടിയത് താന്‍ മാത്രമല്ല. തന്നെക്കാള്‍ പ്രായമുള്ളര്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇപ്പോഴുമുണ്ട്.  സ്ഥാനമാനങ്ങള്‍ തന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെയും കെ.സുധാകരന്റെയും സാമ്പത്തികം അന്വേഷിക്കണം. 2024ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്കാകില്ലെന്നും  കെ.വി. തോമസ് മാധ്യമങ്ങളോടു പറഞ്ഞു. 

''ഞാന്‍ കോണ്‍ഗ്രസ് വിടില്ലെന്നു തീര്‍ത്തു പറഞ്ഞിട്ടുണ്ട്. എ.കെ.ആന്റണി അധ്യക്ഷനായ എഐസിസി അച്ചടക്ക സമിതി എന്റെ കാര്യത്തില്‍ നീതിയുക്തമായി മാത്രമേ തീരുമാനമെടുക്കൂ'' കെ.വി.തോമസ് പറഞ്ഞു. ഇന്നു നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്കു തന്നെ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു