കൊച്ചി ലഹരിമരുന്ന് കേസ്: എക്‌സൈസ് വിട്ടയച്ച യുവതി അറസ്റ്റില്‍; എംഡിഎംഎ എത്തിച്ചത് ത്വയ്ബയുടെ സംഘം

 
d


കാക്കനാട്ടെ ഫ്ളാറ്റില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ നേരത്തെ വിട്ടയച്ച യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിചേര്‍ക്കാതെ ഒഴിവാക്കിയ തിരുവല്ല സ്വദേശിയായ ത്വയ്ബയെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ പത്തു മണി മുതൽ എക്സൈസ് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. 

ചെന്നൈയില്‍നിന്ന് എം.ഡി.എം.എ. ലഹരിമരുന്ന് എത്തിച്ച സംഘത്തില്‍ ത്വയ്ബയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നായ്ക്കള്‍ക്ക് നല്‍കുന്ന തീറ്റയുടെ കവറില്‍ ഒളിപ്പിച്ചാണ് ഇവര്‍ ലഹരിമരുന്ന് കടത്തിയിരുന്നത്. റെയ്ഡിനിടെ ലഹരിമരുന്ന് ഒളിപ്പിക്കാന്‍ ത്വയ്ബയും നേരത്തെ പിടിയിലായ ശബ്‌നയും ശ്രമിച്ചിരുന്നതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു.

വാഹനത്തില്‍ മറ്റു പ്രതികള്‍ക്കൊപ്പം ഇവര്‍ യാത്ര ചെയ്തതിന്റെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. നേരത്തേ പിടിയിലായ മറ്റു പ്രതികള്‍ ലഹരിക്കടത്തില്‍ ഇവരുടെ പങ്ക് വ്യക്തമാക്കി. ഇതോടെ ത്വയ്ബയെയും മറ്റു പ്രതികളെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഇവര്‍ ലഹരിക്കടത്തിലെ മുഖ്യകണ്ണിയാണെന്നു സമ്മതിച്ചതും അറസ്റ്റു രേഖപ്പെടുത്തിയതും.

മറ്റു പ്രതികൾക്കൊപ്പം ഇവരെ പ്രതിചേർക്കാതെ വിട്ടയച്ചത് വിവാദമായതോടെ രാവിലെ കസ്റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും, ലഹരി കടത്തലിന് അകമ്പടിയായി ഉപയോഗിച്ചിരുന്ന നായ്ക്കളെ കൊണ്ടുപോയ സ്ത്രീയെയും ചോദ്യം ചെയ്യുന്നുണ്ട്. 

ഓഗസ്റ്റ് 19-നാണ് കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്ന് എം.ഡി.എം.എ. ലഹരിമരുന്ന് പിടിച്ചെടുത്തത്. കേസില്‍ ആദ്യം ഏഴ് പ്രതികളെ പിടികൂടിയെന്നായിരുന്നു എക്‌സൈസിന്റെ വിശദീകരണം. എന്നാല്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഒരു യുവതിയെയും യുവാവിനെയും പ്രതി പട്ടികയില്‍നിന്ന് ഒഴിവാക്കി. കേസിന്റെ മഹസര്‍ തയ്യാറാക്കിയതിലും പൊരുത്തക്കേടുകളുണ്ടായി. ഇതോടെയാണ് ലഹരിമരുന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ശക്തമായത്. തുടര്‍ന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.